എച്ച്ഐവി ഭയം: തടാകം വറ്റിക്കാൻ ഗ്രാമവാസികൾ

എച്ച്ഐവി ബാധിച്ചെന്നു സംശയിക്കുന്ന യുവതിയുടെ മൃതദേഹം പൊങ്ങിയതിനെ തുടർന്നു ഗ്രാമവാസികൾ പതിനയ്യായിരത്തോളം പേരുടെ ഏകജലസ്രോതസ്സായ തടാകം വറ്റിക്കുന്നു. കർണാടക ധാർവാഡ് മൊറാബ് ഗ്രാമത്തിലെ ജനങ്ങളാണ്, എച്ച്ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടും 32 ഏക്കർ തകടാകം വറ്റിക്കാൻ ശ്രമിക്കുന്നത്.

തടാകത്തിനു സമീപം വസിക്കുന്ന യുവതിയെ 28നാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം മൽസ്യം ഭക്ഷിച്ച നിലയിലായിരുന്നു. ക്ലോറിനേഷൻ നടത്താമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ജനം വഴങ്ങിയില്ല. 

പമ്പ് ചെയ്തുനീക്കുന്ന വെള്ളം സമീപത്തെ സർക്കാർ സ്കൂളിൽ കയറി ക്ലാസ്സ് മുടങ്ങിയിട്ടും നിർത്തിയില്ല. എച്ച്ഐവി ബാധിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാർ ഒറ്റപ്പെടുത്തിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതാകാമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, പുണെയിൽ എച്ച്ഐവി പോസിറ്റീവെന്നു കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷം മുൻപ് പിരിച്ചുവിട്ട ജീവനക്കാരിയെ ഇത്രയും കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകി തിരിച്ചെടുക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കു ലേബർ കോടതി നിർദ്ദേശം നൽകി. ലോകം മുഴുവൻ മരുന്നു വിതരണം ചെയ്യുന്ന കമ്പനി ഇത്രയും തെറ്റിദ്ധാരണ പുലർത്തുന്നത് പരിഹാസ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.