അയ്യോ, ഇതൊന്നും കഴിക്കല്ലേ (അമിതമായി)

എന്തു കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊക്കെ ആശങ്കപ്പെടുന്നവർ ധാരാളമാണ്. എന്ത് കഴിക്കരുതെന്നും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. ആരോഗ്യമുള്ള ജീവിതത്തിന് ചില പ്രത്യേക ഇനം ഭക്ഷണങ്ങൾ നിങ്ങളുടെ തീൻമേശയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

1. പാൽ

പാൽ വളരെ സമീകൃതമായ ആഹാരമാണ്. പക്ഷേ ചിലപ്പോൾ പാൽ നിങ്ങളുടെ ആരോഗ്യശീലങ്ങൾക്കു വില്ലനായെന്നും വരാം. എന്നും പ്രാതലിനൊപ്പം, അല്ലെങ്കിൽ ഉറങ്ങും മുൻപ് പാൽ കുടിച്ചു ശീലിച്ചവരാണെങ്കിൽ തൽക്കാലം ഒരു മാസത്തേക്ക് അതൊന്നു മതിയാക്കി നോക്കു. അമിതഭാരം ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടേക്കാം.

2. ഇടഭക്ഷണം

പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവുമല്ലാതെ ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്നതു ശീലമാക്കിയിട്ടുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം വറുത്തതും പൊരിച്ചതുമായ ഇടഭക്ഷണം ഒഴിവാക്കുക. തീർച്ചയായും നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല വ്യത്യാസം കാണാൻ കഴിയും.

3. ഉരുളക്കിഴങ്ങ്

അമിതവണ്ണമുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. കറികളിൽ നിന്ന് ഉരുളക്കിഴങ്ങിന്റെ ഉപയോഗം ഒഴിവാക്കാൻ ശ്രമിക്കുക. ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്തു കൊറിക്കുന്നതും വേണ്ടെന്നുവയ്ക്കണം.

4. ഭക്ഷണശേഷം മധുരം

പ്രധാനഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മധുരപദാർഥങ്ങൾ അൽപസമയം കഴിഞ്ഞു മാത്രം കഴിച്ചു ശീലിക്കുക.

5. കാർബണേറ്റഡ് പാനീയങ്ങൾ

പെപ്സി, കൊക്കൊക്കോള തുടങ്ങിയ കാർബണേറ്റഡ് ശീതള പാനീയങ്ങൾ കഴിവതും ഒഴിവാക്കുക. നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിനു വരെ ഇതു പ്രയോജനം ചെയ്യും.