രാവിലെ കഴിക്കാം രാജാവിനെപ്പോലെ

ഓരോ ദിവസവും ആരംഭിക്കുന്നതു നല്ല പ്രാതലോടുകൂടിയാവണം. ഒരു സമ്പൂര്‍ണ സമഗ്ര പ്രാതല്‍ എന്നു പറഞ്ഞാല്‍ അതില്‍ പ്രൊട്ടീന്‍, വിറ്റമിന്‍ തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ വേണം. ഒപ്പം ധാതുലവണങ്ങളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം നാരുകളും ഉണ്ടായിരിക്കണം.

പ്രാതല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. കഴിക്കാതിരിക്കുകയുമരുത്. അങ്ങനെ ചെയ്യുന്നവര്‍ ദിവസം മുഴുവനും ക്ഷീണിതരായിരിക്കും. പെട്ടെന്നു ശുണ്ഠിപിടിക്കും. അസ്വസ്ഥതയുള്ളവരുമായിരിക്കും.

പ്രാതലും കുട്ടികളും

കുട്ടികളില്‍ നടത്തിയ പഠനം രസാവഹമാണ്. പോഷകപ്രധാനമായ പ്രാതല്‍ കഴിക്കുന്ന കുട്ടികള്‍ കൂടുതല്‍ ഓര്‍മ ശക്തിയുള്ളവരും കണക്കുകള്‍ വേഗം ചെയ്യാന്‍ കഴിയുന്നവരും കൂടുതല്‍ ശ്രദ്ധാലുക്കളുമാണെന്നു കണ്ടെത്തി. ശരീരത്തിന് ഒരു ദിവസം രക്തത്തിലെ ഗൂക്കോസ് നില ഇന്ധനമെന്ന പോലെ നിറച്ചു ക്രമപ്പെടുത്താന്‍ കിട്ടുന്ന അവസരമാണു പ്രാതല്‍ സമയം. പ്രാതല്‍ കഴിക്കാത്ത കുട്ടികളില്‍ പിന്നീടു പ്രമേഹസാധ്യത കൂടുമെന്നും പഠനങ്ങളുണ്ട്. തലേദിവസത്തെ അത്താഴശേഷം 5-8 മണിക്കൂര്‍ കഴിഞ്ഞാണ് പ്രാതല്‍ എന്ന ഇന്ധനം ശരീരത്തിനു നല്‍കുന്നത് എന്ന് പ്രത്യേകം ഓര്‍മിക്കണം.

മലയാളിക്കിണങ്ങും പ്രാതല്‍രുചികള്

മലയാളികളുടെ പ്രാതല്‍ പൊതുവെ പോഷകപ്രധാനവും ആരോഗ്യപ്രദവുമാണ്. നമ്മുടെ തനതായ പ്രാതല്‍ വിഭവങ്ങള്‍ വളരെ മികച്ചവയാണെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. ഇവയില്‍ എടുത്തു പറയേണ്ടവയാണ് പുട്ടു- കടല കോമ്പിനേഷനും, നുറുക്കു ഗോതമ്പിലുണ്ടാക്കിയ ഉപ്പുമാവും.

ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള മാംസ്യം, ഊര്‍ജം, കാത്സ്യം, വിറ്റമന്‍ സി ഇവയുടെ 24-30 ശതമാനം ഒരു പ്രാവശ്യം വിളമ്പുന്ന പുട്ട്-കടലയില്‍ നിന്നും കിട്ടും. കൂടാതെ, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരുദിവസം വേണമെന്നു പറയുന്ന ഇരുമ്പ്, തയാമിന്‍, റിബോഫ്ളാവിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നീ ഘടകങ്ങളുടെ 7-17 ശതമാനവും ഇതിലുണ്ട്. പണ്ടു പുട്ടുണ്ടാക്കല്‍ ഒരു പണി തന്നെയായിരുന്നു. അരി 4-6 മണിക്കൂര്‍ കുതിര്‍ത്തുപൊടിച്ചു വറുത്തു വേണം പുട്ടുപൊടിയുണ്ടാക്കാന്‍. ഇപ്പോള്‍ പുട്ടുപൊടി കമ്പോളത്തില്‍ കിട്ടും.

