ബുദ്ധിക്കും ദഹനത്തിനും കത്രിക്ക

സാമ്പാറില്‍ കാണുന്ന കത്രിക്കയെ അധികമാരും ശ്രദ്ധിക്കാറില്ല. മറ്റു പച്ചക്കറികൾക്കൊരു കൂട്ട്, പിന്നെ സാമ്പാറിനിത്തിരി കൊഴുപ്പും കിട്ടട്ടെ എന്ന നിലയിലാണു മിക്ക വീട്ടമ്മമാരും കത്രിക്ക മുറിച്ചു സാമ്പാറിലിടുന്നത്. എന്നാൽ നിസാരനെന്നു കരുതുന്ന കത്രിക്കയ്ക്ക് ഔഷധഗുണങ്ങളേറെയുണ്ട്. തലമുടി വളരാനും ബുദ്ധി വളരാനും വണ്ണം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനുമെല്ലാം കത്രിക്കയ്ക്കു കഴിയും.

നാരുകൾ ധാരാളമടങ്ങിരിക്കുന്ന കത്രിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികൾ ഭക്ഷണത്തിൽ കത്രിക്ക ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. രക്തസമ്മർദം നിയന്ത്രിച്ച് ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നേടാനും കത്രിക്കയെ കൂട്ടുപിടിക്കാം.

ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റ്സ് തലച്ചോറിലെ കോശങ്ങളെ ഒരാവരണമായി സംരക്ഷിക്കുകയും പ്രവർത്തനങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അയൺ അത്യാവശ്യമാണ്. എന്നാൽ അയൺ അളവിൽ കൂടുന്നത് അതുപോലെ ദോഷകരവുമാണ്. ശരീരത്തിൽ അധികമുള്ള അയണിനെ പുറന്തള്ളി ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ കത്രിക്ക സഹായിക്കും.

ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് ധൈര്യമായി കത്രിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കത്രിക്കയുടെ മാംസളമായ ഉൾഭാഗത്ത് ജലാംശം കൂടുതലും കൊഴുപ്പു കുറവുമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാൻ ഇതു സഹായിക്കും.

ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും മലബന്ധമകറ്റാനും ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. വൻകുടലിലെ കാൻസർ തടയാനും ഇതിനു കഴിയും.

ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കും തടയാൻ ഒരു പരിധിവരെ കത്രിക്കയ്ക്കു കഴിയും. ഇതിൽ നേരിയ തോതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ പുകവലി നിർത്താൻ സഹായിക്കും.

ചർമസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകളകറ്റാനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറൽസും സഹായിക്കും.

തലമുടി ഇടതൂർന്നു വളരാനും ശിരോചർമ രോഗങ്ങളെ ചെറുക്കാനും ഇതിനു കഴിയും. ഇളം വയലറ്റ് നിറത്തിലും കടുത്ത വയലറ്റ് നിറത്തിലുമൊക്കെ കാണപ്പെടുന്ന ഉരുണ്ട കത്രിക്ക ആളു നിസാരനല്ലെന്ന് ഇപ്പോൾ മനസിലായില്ലേ?