രക്തഗ്രൂപ്പിനനുസരിച്ച് ഭക്ഷണം! കഴിക്കേണ്ടവയും ഒഴിവാക്കേണ്ടതും ഏതെല്ലാം?

ഭക്ഷണരീതികളിലെ പരീക്ഷണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ പഠനങ്ങളും കണ്ടെത്തലുകൾക്കുമനുസരിച്ച് ആരോഗ്യകരമാണോയെന്നുപോലും നോക്കാത നാം ഭക്ഷണരീതികളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ഇതാ രക്തഗ്രൂപ്പുകള്‍ നമ്മുടെ ഭക്ഷണരീതികളെയും സ്വാധീനിക്കാമെന്ന പഠനവുമായി എത്തുകയാണ് ഗവേഷകർ.

ഡോക്ടർ പീറ്റർ ജെ ഡി അഡാമോയുടെയും അലന്‍ റിച്ചാർഡിന്റെയും മാക്സിമൈസ് യുവർ ഹെൽത്ത് വിത്ത് ബ്ലഡ് ടൈപ്പ് ഡയറ്റെന്ന പുസ്തകത്തിലാണ് രക്തഗ്രൂപ്പിനനുസരിച്ച് ഭക്ഷണനിയന്ത്രണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

എന്നാൽ ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ വിദഗ്ദർ ഈ രക്തഗ്രൂപ്പ്-ഭക്ഷണരീതി പഠനത്തെ അനുകൂലിക്കുന്നില്ല. രക്തഗ്രൂപ്പിനനുസരിച്ച് ഭക്ഷണം കഴിക്കുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. രക്തഗ്രൂപ്പിനനുസരിച്ച് ചില ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നതും ചിലത് കൂടുതലായി ഉൾപ്പെടുത്തുന്നതും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഓരോ രക്തഗ്രൂപ്പും അവയുടെ ഭക്ഷണരീതിയും എന്തൊക്കെയാണെന്ന് നോക്കാം.

ഗ്രൂപ്പ് എ

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും കാർബോഹൈഡ്രേറ്റടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഈ രക്തഗ്രൂപ്പുകൾക്കാവശ്യമത്രെ. ആൽക്കലൈൻ‌ അടങ്ങിയ ആപ്പിൾ, ഡേറ്റ്സ്, ബെറീസ് എന്നിവ കഴിക്കാം. എന്നാൽ പപ്പായ ,മാങ്ങ, ഓറഞ്ച് എന്നിവ അത്ര നല്ലതുമല്ല. പ്രോട്ടീനുകൾ അടങ്ങിയതും പച്ചക്കറികളും ധാന്യങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ഇവർ പറയുന്നു.

ഗ്രൂപ്പ് ബി

ബി ഗ്രൂപ്പുകാർ ചിക്കൻ, ഗോതമ്പ്, ചോളം, തക്കാളി എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണത്രെ. എന്നാൽ റെഡ്മീറ്റ്, പച്ചക്കറികൾ, മുട്ട, കൊഴുപ്പ്കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.

ഗ്രൂപ്പ് എബി

മാനസികസമ്മര്‍ദ്ദമുള്ള അന്തരീക്ഷത്തിൽ‌ കഫീന്റെയും ആൽക്കഹോളിന്റെയും ഉപയോഗം ഈ രക്തഗ്രൂപ്പുകാർ നിയന്ത്രിക്കണം. ചെറിയ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നതാവും ശരീരത്തിലെ ഇൻസുലിൻ ലെവൽ നിയന്ത്രിക്കാൻ നല്ലത്. കടൽവിഭവങ്ങൾ എബി ഗ്രൂപ്പുകാർക്ക് നല്ലതാണ്.

ഗ്രൂപ്പ് ഒ

പ്രോട്ടീനും കൊഴുപ്പും എളുപ്പത്തില്‍ ദഹിപ്പിക്കാനാവുമത്രെ ഈ ഗ്രൂപ്പിലുള്ളവരുടെ ശരീരപ്രകൃതിക്ക്. കഫീന്റെയും ആൽക്കഹോളിന്റെയും ഉപയോഗം ഈ രക്തഗ്രൂപ്പുകാർ നിയന്ത്രിക്കണം. ചിക്കനും മട്ടണുമൊക്കെ മെനുവിൽ ഉൾപ്പെടുത്താം. മുട്ടയും പയറുവർഗങ്ങളുമൊക്കെ കഴിക്കാമെന്നും എന്നാൽ പാലും പാലുൽപ്പന്നങ്ങളും കാബേജ്, കോളിഫ്ളവർ തുടങ്ങിയവയും നിയന്ത്രിക്കണമെന്നും പഠനം പറയുന്നു.