വായ്നാറ്റം അകറ്റാൻ ഈ മൂന്നു ഭക്ഷ്യവസ്തുക്കൾ‍!

നിത്യ ജീവിതത്തില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. സ്വകാര്യ ജീവിതത്തില്‍ തുടങ്ങി ജോലിയിലും പൊതു ഇടങ്ങളിലും എല്ലാം ഈ വായ്നാറ്റം വില്ലനാകാറുണ്ട്. പലരും അന്തര്‍മുഖരാകാന്‍ പോലും ഇത് കാരണമാകുന്നു. ഇത്തരക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ജേണല്‍ ഓഫ് ഫുഡ് സയന്‍സിലെ ഒരു ലേഖനം. ചില ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് വായ്‌നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ഈ ലേഖനം പറയുന്നത്.

വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുപോലും ഉണ്ടായ നാറ്റം അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിയുമത്രേ. മൂന്ന് ആഹാരങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആപ്പിള്‍, മിന്‍റ് അഥവാ പുതിന, പച്ചടിച്ചീര(lettuce) എന്നിവയാണ് ഇവ. ഒഹായോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വായ്‌നാറ്റം അകറ്റാന്‍ ആപ്പിളിനും പുതിനയ്ക്കും, പച്ചടിച്ചീരയ്ക്കും കഴിയുമെന്ന് കണ്ടെത്തിയത്.

പുതിന നാരാങ്ങാ വെള്ളത്തിനൊപ്പമോ കട്ടന്‍ ചായയിലോ ചേര്‍ത്തുകഴിക്കാം. ഉണക്കിപ്പൊടിച്ച പുതിന ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും വായ്നാറ്റം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. പച്ചടിച്ചീരയും സാലഡാക്കിയോ ആഹാരത്തിനൊപ്പമോ കഴിക്കാം. ആപ്പിള്‍ പഴമായി തന്നെ കഴിക്കുന്നതാകും കൂടുതല്‍ ഗുണം ചെയ്യുക.

ദുര്‍ഗന്ധത്തിന് കാരണമാകുന്ന വായിലുണ്ടാകുന്ന രാസമാറ്റങ്ങളെ ഫലപ്രദമായി നേരിടാന്‍ ഈ മൂന്ന് ഭക്ഷണങ്ങള്‍ക്ക് കഴിയുന്നതിനാലാണ് വായനാറ്റം ഉണ്ടാകാത്തത്. ഈ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ഫിനലിക് മിശ്രിതങ്ങളുമാണ് ഇതിനു സഹായിക്കുന്നത്. ഭക്ഷണ ശേഷം ഇവ കഴിക്കുന്നതാകും കൂടുതല്‍ ഫലപ്രദം.