ബിപി കുറയ്ക്കാൻ ഫ്ളേവനോയിഡ് മാജിക്

പഴങ്ങളിലും പച്ചക്കറികളിലും വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ധാരാളമുണ്ട്. ശരീരരക്ഷയ്ക്കാവശ്യമായ ചില ഫൈറ്റോകെമിക്കലുകളും ഇവ നമുക്കു നൽകുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനമാണു ഫ്ളവനോയിഡുകൾ.

ഫൈറ്റോകെമിക്കലുകൾ

4000 ഫൈറ്റോ കെമിക്കലുകൾ നിലവിലുണ്ട്. ക്വെർസെറ്റിൻ, കാംഫറ്റോൾ, മിൻസെറ്റിൻ ഇവ ഫ്ളേവനോയിഡുകളിൽ ഉൾപ്പെടുന്നു. ചെടികളുടെ ഇലകളിലും സൂര്യപ്രകാശം ഏൽക്കുന്ന തണ്ടിന്റെ ഭാഗങ്ങളിലുമാണ് ഇതു കൂടുതൽ കാണപ്പെടുന്നത്. സൂര്യപ്രകാശത്തെ ആശ്രയിച്ചു ചെടികളിൽ ഇതു കൂടിയും കുറഞ്ഞുമിരിക്കും. പഴങ്ങളുടെ തൊലിയിൽ ഇവ കൂടുതൽ കാണപ്പെടുന്നുണ്ട്. ഫ്ളേവനോയിഡുകൾ പച്ചക്കറികൾക്കും പഴങ്ങൾക്കും നിറം നൽകുന്നുമുണ്ട്. ധാന്യങ്ങൾ, ഇലകൾ, അണ്ടിപ്പരിപ്പുകൾ, പൂക്കൾ ഇവയിലും ഫ്ളേവനോയിഡുകൾ കാണുന്നു.

ചോക്ലെറ്റിൽ കൂടുതൽ

അടുത്ത കാലത്തായി ചില പഠനങ്ങളിൽ നിന്നും തെളിഞ്ഞത് കോക്കോ കഴിക്കുന്നതുവഴി രക്തസമ്മർദം കുറയുമെന്നതാണ്. ഏറ്റവും കൂടുതൽ ഫ്ളേവനോയിഡുകൾ കാണുന്നതു ഡാർക് ചോക്ലെറ്റിൽ ആണ്. ഇതിൽ 70—75 ശതമാനത്തിനു മുകളിൽ കൊക്കോ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ ഉള്ളതിന്റെ മൂന്നിരട്ടിയും റെഡ്‍വൈനിൽ ഉള്ളതിന്റെ രണ്ടിരട്ടിയും ഫ്ളേവനോയിഡ് ഡാർക് ചോക്ലെറ്റിൽ ഉണ്ട്.

ഫ്ളേവനോയിഡുകൾക്ക് ആറുമാസം കൊണ്ട് ഡയസ്റ്റോളിക്, സിസ്റ്റോളിക് പ്രഷർ കുറയ്ക്കാൻ സാധിച്ചതായി പഠനങ്ങളിൽ നിന്നും തെളിഞ്ഞു. ഫ്ളേവനോയിഡുകൾ രക്താതിസമ്മർദത്തിനു കാരണമാകുന്ന രക്തക്കുഴൽ സങ്കോചത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കാൻസർ, കൊളസ്ട്രോൾ, കൊറോണറി ഹാർട്ട് ഡിസീസ് ഇവയിൽ നിന്നും സംരക്ഷണം നൽകുന്നതായും കണ്ടുപിടിച്ചിട്ടുണ്ട്. അതെ റോസ്ക്ലീറോസിസ് തടയാനും ധമനികളെ വികസിപ്പിച്ച് രക്തപ്രവാഹം എളുപ്പമാക്കാനും ഇവ സഹായിക്കുന്നു. പ്ലേറ്റ്ലെറ്റുകൾ ഒട്ടിപ്പിടിക്കുന്നതു തടയുന്നു.

ചോക്ലെറ്റ് ദിവസവും വേണ്ട

ഇതുകൊണ്ടു കൊക്കോ അടങ്ങിയ ചോക്ലെറ്റ് കൂടുതൽ അളവിൽ ദിവസവും കഴിക്കണമെന്ന് അർഥമാക്കരുത്. പഞ്ചസാരയും പാലിലെ കൊഴുപ്പും ചേർന്ന ചോക്ലെറ്റ് ആണ് നമുക്കു ലഭ്യമാകുന്നത്. ഇവ കൂടുതൽ കഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കൂടുതൽ കലോറി ചേർക്കുന്നതുകൊണ്ട്, അമിതവണ്ണം, പ്രമേഹം ഇവയ്ക്കു കാരണമാകാം. ഫ്ളേവനോയിഡുകളാൽ സമ്പന്നമായ ഡാർക് ചോക്ലേറ്റ് കേരളത്തിൽ പൊതുവെ വ്യാപകമല്ല.