ഉപ്പുമാവ് നല്ലത് അപ്പവും

പ്രാധാന്യത്തില്‍ ഒട്ടും അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു കേരളീയവിഭവമാണ് ഉപ്പുമാവ്. നുറുക്കു ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവാണു കൂടുതല്‍ ആരോഗ്യകരം, ഗവേഷകനും ഫിറ്റ്നസ് വിദഗ്ധനുമായ അമി ഉപാധ്യായയുടെ അഭിപ്രായത്തില്‍ ബീന്‍സോ കാരറ്റോ ചേര്‍ത്തു നുറുക്കുഗോതമ്പ് ഉപ്പുമാവുണ്ടാക്കിയാല്‍ കൂടുതല്‍ ആരോഗ്യകരമത്രെ.

മലയാളിയുടെ പ്രാതലില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നവയാണ് അപ്പം. അപ്പത്തെപ്പോലെ പോഷകസമ്പന്നമാണ് ഇഡ്ലിയും ദോശയും. പുളിക്കല്‍ പ്രക്രിയയില്‍ അന്നജം വിഘടിതമായി അതു കൂടുതല്‍ പചനക്ഷമവും ആഗീരണക്ഷമവുമാകുമെന്നതാണ് വിഭവങ്ങളുടെ മികവ്. ഫെര്‍മന്റേഷന്‍ (പുളിക്കല്‍) കൊണ്ടു പോഷകാംശം വര്‍ധിക്കും. എസന്‍ഷ്യല്‍ അമിനോ ആസിഡുകളും വിറ്റമിനുകളും പ്രോട്ടീനുകളും സംശ്ളേഷിക്കുന്നതിന്റെ ഫലം കൂടിയാണീ പോഷക വര്‍ധനവ്.

ഇഡ്ലി-ദോശ പ്രിയവിഭവങ്ങള്‍

ഇഡ്ലി പോഷകസമ്പന്നമാണ്. കാര്‍ബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനിന്റെയും ഒരു മിശ്രിതമാണത്. സാമ്പാര്‍ കൂട്ടുമ്പോള്‍ പോഷകാംശം വീണ്ടും വര്‍ധിക്കും. സാമ്പാര്‍ മികച്ച ജ്യൂസാണ്. ആവിയില്‍ തയാറാക്കുന്ന കാലറി കുറഞ്ഞ പദാര്‍ഥമായതുകൊണ്ടു ഇഡ്ലിയുടെ സ്വീകാര്യത കൂടുന്നു. നല്ല പോഷകാംശം ഉണ്ട്. കാലറി കാര്യമായി ഇല്ലതാനും. സാമ്പാറും ചട്ണിയും കൂട്ടി കഴിക്കുമ്പോള്‍ പോഷകപ്രാധാന്യത്തിന്റെ കാര്യത്തില്‍ ദോശയും സൂപ്പര്‍ ഐറ്റം തന്നെ. നോണ്‍സ്റ്റിക് തവ ഉപയോഗിച്ചാല്‍ എണ്ണയുടെ ഉപയോഗവും ഇല്ലാതാക്കാം.

എന്നാല്‍, ചട്നിയില്‍ തേങ്ങ കൂടുന്നത് ചില രോഗാവസ്ഥകളില്‍ ദോഷം ചെയ്യും.

ഇടിയപ്പം മുതല്‍ കപ്പ വരെ

മലയാളിയുടെ പ്രാതല്‍ വിഭവങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇടിയപ്പം + ചട്ണി, കൊഴുക്കട്ട + ചട്നി, കപ്പ + മീന്‍കറി തുടങ്ങി കൊതിയൂറുന്ന, പോഷകപ്രദമായ വിഭവങ്ങള്‍ ധാരാളമുണ്ട്.

