എരിവ് അധികമായാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ?

കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് പ്രതികരണശേഷിയിൽ മാറ്റം വരുത്താവുന്ന രീതിയിലാണ് മനുഷ്യശരീരത്തിന്റെ ഘടന. രുചിയിൽ വ്യത്യാസമുണ്ടാകുമ്പോൾ അതിനനുസരിച്ച് ശരീരസ്വഭാവവും മാറും. ഇത് ഏറ്റവും പ്രകടമാകുന്നത് എരിവ്, പ്രത്യേകിച്ച് മുളക് കൂടുതൽ കഴിക്കുമ്പോഴാണ്. മുളക് അധികമായാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതാ.

∙ ഭക്ഷണത്തിൽ എരിവിന്റെ അംശം കൂടുതലാണെങ്കിൽ ശരീരം നന്നായി വിയർക്കും. കാപ്സെസിൻ ശരീരത്തെ ചൂടാക്കുന്നതിന്റെ ഫലമായാണ് ഇത്.

∙ എരിവ് അധികം കഴിക്കുന്ന ശീലമുള്ളവവരിൽ നെഞ്ചെരിച്ചിലും വയറ്റിലെ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ എരിവ് ഒഴിവാക്കുന്നതാണ് നല്ലത്. തൈര് കഴിക്കുന്നത് ഈ പ്രശ്നം പരിഹരിക്കുന്നതിന് സഹായകമാകും.

∙.എരിവ് അധികമാകുന്നത് ദഹന വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കും. ഇത് വയറ്റിൽ പ്രശ്നങ്ങളുണ്ടാക്കുകയും വയറിളക്കത്തിന് കാരണമാകുകയും ചെയ്യും.

∙ എരിവുള്ള വസ്തുക്കൾ അറിയാതെ കണ്ണിൽ സ്പർശിക്കുകയാണെങ്കിൽ സഹിക്കാനാകാത്ത നീറ്റലാണ് അനുഭവപ്പെടുക. അത്രയൊന്നുമില്ലെങ്കിലും എരിവ് അധികം കഴിക്കുന്നത് ചുണ്ടുകളിൽ നീറ്റലുണ്ടാക്കാൻ കാരണമാകുന്നു. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുന്നത് നല്ലതായിരിക്കും.

∙ എരിവ് അധികമാകുന്നത് നാവിലെ രസമുകുളങ്ങളെയും ബാധിക്കും. രസമുകുളങ്ങളുടെ സംവേദന ക്ഷമതയ്ക്കാണ് എരിവ് കുറവ് വരുത്തുക. ചൂട് വസ്തുക്കൾ കഴിക്കുമ്പോഴുള്ളതിന് സമാനമായ  പ്രവർത്തനങ്ങളാണ് എരിവ് കഴിക്കുമ്പോൾ നാവിൽ നടക്കുന്നത്.