ഫിറ്റാക്കുന്ന ഭക്ഷണം

ജിമ്മിൽ പോയി വെയ്റ്റ് എടുത്ത് കട്ട മസിലുമായി നടക്കുന്നതിനേക്കാൾ ഇപ്പോൾ യുവാക്കൾക്കിഷ്ടം ഓട്ടം, നടത്തം, നീന്തൽ തുടങ്ങിയ വ്യായാമങ്ങളിലൂടെ ‘ഫിറ്റ്’ ആകാനാണ്. പക്ഷേ, ഭക്ഷണം ശരിയായില്ലെങ്കിൽ കിലോമീറ്ററുകൾ ഓടുന്നതും നീന്തുന്നതുമെല്ലാം പാഴ്‌വ്യായാമം മാത്രമാകും. കായിക മേഖലയിൽ വ്യാപൃതരാകുന്നവർ രാവിലെ മുതലുള്ള ഭക്ഷണം ചിട്ടപ്പെടുത്തണം, പുതിയ ശീലങ്ങൾ തുടങ്ങണം.

കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവ കൃത്യമായ അളവിൽ അടങ്ങിയ ഭക്ഷണം വേണം ദിവസവും കഴിക്കാൻ. ഇവയുടെ അളവ് തുല്യമാകണം. ഒന്നു മറ്റൊന്നിനേക്കാൾ കൂടിയോ കുറഞ്ഞോ നിൽക്കരുതെന്നാണു തത്വം. രാവിലെ എഴുന്നേൽക്കുമ്പോൾ വെള്ളം കുടിച്ചു തുടങ്ങാം. വ്യായാമം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുന്നതാണു നല്ല ശീലം. വ്യായാമം കഴിഞ്ഞു ലഘുഭക്ഷണമാകാമെങ്കിലും വിശപ്പ് മൂലം അമിത ഭക്ഷണമരുത്. ദഹനശേഷിയെ ബാധിക്കുമെന്നു മാത്രമല്ല, ഉറക്കവും ക്ഷീണവുമായിരിക്കും ഫലം.

പ്രഭാത ഭക്ഷണത്തിൽ പുട്ട്, കടല അല്ലെങ്കിൽ ഇഡ്ഡലി (മൂന്നോ, നാലോ എണ്ണം), സാമ്പാർ എന്നിവയാകാം. ഓട്സ്, കോൺഫ്ലേക്സ് എന്നിവ പാലിൽ കലർത്തിയോ അല്ലാതെയോ ഒരു കപ്പ് കഴിക്കാം. ഇതിനൊപ്പം മുട്ടയുടെ വെള്ള ഒന്നോ രണ്ടോ എണ്ണവും ഉൾപ്പെടുത്താം. പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാലും കുടിക്കുന്നത് വളരെ നല്ലത്. പുഴുങ്ങിയ ഏത്തപ്പഴം കഴിക്കാമെങ്കിലും നന്നായി വെള്ളം കുടിക്കാൻ മറക്കരുത്. ഉച്ചയ്ക്കു രണ്ടു കപ്പ് ചോറ്, ഒപ്പം അധിക പ്രോട്ടീൻ അടങ്ങിയ പച്ചക്കറി കൊണ്ടുള്ള കറികൾ.

അങ്ങനെയെങ്കിൽ പുട്ടും ഒരു ഫ്രൂട്ട് സാലഡും ഉണ്ടാക്കി നോക്കിയാലോ? ഇതാ റെസിപ്പി റെഡി

ആഴ്ചയിൽ രണ്ടു മൂന്നു തവണ ചിക്കൻ ഒരു കപ്പ് കഴിക്കാം. അല്ലെങ്കിൽ രണ്ടു മുട്ടയുടെ വെള്ള. വൈകുന്നേരം ബ്രഡ് സാൻവിച്ച്, ഫ്രൂട്ട് സാലഡ്, ഇലയട തുടങ്ങിയ കൊഴുപ്പ് തീരെയില്ലാത്ത ലഘുഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. രാത്രി ഭക്ഷണത്തിന് രണ്ടോ മൂന്നോ ചപ്പാത്തിയാണ് നല്ലത്. ഒപ്പം പച്ചക്കറികൾ ചേർത്തുണ്ടാക്കിയ കറികളും. രാത്രി വറുത്ത നോൺ. വെജ് വിഭവങ്ങൾ‌ പാടേ ഒഴിവാക്കണം. മീൻ കറിയാകാം.

വ്യായാമം ചെയ്യുന്നതിനിടയിൽ ഉപ്പ് ചേർത്തുണ്ടാക്കിയ നാരങ്ങാവെള്ളം അല്ലെങ്കിൽ പഴച്ചാറ് അതുമല്ലെങ്കിൽ സ്റ്റിറോയിഡുകൾ ചേർക്കാത്ത പ്രോട്ടീൻ ഡ്രിങ്കുകളോ 35–45 മിനിറ്റ് ഇടവേളയിൽ കഴിക്കാം. പ്രോട്ടീൻ ഡ്രിങ്കുകൾ കഴിക്കുമ്പോൾ രണ്ടു ടീസ്പൂൺ പൗഡർ ഒരു കുപ്പി വെള്ളത്തിൽ നന്നായി കലക്കി വേണം കഴിക്കാൻ.

വിവരങ്ങൾക്ക് കടപ്പാട്: നൈഡിൻ പൗളിൻ, ചീഫ് ഡയറ്റീഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ.