ചീസ് ആരോഗ്യത്തിനു നല്ലതോ?

ചീസ് എന്നു കേള്‍ക്കുമ്പോള്‍ മിക്കവരുടെയും സംശയമാണിത്. വണ്ണം കൂടുമെന്ന പേടിയില്‍ മിക്കവരും ആഹാരശീലങ്ങളില്‍ നിന്നും ഒഴിവാക്കുന്ന ഒന്നാണ് ചീസ്.  എന്നാല്‍ പേടിക്കുന്ന പോലെ ചീസ് അത്ര നല്ലതല്ലെന്ന് പറയാന്‍ കഴിയില്ല പക്ഷേ ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കലോറിയാണ് ചീസിന് ഇങ്ങനൊരു ചീത്തപ്പേര് നല്‍കാന്‍ കാരണം.  

കാല്‍സ്യം,സോഡിയം,  മിനറല്‍സ് , വിറ്റാമിന്‍ B12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീസ്. ഇതില്‍ സോഫ്റ്റ്‌ ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. 

ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്ട്രോള്‍ വർധിപ്പിക്കുമെന്നു പറയുന്നത്. എന്നാല്‍ ചീസ് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. വളരെ സുരക്ഷിതമായി വെറും വയറ്റില്‍ കഴിക്കാവുന്ന ഒരു ഭക്ഷണം. 

അമിതമായാല്‍ എന്തും വിഷമെന്നു പറയുന്ന  പോലെയാണ് ചീസിന്റെ കാര്യവും.

 ചീസില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. കോട്ടേജ് ചീസ്, ഗോഡ, വൈറ്റ് ചെദാര്‍ ചീസ് , ഇറ്റാലിയന്‍ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയില്‍ ലഭ്യമാണ്. കോട്ടേജ് ചീസ് ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതാണ്. ഇറച്ചിക്ക് പകരം പോലും ഇവ ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീനു പുറമെ, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ എ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് എന്നിവ ചേര്‍ന്നതാണ് ഗോഡ ചീസ്. മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ഇത് നല്ലതാണ്. സാൻഡ്‍വിച്ച്, ബര്‍ഗര്‍ എന്നിവയില്‍ കൂടുതലായി കാണപ്പെടുന്ന ചീസാണ് വൈറ്റ് ചെദാര്‍ ചീസ്. പിസ, പാസ്ത, സാലഡ് എന്നിവയില്‍ സാധാരണ ഉപയോഗിക്കുന്ന ചീസാണ് മൊസാറെല്ല ചീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ചീസ്. 

എന്നാല്‍ ഹൃദ്രോഗസാധ്യത, അമിതവണ്ണം എന്നിവ ഉള്ളവര്‍ കഴിവതും ചീസ് ഒഴിവാക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ചുരിക്കിപ്പറഞ്ഞാല്‍  വയര്‍ അറിഞ്ഞു കഴിച്ചാല്‍ ചീസ് നല്ലൊരു പ്രോട്ടീന്‍  കലോറി ഭക്ഷണം തന്നെ.

Read More : Healthy Food, Weightloss Tips