പങ്കാളിയെ ആദ്യമായി കാണാൻ പോകുമ്പോൾ കഴിക്കേണ്ടത്

പങ്കാളിയുമായി ഒന്നു കറങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ശാരീരികവും മാനസികവുമായി ഊർജ്ജസ്വലരായിരിക്കാനും സന്തോഷത്തോടെയിരിക്കാനും നാം ആഗ്രഹിക്കുന്നത് ഈ സമയത്താണ്. അതിനായി നാം കഴിക്കുന്ന ഭക്ഷണത്തിലും അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെ അണിഞ്ഞൊരുങ്ങി പോകാനൊരുങ്ങുമ്പോൾ വയറിനുള്ളിൽ ഇരമ്പം മുഴങ്ങിയാൽ ആകെ കുളമാകും. അപ്പോള്‍ എന്തൊക്കെ കഴിക്കാമെന്ന് നോക്കാം-

1. ആദ്യത്തെ കണ്ടുമുട്ടലിൽ തീർച്ചയായും അൽപം ടെൻഷനാവും. സമ്മർദത്തിനടിപ്പെട്ട്, പറയാനുദ്ദേശിച്ച കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനാവാതെ വരുന്നത് സാധാരണമാണ്. അൽപം നട്സ് കഴിച്ചിട്ടു പോകൂ. നട്സിലെ മഗ്നീഷ്യം നമ്മുടെ ഞരമ്പുകളെ ശാന്തമാക്കും.

2. വായ്നാറ്റമുള്ളവർ പങ്കാളികളോട് സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ക്യാരറ്റ്, ആപ്പിൾ തുടങ്ങിയ പഴങ്ങള്‍ കഴിച്ചിട്ടു പോയാൽ മൗത്ത് ഫ്രെഷ്നറിന്റെ ആവശ്യംവരില്ല.

3. പങ്കാളിയുമായുള്ള പിണക്കം തീർക്കാൻ പോകുകയാണോ? എങ്കിൽ ഡാർക് ചോക്കലേറ്റ് പങ്കുവയ്ക്കൂ. നമ്മുടെ മാനസികനില മെച്ചപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ചോക്കലേറ്റിലുണ്ട്.

4. കൊഴുപ്പു കൂടുതലുള്ള ഭക്ഷണം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. അത് ഒഴിവാക്കുന്നതാവും ഉത്തമം.