ഇനി ശീലമാക്കാം ഗ്രീൻ ബ്രേക്ക്ഫാസ്റ്റ്

എല്ലാദിവസവും നിങ്ങൾ എന്താണ് പ്രഭാതഭക്ഷണമായി കഴിക്കാറുള്ളത്? ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, അപ്പം... തീർന്നോ ലിസ്റ്റ്. സ്ഥിരമായി ഇതൊക്കെത്തന്നെ മാറിമാറിക്കഴിച്ചു മടുത്തെങ്കിൽ ബ്രേക്ക്ഫാസ്റ്റ് കൂടുതൽ വ്യത്യസ്തവും പോഷകസമ്പന്നവുമാക്കാനുള്ള വഴികൾ പറഞ്ഞുതരാം. പ്രഭാതഭക്ഷണത്തിൽ അത്യാവശ്യം ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങൾ ചേർത്ത് ഗ്രീൻ ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് ആരോഗ്യഗവേഷകർ.  

1. ഒരു ചപ്പാത്തി അല്ലെങ്കിൽ ദോശ. അതിന്റെ കൂടെ കറിയായി പച്ചക്കറി സ്റ്റ്യൂ തിരഞ്ഞെടുക്കാം

2. ഏതെങ്കിലും രണ്ട് പഴവർഗങ്ങൾ. ഉദാഹരണത്തിന് ഏത്തപ്പഴം പുഴുങ്ങിയതോ രണ്ടു കഷ്ണം ആപ്പിളോ പപ്പായയോ അങ്ങനെയെന്തെങ്കിലും സ്ഥിരമായി കഴിക്കണം

3. പച്ചക്കറി സ്റ്റ്യൂവിനു പുറമേ പച്ചക്കറികൾ പച്ചയായി തന്നെ കഴിക്കണം. അതിനായി തക്കാളി, കാപ്സിക്കം, വെള്ളരി, സവാള എന്നിവ വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് ഗ്രീൻ സാലഡ് തയാറാക്കാം

4. നട്സ്– തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്തിയ ബദാം നാലഞ്ചെണ്ണം. അല്ലെങ്കിൽ കശുവണ്ടിയോ കപ്പലണ്ടിയോ അങ്ങനെയെന്തെങ്കിലും

5. കുടിക്കാൻ അധികം പാൽ ചേർക്കാത്ത ചായ, അല്ലെങ്കിൽ പാലുംവെള്ളം

6. തലേദിവസം വെള്ളത്തിൽ കുതിർത്തുവച്ചു മുളപ്പിച്ച ചെറുപയർ രണ്ട് ടീസ്പൂൺ

ഇത്രയും വിഭവങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം ക്രമീകരിച്ചുനോക്കൂ. രാവിലെ എഴുന്നേറ്റ് ഇടിയപ്പവും ചിക്കൻകറിയും മറ്റും തയാറാക്കുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാക്കാം, ഭക്ഷണം കൂടുതൽ പോഷകസമ്പന്നവുമാക്കാം. സാലഡും പഴവർഗങ്ങളും പച്ചക്കറിയും ചെറുപയറുമൊക്കെ തലേന്നു കിടക്കും മുൻപേ തയാറാക്കി വയ്ക്കാം. പ്രഭാതഭക്ഷണം എളുപ്പത്തിൽ കഴിക്കുകയും ചെയ്യാം. മിച്ചം വരുന്നത് കുട്ടികൾക്ക് ഉച്ചയൂണിനൊപ്പം കൊടുത്തുവിടുകയുമാവാം.  

Read more : Healthy Food