ജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ?

ഒരേ സമയം രോഗങ്ങൾക്കുള്ള ഔഷധമായും ഭക്ഷണത്തിനുള്ള സുഗന്ധ മസാലയായും ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ജീരകച്ചെടിയുടെ വിത്താണ് ഔഷധത്തിനായും സുഗന്ധമസാലയായും ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പല ഘടകങ്ങളും ജീരകത്തിലുണ്ട്. 86% കാർബോഹൈഡ്രേറ്റ്, 12% നാര്, വിറ്റാമിൻ എ, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയവയാൽ സമ്പന്നമാണ് ജീരകം. ജീരകം കൊണ്ട് പല ഔഷധ പ്രയോഗങ്ങളും നമ്മൾ പാരമ്പര്യമായി നടത്താറുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതൊക്കെ ഏതാണെന്ന് നോക്കാം.

∙ ആസ്മയെ നിയന്ത്രിക്കുവാൻ ജീരകം നല്ലതാണ്. ജീരകം, കസ്തൂരി മഞ്ഞൾ, കൊട്ടം, കുറുന്തോട്ടി വേര് എന്നിവ സമാസമമെടുത്ത് കഷായമാക്കി കുടിച്ചാൽ ആസ്മയ്ക്ക് ശമനമുണ്ടാകും.

∙ ഗര്‍ഭിണികളുടെ ഛർദ്ദി നിയന്ത്രിക്കുവാന്‍ നാരങ്ങാ നീരിൽ ജീരകപ്പൊടിയും പഞ്ചസാരയും ചേർത്ത് നൽകുന്നത് ഫലം ചെയ്യും.

∙ അതിസാരത്തിന് ജീരകം നല്ല ഔഷധമാണ്. അതിസാരമുണ്ടാകുന്ന പക്ഷം തൈരിൽ ജീരകം പൊടിച്ചു ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

∙ സാധാരണയുണ്ടാകാവുന്ന ഛർദ്ദി ശമിക്കുന്നതിന് നാല് ഗ്രാം ജീരകം, രണ്ടുഗ്രാം ഏലത്തരി എന്നിവ ഇരുന്നൂറ് മില്ലി ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നാക്കി കഷായമാക്കുക. അതിൽ നിന്നും ഇരുപത്തി അഞ്ച് മില്ലി ലിറ്റർ വീതം നിത്യേന രണ്ടു നേരം കുടിക്കുക. സാധാരണയായി ഉണ്ടാകാറുള്ള ഛർദ്ദി ശമിക്കും.

∙ വറുത്തുപൊടിച്ച ജീരകം കൽകണ്ടുമായോ തേനുമായോ ചേർത്തു കഴിച്ചാൽ ഇക്കിളിക്ക് ശമനമുണ്ടാകും.

ജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ

∙ വാതം, പിത്തം എന്നീ ദോഷങ്ങളെ നിയന്ത്രിക്കും.

∙ ശുക്ല വർധനവിന് ജീരകം സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും.

∙ മുലപ്പാൽ വർധിപ്പിക്കുന്നതിന് ജീരകം നല്ലതാണ്.

∙ അതിസാരം, ഛർദ്ദി എന്നിവയിൽ നിന്നും സംരക്ഷണം നൽകും.

∙ നേത്രരോഗങ്ങളെ തടഞ്ഞു നിർത്തും.

സമൂലം ഔഷധ ഗുണമുള്ള ഒരു സസ്യമായാണ് ജീരകത്തെ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജീരകത്തിന് ഔഷധത്തിലും ഭക്ഷണത്തിലും പ്രമുഖ സ്ഥാനം നൽകുന്നത്.