പരീക്ഷിക്കാം ചില വ്യത്യസ്ത ഫുഡ് കോമ്പിനേഷനുകൾ

നാം പതിവായി കഴിച്ചു ശീലിച്ച ചില ഭക്ഷണങ്ങളുടെ കോമ്പിനേഷൻ ഉണ്ട്. ഉദാഹരണത്തിന് ബ്രഡും ബട്ടറും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും..അങ്ങനെ പലതും. ഇങ്ങനെയൊന്നുമല്ലാത്ത ചില കോമ്പിനേഷനുകൾ ഒന്നു പരീക്ഷിച്ചുനോക്കിയാലോ. കുട്ടികൾക്ക് ഭക്ഷണത്തോടുള്ള മടുപ്പ് മാറ്റിയെടുക്കാൻ ചില വ്യത്യസ്ത കോമ്പിനേഷനുകൾ സഹായിക്കും. വ്യത്യസ്തത മാത്രമല്ല, പോഷകാംശവും ഉറപ്പുവരുത്തുന്ന ചില കോമ്പിനേഷനുകൾ ഇതാ.

∙അധികം പുളിക്കാത്ത കട്ടത്തൈരിൽ പഞ്ചസാര ചേർത്ത് ഇതിലേക്ക് വാഴപ്പഴം അരിഞ്ഞു ചേർക്കുക. കുട്ടികൾക്ക് ഇടഭക്ഷണമായി ഇത് നൽകാം. തൈരിന്റെ ചെറുപുളിയും വാഴപ്പഴത്തിന്റെ മധുരവും കൂടിച്ചേരുമ്പോൾ നല്ല രുചിയുണ്ടാകും.

∙ ഹുമ്മൂസ് ഇഷ്ടമാണോ? എങ്കിൽ കാരറ്റ് കഴുകി വൃത്തിയാക്കി ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ഇത് നാരങ്ങാനീര് പുരട്ടി വച്ച ശേഷം ഹുമ്മൂസ് ചേർത്ത് കഴിച്ചുനോക്കൂ. നല്ല മുറുക്കമുള്ള കാരറ്റ് കഷ്ണങ്ങൾ ഹുമ്മൂസ് ചേർത്ത് കറുമുറെ കഴിക്കാൻ കുട്ടികൾക്ക് കൗതുകം തോന്നും. കാരറ്റ് പച്ചയ്ക്ക് അകത്താക്കുകയും ചെയ്യും.

∙മുട്ട കഴിക്കാൻ മടിയാണോ? എങ്കിൽ മുട്ട പുഴുങ്ങി രണ്ടായി മുറിക്കുക. മുട്ടമഞ്ഞയിൽ അൽപം ചീസ് പുരട്ടി യോജിപ്പിക്കുക. മുട്ടയ്ക്കു പുറമെയും ചീസ് പുരട്ടി റൊട്ടിപ്പൊടിയിൽ ഉരുട്ടിയെടുക്കുക. ഇത് റോസ്റ്റ് ചെയ്തു കൊടുത്താൽ കുട്ടികൾക്ക് നല്ല നാലുമണിപ്പലഹാരമായില്ലേ

∙ഇലക്കറികൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു വഴിയുണ്ട്. ഇലകൾ വാട്ടിവേവിച്ച് ഒലീവ് എണ്ണ ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ് ചേർത്തുനോക്കൂ. പരിപ്പിന്റെ രുചിയിൽ ഇലക്കറിയും കഴിച്ചുപോകും

∙പച്ചക്കറികൾ വേവിച്ചതും വേവിക്കാത്തതും ചേർത്ത് ഒരു കോമ്പിനേഷൻ പരീക്ഷിക്കാം. ഇതിനായി കാരറ്റ്, ബീറ്റ്‌റൂട്ട്, കാപ്സിക്കം, ഉള്ളി, തക്കാളി എന്നിവ ഡീപ് ഫ്രൈ ചേർത്ത് ക്രിസ്പി ആക്കി വയ്ക്കുക. ഇതിലേക്ക് ഇതേ പച്ചക്കറികൾ വേവിക്കാതെ കഷ്ണങ്ങളാക്കി അരിഞ്ഞു ചേർക്കുക. മൊരിഞ്ഞ കഷ്ണങ്ങളുടെ കൂടെ പച്ചയായ കഷ്ണങ്ങളും കടിച്ചു കഴിക്കാം. ടിവി കാണുകയും മറ്റും ചെയ്യുമ്പോൾ കുട്ടികൾക്ക് ഇതു നൽകി നോക്കൂ.

Read More : Healthy Food