പച്ചയായും പഴമായും കൊക്കോ കഴിക്കാൻ പാടില്ല. കൊക്കോ സംസ്ക്കരിച്ചു തയാറാക്കുന്ന കൊക്കോപൗഡറിൽ ഫ്ളേവനോയിഡുകൾ ധാരാളമുണ്ട്. അത് ചോക്ലെറ്റിലെ കൊഴുപ്പു കുറഞ്ഞ ഘടകമാണ്. അത് കരൾ, തലച്ചോറ്, ഹൃദയം ഇവയെ സംരക്ഷിക്കുന്നു. നമ്മുടെ മൂഡിനെ നന്നാക്കുന്നു. രക്തത്തിലെ വിഷാംശത്തെ നീക്കുന്നു. കുട്ടികൾക്കു പരീക്ഷാസമയത്തിനു മുമ്പ് അവരുടെ ഓർമശക്തിയെ വർധിപ്പിക്കുവാൻ ചോക്ലെറ്റ് കൊടുക്കുന്ന പതിവ് പണ്ടേ ഉള്ളതാണല്ലോ. മിൽക് ചോക്ലെറ്റിൽ ഫ്ളേവനോയിഡുകൾ കുറവാണ്. ഡാർക് ചോക്ലെറ്റിലാണ് ഫ്ളേവനോയിഡുകൾ കൂടുതൽ ഉള്ളത്. ചോക്ലെറ്റിലെ കൊഴുപ്പു കൂടിയ ഘടകം കൊക്കോബട്ടർ ആണ്.

എന്തൊക്കെ ആഹാരം കഴിക്കാം?

ഗ്രീൻ, വൈറ്റ്, ബ്ലാക്ക് ടീകളിൽ ഫ്ളേവനേയിഡുകൾ ഉണ്ട്. ഏറ്റവും സംസ്കരണം കുറവുള്ള വൈറ്റ് ടീയിലാണ് ഫ്ളേവനോയിഡുകൾ കൂടുതൽ. ക്വെർസെറ്റിൻ എന്ന ഫ്ളേവനോയിഡ് ആണ് ചായയിൽ കൂടുതൽ.

ഉള്ളിയിൽ കൂടുതൽ ഉള്ളതും ഇതുതന്നെ. കാംഫറോൾ, മിർസെറ്റിൻ തുടങ്ങിയ ഫ്ളേവനോയിഡുകളും ഇതിലുണ്ട്. തേനിൽ മിർസെറ്റിനും ക്വെർസെറ്റിനും അടങ്ങിയിട്ടുണ്ട്. സ്പിനാച്ച് ചീര, സ്ട്രോബറി, ബ്ലൂബെറി ഇവയിലൊക്കെ മിർസെറ്റിനും ക്വെർസെറ്റിനും ഉണ്ട്. സിട്രസ് ഫലങ്ങളായ നാരങ്ങ, ഓറഞ്ച്, മുസംബി മുതലായവയിലും ഫ്ളേവനോയിഡുകൾ ഉണ്ട്. ഇത് അലർജിയെയും വീക്കത്തെയും തടയുന്നു. റെഡ് വൈൻ, വൈറ്റ് വൈൻ ഇവയിലും ഫ്ളേവനോയിഡുകൾ ഉണ്ടെങ്കിലും റെഡ്‍വൈനിലാണ് കൂടുതൽ. റെഡ്‍വൈൻ മിതമായ അളവിൽ അതായത്, 120 മിലി വരെ ദിവസവും കഴിച്ചാൽ ഹൃദയത്തെ സംരക്ഷിക്കാനാകും. എന്നാൽ ഈ ശീലം പതിവാക്കേണ്ട.

ഫ്ളേവനോയിഡുകൾ ആന്റിഓക്സിഡന്റ് കൂടിയാണ്. ഇതു സോയ ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പഴച്ചാറുകൾ ഇവയിലും കാണുന്നു. ശരീരത്തിന് ആവശ്യമുള്ള ഫ്ളേവനോയിഡ് ലഭിക്കുന്നതിന് വിവിധതരത്തിലും നിറത്തിലുമുള്ള പച്ചക്കറികളും പഴവർഗങ്ങളും ദിവസവും ആഹാരത്തിലുൾപ്പെടുത്തണം.

സുജേത ഏബ്രഹാം സീനിയർ ഡയറ്റീഷ്യൻ, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, കോട്ടയം.