ഇടിയപ്പം സ്വാദിഷ്ഠമാണ്. കഴിച്ചാല്‍ വയറിനു വലിയ ഭാരം തോന്നുകയുമില്ല. എന്നാല്‍ ഇത് വളരെ ആരോഗ്യകരം എന്നു പറഞ്ഞുകൂടാ. കൊഴുക്കട്ടയും ചട്ണിയും ഇതേ വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുന്നു. ഇടിയപ്പം ചിക്കന്‍സ്റ്റ്യൂവോ വെജിറ്റബിള്‍ സ്റ്റ്യൂവോ ചേര്‍ത്തു കഴിച്ചാല്‍ പോഷക പ്രാധാന്യം വര്‍ധിക്കും.

കേരളീയര്‍ അകമഴിഞ്ഞിഷ്ടപ്പെടുന്ന ആഹാരമാണു കപ്പ. കപ്പയും മത്തിയും ഒരു ഒന്നാന്തരം കോമ്പിനേഷനാണ്. കപ്പയില്‍ ഇല്ലാത്ത ഒമേഗ 3 ഫാറ്റിആസിഡുകളും പ്രോട്ടീനും മത്തിയിലുണ്ട്. അയഡിനും അടങ്ങിയിട്ടുണ്ട്.

കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണു കപ്പ. എന്നാല്‍ കപ്പ പതിവായി കഴിച്ചാല്‍ തയോസയനേറ്റ് എന്ന ഗോയ്ട്രോജന്‍ അയഡിന്റെ ആഗീരണത്തെ തടഞ്ഞ് ഗോയിറ്ററിനു കാരണമാകുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. ഗോയിറ്റര്‍ പ്രശ്നമുള്ളവര്‍ കപ്പ പതിവാക്കേണ്ട.

അപ്പം ആരോഗ്യകരമാക്കാം

അപ്പവും വെജിറ്റബിള്‍ സ്റ്റ്യുവും ഒരു പ്രാവശ്യം കഴിക്കുമ്പോള്‍ നമുക്കുദിവസവും ആവശ്യമുള്ള മാംസ്യം, ഊര്‍ജം, വിറ്റമിന്‍ സി, നിയാസിന്‍, വിറ്റമിന്‍ എ ഇവയുടെ 10-മുതല്‍ 20 ശതമാനം വരെ കിട്ടുന്നു.

പ്രാതല്‍ മാഹാത്മ്യം

പുട്ടിലും കടലയിലും ധാന്യങ്ങളും പയറുവര്‍ഗങ്ങളും സമൃദ്ധമാണ്. ഇതു പ്രോട്ടീന്‍ സമ്പന്നമാണ്. മാംസാഹാരങ്ങളിലെ അത്ര തന്നെ എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ പുട്ട്-കടല കോമ്പിനേഷനില്‍ ഉണ്ട്. ഗോതമ്പ് ഉപ്പുമാവില്‍ നാരിന്റെ അംശം കൂടും. അതുകൊണ്ടു ഗോതമ്പ് ഉപ്പുമാവു കഴിച്ചാല്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതുപോലെ തോന്നും. വിശക്കില്ല. ഈ നാരുകള്‍ കൊളസ്ട്രോള്‍ ആഗിരണത്തെ തടസപ്പെടുത്തും. കുടല്‍ കാന്‍സര്‍ വരാതെ തടയും. ഇഡ്ലി, ദോശ, അപ്പം ഇവ വേഗം ദഹിക്കും. മാവു പുളിക്കുമ്പോള്‍ ഉല്‍പാദിക്കപ്പെടുന്ന ആസിഡിന്റെ പാര്‍ശ്വോല്‍പന്നങ്ങള്‍ ശരീരത്തിനു ദോഷകരമായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നവയാണ്.