ബ്രേക്ക് ഫാസ്റ്റായി മുസ്‌ലി വരുന്നു

പുതിയ ഭക്ഷണ സംസ്കാരത്തിൽ ഗ്രനോളയുടെയും കോൺഫ്ലേക്സിന്റെയും രൂപത്തിൽ ബ്രേക്ഫാസ്റ്റ് നമ്മുടെ മുമ്പിൽ എത്തിക്കഴിഞ്ഞു. ഈ ഗണത്തിൽ ഇതാ മുസ്‌ലി എന്ന പേരും ശ്രദ്ധ നേടിയിരിക്കുകയാണ്. സ്വിറ്റ്സർലണ്ടിൽ രൂപമെടുത്ത മുസ്‌ലി എന്ന പ്രഭാത ഭക്ഷണം ഇന്ത്യയിൽ പ്രചാരത്തിലായിട്ട് ഏറെ നാളുകളായില്ല.

മുസ്‌ലി എന്ന സമീകൃതാഹാരം

നഗരങ്ങളിൽ താമസിക്കുന്ന വളരെ തിരക്കുള്ള പ്രഫഷണലുകൾ ആണ് മുസ്‌ലിയുടെ പ്രധാന ആരാധകർ. സമയത്തിനു പൊന്നും വിലയുളള ഇവർക്ക് പ്രഭാതഭക്ഷണം തയാറാക്കാൻ സമയമെവിടെ? ശരീരത്തിനാവശ്യമായ കാലറി, പ്രോട്ടീൻ, വൈറ്റമിൻ, മിനറലുകൾ, നാരുകൾ നല്ല കൊളസ്ട്രോൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മുസ്‌ലി സമീകൃതാഹാരമാണ്.

മുസ്‌ലിയുടെ പ്രധാന ചേരുവകളെയും പോഷകഗുണങ്ങളെയും പരിചയപ്പെടാം.

1. ഓട്സ് – അന്നജം, നാരുകൾ, മിനറലുകൾ, വൈറ്റമിൻ

2. വീറ്റ് ഫ്ലേക്സ് (wheat flakes) (ഗോതമ്പു തൊലി) – നാരുകൾ കൂടുതൽ, അന്നജം വളരെ കുറവ്

3. ഡ്രൈഫ്രൂട്ട്സ് – നല്ല പ്രോട്ടീൻ, നല്ല കൊളസ്ര്ടോൾ, ധാതുക്കൾ 

4. ഡ്രൈ നട്സ് –  നല്ല പ്രോട്ടീൻ, നല്ല കൊളസ്ട്രോള്‍, ധാതുക്കൾ 

5. പഞ്ചസാര അല്ലെങ്കിൽ തേൻ – അന്നജം

മുസ്‌ലി ഇപ്പോൾ പല തരത്തിൽ വിപണികളിൽ ലഭ്യമാണ്.

∙ ഗ്ലൂട്ടൻ ഫ്രീ മുസ്‌ലി

∙ ടോസ്റ്റ് ചെയ്യാതെ  തയാറാക്കുന്ന മുസ്‌ലി

∙ ടോസ്റ്റ് ചെയ്തത് (മൂപ്പിച്ചെടുത്തത്)

മുസ്‌ലി മികച്ചതോ?

മറ്റു ബ്രേക്ഫാസ്റ്റിനേക്കാള്‍ മുസ്‌ലി മികച്ചതാണോ? ഇങ്ങനെയൊരു സംശയം സ്വാഭാവികമാണ്.

1. മുസ്‌ലിയിൽ നാരുകൾ കൂടുതലുണ്ട്. ആന്റി ഒാക്സി‍ഡന്റുകളും ധാരാളമാണ്. മുസ്‌ലി ഒമേഗാ 3 ഫാറ്റി ആസിഡിനാൽ സമൃദ്ധമാണ്. എന്നാൽ പാൽ ചേർക്കുമ്പോൾ കാൽസ്യവും പ്രോട്ടീനും കൂടുന്നു. അതു മാത്രമല്ല, മുസ്‌ലിയെ അനാരോഗ്യകരമാക്കുന്നത് ഇതില‍ടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവാണ്. അങ്ങനെ അധിക കാലറി ശരീരത്തിൽ കൂടുന്നു. 

മുസ്‌ലിയെ ആരോഗ്യകരമാക്കാൻ ചില മാർഗ്ഗങ്ങളുണ്ട്

∙ വറുത്തു കഴിക്കാതിരിക്കുക

∙ ഒരു നേരം കഴിക്കുന്ന അളവ് 1/3 കപ്പ് ആയിരിക്കണം

∙ ഒരു നേരം കഴിക്കുമ്പോൾ മുസ്‌ലിയിലുള്ള കാർബോഹൈഡ്രേറ്റ് അളവ് 20 ഗ്രാമിൽ താഴെയായിരിക്കണം.

