രുചിയിൽ മാത്രമല്ല ഗുണങ്ങളിലും കേമൻ

ചുവന്നു തുടുത്ത റംമ്പുട്ടാൻ രുചിയിൽ മാത്രമല്ല ഗുണങ്ങളിലും കേമനാണ്. ഈ പഴത്തിന്റെ ചുവന്ന തോടും മരത്തിന്റെ തൊലിയും ഇലയുമെല്ലാം ഔഷധഗുണമുള്ളവയാണ്. ഈ കുഞ്ഞൻ പഴത്തിൻറെ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാം. നൂറു കണക്കിനു വർഷങ്ങൾക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങൾ പ്രമേഹത്തിനും രക്തതസമ്മർദത്തിനും മറ്റു രോഗങ്ങൾക്കുമുള്ള മരുന്നായി റംമ്പുട്ടാൻ ഉപയോഗിച്ചിരുന്നു.

ശരീരത്തിന്റെ ക്ഷീണമകറ്റി ഉൻമേഷം പ്രദാനം ചെയ്യാൻ ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സും പ്രോട്ടീനും സഹായിക്കും. ജലാംശം ഏറെ അടങ്ങിയിട്ടുള്ള ഈ പഴം ദാഹം ശമിപ്പിക്കുന്നതിനൊപ്പം ക്ഷീണമകറ്റുകയും ചെയ്യും.

റംമ്പുട്ടാനിലടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ് കാൻസറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന കോപ്പർ ശ്വേത- അരുണ രക്തകോശങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്നിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. റംമ്പുട്ടാനിലടങ്ങിയിരിക്കുന്ന കാൽസ്യം ഫോസ്ഫറസുമായി ചേർന്ന് എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു.

അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളർച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാൻ റംമ്പുട്ടാനിൽ ധാരാളമായി അടങ്ങിയിരിക്കുന്ന അയൺ സഹായിക്കും. നാരുകൾ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവർക്ക് റംമ്പുട്ടാനെ കൂട്ടുപിടിക്കാം. സാധാരണ രോഗങ്ങളായ തലവേദന, പനി അതിസാരം എന്നിവയെ ശമിപ്പിക്കാനും ഇതിനു കഴിവുണ്ട്. തലവേദന മാറാൻ റംമ്പുട്ടാന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതി.

ശരീരത്തെ ആക്രമിക്കുന്ന പനി, അതിസാരം തുടങ്ങി വിവിധ രോഗാണുക്കളിൽ നിന്നു സംരക്ഷണം നൽകാനും റംമ്പുട്ടാനു കഴിയും. ചർമത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചർമം കൂടുതൽ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും. മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകൾ നന്നായി അരച്ച് തലയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂർന്നു വളരാൻ ഇതു സഹായിക്കും. ഈ കുഞ്ഞൻ പഴം റംമ്പുട്ടാൻ അത്ര നിസാരനല്ലെന്ന് ഇപ്പോൾ മനസിലായില്ലേ?