കുട്ടികൾക്കു നൽകാം ബ്രെയിൻ ഡയറ്റ്

കുട്ടികൾക്കു ഭക്ഷണം നൽകുമ്പോൾ ശരീരവളർച്ച മാത്രമാകരുത് ലക്ഷ്യം. അവരുടെ ബുദ്ധിവളർച്ച ഉറപ്പാക്കേണ്ടതും അമ്മമാരുടെ കടമയാണ്. എന്നാൽ ഏതൊക്കെ ഭക്ഷണമാണ് കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്ക്കായി നൽകേണ്ടത് എന്നതിനെക്കുറിച്ച് മിക്ക അമ്മമാർക്കും ധാരണയില്ല. അവരോട് ഡോക്ടർമാർ നിർദേശിക്കുന്ന ചില ഭക്ഷണങ്ങൾ ചുവടെ;

∙ധാന്യങ്ങൾ– കുട്ടികൾക്കു നൂഡിൽസും ബ്രെഡും മറ്റു ബേക്കറി വിഭവങ്ങളും നൽകുന്നതിനു പകരം ധാന്യങ്ങൾകൊണ്ട് പാകം ചെയ്ത ഭക്ഷണം ഉറപ്പാക്കുക. അരി മാത്രമല്ല ഗോതമ്പും ചോളവും എള്ളും എല്ലാം ഓരോ ദിവസവും മാറിമാറി ഉൾപ്പെടുത്തണം.

∙മുട്ട– ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഓരോ മുട്ട വീതം നൽകാം. എല്ലാ ദിവസവും ഓംലറ്റ് രൂപത്തിൽ നൽകുന്നതിനു പകരം മുട്ട റോൾ, മുട്ട ബജി, മുട്ട സമോസ അങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങൾ നൽകാം.

∙നട്സ്– എല്ലാ ദിവസവും ഒരു കൈക്കുമ്പിൾ നട്സ് നൽകുക. ഇതിൽ കശുവണ്ടി, കപ്പലണ്ടി, ബദാം എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പച്ചയ്ക്കു കഴിക്കുന്നില്ലെങ്കിൽ വറുത്തു കൊറിക്കാൻ നൽകാം.

∙ഇലക്കറികൾ– ദിവസവും ഒരു നേരം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തോരനായി തയാറാക്കി ഉച്ചയൂണിനു കൊടുത്തുവിടാം.

∙ ചോക്ക്‌ലേറ്റ്– കുട്ടികളല്ലേ, അൽപം ചോക്ക്‌ലേറ്റ് കഴിക്കുന്നതുകൊണ്ട് ദൂഷ്യമില്ല. മിതമായ അളവിൽ നൽകണമെന്നു മാത്രം. ദിവസവും വേണ്ട, ക്ലാസ് ടീച്ചറുടെ ‘വെരി ഗുഡ് കമന്റുമായി വരുമ്പോൾ അല്ലെങ്കിൽ ഒരു ഗെയിമിൽ ജയിച്ചുവരുമ്പോൾ അങ്ങനെ എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ നൽകുക. ഇതു പ്രചോദനമാകും.

∙പാൽ– എല്ലാ ദിവസവും രാവിലെയോ രാത്രി കിടക്കാൻ നേരത്തോ ഒരു ഗ്ലാസ് പാൽ നൽകാൻ മറക്കരുത്. ഇത് ഉത്തമമായ സമീകൃതാഹാരമാണ്.

∙വാഴപ്പഴം– എല്ലാ പഴങ്ങളും നല്ലതുതന്നെ, പക്ഷേ കഴിവതും കീടനാശിനികൾ കുറച്ചുപയോഗിച്ചു വിളഞ്ഞ നാടൻ ഏത്തപ്പഴം പുഴുങ്ങി നൽകുന്നതു നന്നായിരിക്കും.