∙ പൂരിതകൊഴുപ്പ് 3 ഗ്രാമിൽ താഴെ (Less than 3gms of saturated fat/100gm) 

∙ കൂടുതൽ വീറ്റ് ഫ്ലേക്സ് അടങ്ങിയിരിക്കണം

∙ പരിമിതമായി  ഡ്രൈ ഫ്രൂട്ട് ചേർക്കുക(low glycemic index)

∙ ഡ്രൈനട്ട് ആയി ബദാമും വാൽനട്സും മാത്രം ഉപയോഗിക്കുക

വീട്ടിൽ തയാറാക്കാം

വീട്ടിൽ തയാറാക്കാവുന്ന ആരോഗ്യകരമായ മുസ്‌ലി വിഭവം ഇതാ

1. ഓട്സ് – ഒരു കപ്പ്

2. ബദാം മിക്സിയിൽ ചെറുതായി പൊടിച്ചത് – കാൽ കപ്പ്

3. സൺഫ്ലവർ സീഡ്സ്(ചെറുതായി പൊടിച്ചത്) – കാൽ കപ്പ്

4. വീറ്റ് ഗ്രാസ് പൗഡർ(ഗോതമ്പിന്റെ മുള ഉണക്കിപ്പൊടിച്ചത് – കാൽ കപ്പ്

5. കൂവരക് പൊടി – കാൽ കപ്പ്

6. കറുവപ്പട്ട പൊടിച്ചത് – രണ്ടു ടീസ്പൂണ്‍

7. കരുപ്പെട്ടി പൊടിച്ചത് –  നാലു ടേബിൾസ്പൂൺ(60 ഗ്രാം)

ചേരുവകൾ ഒന്നിച്ചാക്കി ടിന്നിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഏകദേശം രണ്ടു കപ്പുണ്ടാകും. ഒരു നേരം രണ്ടു ടേബിൾസ്പൂണ്‍ (30 ഗ്രാം) എടുത്താൽ മതിയാകും

തയാറാക്കുന്ന വിധം

∙ വെള്ളം തിളപ്പിച്ചു രണ്ടു ടേബിൾ സ്പൂൺ മുസ്‌ലിയിട്ട് വെന്തശേഷം 10ഗ്രാം തേങ്ങ  ചെറിയ കഷണങ്ങളാക്കിയതും അൽപം എള്ളും (5 ഗ്രാം) ചേർത്തു ചൂടോടെ കഴിക്കുക.

∙ തേങ്ങയ്ക്കു പകരം മുസ്‌ലി തിളച്ചുവരുമ്പോൾ കാരറ്റ് ഗ്രേറ്റ് ചെയ്തതും മുരിങ്ങയിലയും ചേർത്ത് കാലറി മൂല്യം കുറച്ചു കഴിക്കാം.

∙ വീട്ടിൽ തയാറാക്കുന്ന  മുസ്‌ലിയിൽ കാലറി മൂല്യം കുറവും നാരുകൾ, നല്ല കൊളസ്ട്രോൾ, നല്ല പ്രോട്ടീൻ, വൈറ്റമിൻ എ, ബി, ‍ഡി ഇ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ കൂടുതലുമാണ്.

പാചകം ചെയ്യുമ്പോൾ മുരിങ്ങയിലയുടെയും കാരറ്റിന്റെയും എള്ളിന്റെയും ഗുണങ്ങളും കൂടി സമൃദ്ധമായി ലഭ്യമാകും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമിതാണ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒാട്സ് ചേർത്ത ഉൽപന്നം കൊടുക്കേണ്ടതില്ല. കാരണം അവരുടെ ദഹനേന്ദ്രിയം നാരുകളെ നന്നായി ദഹിപ്പിക്കാൻ പാകത്തിൽ വളർന്നിരിക്കാൻ സാധ്യത കുറവാണ്.

എന്നാൽ അമിതവണ്ണം പാരമ്പര്യമായി ഉള്ള 10 വയസ്സിനു മുകളിലുളള കുട്ടികൾക്കു പരിമിതമായി അരിയാഹാരത്തിനു പകരമായി ഒരു നേരം ഓട്സ് ചേർന്ന വിഭവങ്ങൾ കൊടുക്കാവുന്നതാണ്.

മുസ്‌ലി എന്ന പോഷകക്കലവറ

ഒരു കപ്പ് (140 ഗ്രാം) മുസ്‌ലിയുടെ പോഷക മൂല്യം താഴെ ചേർക്കുന്നു.

കാലറി
289
നല്ല കൊളസസ്ട്രോൾ
2.03 ഗ്രാം
സോഡിയം
196 mgm
പൊട്ടാസ്യം
413 mgm
നാരുകള്‍
6.2 gm
പ്രോട്ടീൻ
8.24 gm
വൈറ്റമിൻ എ
9%
അയൺ
41%

ഡോ. ലളിതാ അപ്പുക്കുട്ടൻ

ഹെഡ്. നാച്യുറോപ്പതി ആൻഡ് ഡയറ്റ് നാച്യുറൽസ് വിഭാഗം നിംസ് മെഡ‍ിസിറ്റി, നെയ്യാറ്റിൻകര