വാർധക്യത്തിൽ മികച്ച ആഹാരം

ആഹാരത്തിൽ മിതത്വം പാലിക്കുകയും ശരീരത്തെ സംരക്ഷിക്കുന്ന, പോഷകങ്ങൾ കൂടുതലുള്ള ആഹാരം കഴിക്കുകയും ചെയ്യേണ്ട കാലമാണ് വാർധക്യം.

ദഹനപ്രശ്നങ്ങൾ കൂടുന്നു

പ്രായമായവരിൽ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനത്തിൽ 30 ശതമാനം കുറവുണ്ടാകുന്നു. ഇതു ദഹനപ്രക്രിയയെ ബാധിക്കുന്നു. ആഹാരത്തിലെ പോഷകാംശങ്ങൾ വലിച്ചെടുക്കുന്നതിനുള്ള ആന്തരികാവയവങ്ങളുടെ കഴിവും പ്രായമാകുമ്പോൾ കുറയും. അതുകൊണ്ട് വയറിനിണങ്ങുന്ന ആഹാരം തിരഞ്ഞെടുക്കണം.

പ്രായമാകുമ്പോൾ ആഹാരത്തിന്റെ രുചിയിലും ഗന്ധത്തിലും കുറവ് അനുഭവപ്പെടുന്നു. ഉപ്പുരസവും മധുരവും ആസ്വദിക്കാനുള്ള കഴിവ് വളരെ കുറയുന്നതായും കാണുന്നു. അതിനാൽ പലരും എരിവും പുളിയും കൂടുതലുള്ള ആഹാരം ഇഷ്ടപ്പെടുന്നു. എന്നാൽ ഇതുമൂലം കൂടുതൽ ഗ്യാസ് ഉണ്ടാകും നെഞ്ചെരിച്ചിലും അനുഭവപ്പെടും.

നല്ല ആഹാരപ്രമാണങ്ങൾ

∙ പലതരത്തിലുള്ള ഭക്ഷ”ണപദാർഥങ്ങൾ ഉൾപ്പെടുത്തുക. കൂടുതൽ പഴങ്ങളും പച്ചക്കറികളും പയറും ധാന്യങ്ങളും നാരുകളും എല്ലാം ചേർന്ന ഭക്ഷണം കഴിക്കുക. അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ, കിഴങ്ങ് എന്നിവ ഗ്യാസ് ഉണ്ടാക്കുന്നതിനാൽ മിതമായി മാത്രം ഉപയോഗിക്കുക.

∙ പ്രായമായവർക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം മീൻകറിയും ഒപ്പം സസ്യാഹാരവുമാണ്. അതായത് ഫിഷ് വെജിറ്റേറിയൻ. തൊലി നീക്കിയ ചിക്കൻകറി കഴിക്കാം. മട്ടൻ, ബീഫ്, പോർക്ക് ഇവ ഒഴിവാക്കാം. ഒരാഴ്ച രണ്ടിലേറെ മുട്ട കഴിക്കാൻ പാടില്ല.

∙ അമിത കൊഴുപ്പും മധുരവും നെയ്യും എണ്ണയും ഉപേക്ഷിക്കുക. അവ ദഹനക്കേടുണ്ടാക്കാം. പ്രത്യേകിച്ചു പ്രമേഹം ഉള്ളവർ. ശീതളപാനീയങ്ങൾ, കാപ്പി, പഞ്ചസാര, മസാലകൾ ഇവയുടെ ഉപയോഗം മിതമാക്കണം.

∙ അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിങ്ങനെ ഉപ്പു ധാരാളമുള്ളവ കുറയ്ക്കണം. മൈദ, റവ തുടങ്ങി നാരില്ലാത്ത പദാർഥങ്ങൾ കൊണ്ടുള്ള ആഹാരം പരിമിതപ്പെടുത്തണം.

∙ കാലറി മാത്രമടങ്ങിയ ബ്രഡ്, കേക്ക്, മധുരപലഹാരങ്ങൾ എന്നിവ തടി വർധിപ്പിക്കാം. പകരം പഴങ്ങൾ കഴിക്കാം.

∙ ആഹാരം കഴിഞ്ഞ് അര മണിക്കൂറെങ്കിലും നടക്കണം. ഉടനെ കിടക്കരുത്.

∙ വാർധക്യത്തിൽ ഉമിനീർ കുറയുന്നതിനാൽ പൊടിരൂപത്തിലും കട്ടിയുള്ളതുമായ ആഹാരം കഴിക്കുവാൻ പ്രയാസം വരും. അത്തരം ആഹാരം കഴിവതും ഒഴിവാക്കുക.

∙ നാരുകൂടിയ ഭക്ഷണവും കൂടുതൽ വെള്ളവും കഴിച്ചാൽ മലബന്ധം മാറ്റാം.

∙ രോഗത്തിനനുസരിച്ച് ആഹാരനിയന്ത്രണം പാലിക്കണം.

അളവും രീതിയും

∙ ആഹാരം അളവു കുറച്ച് ദിവസം പല പ്രാവശ്യമായി കഴിക്കുക. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുക.

ആവിയിൽ പുഴുങ്ങിയോ, തിളപ്പിച്ചോ ബേക്ക് ചെയ്തോ തയാറാക്കിയ ആഹാരമാണ് നല്ലത്. വൃത്തിയായും ആകർഷകമായും നൽകുകയും വേണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ: കെ. എൻ. രാമൻ നായർ, ഹെഡ്, ജീറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗം, ശ്രീഗോകുലം മെഡിക്കൽ കോളജ്, വെഞ്ഞാറമ്മൂട്, തിരുവനന്തപുരം.