കീര കീര കൂൾ കൂൾ....

ഹിറ്റായ സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തിന്റെ മാതൃകയിൽ, ഡൽഹിക്കാരുടെ വേനൽകാല ഇഷ്ട വിഭവത്തെ ഇങ്ങനെ വിശേഷിപ്പിക്കാം– കീര കീര കൂൾ കൂൾ.... ചുട്ടു പൊള്ളുന്ന വേനൽക്കാലം വന്നെത്തിയാൽ രാജ്യതലസ്ഥാന നഗരത്തിന്റെ മുക്കിലും മൂലയിലും കീര കച്ചവടക്കാരെ കാണാം. എല്ലായിടത്തും തരക്കേടില്ലാത്ത കവച്ചവടവും. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഈ സംഭവം എന്താണന്നല്ലേ– നമ്മുടെ സ്വന്തം കക്കരിക്ക. കക്കരിയുടെ ഹിന്ദി പേരാണു കീര. നെയ്യപ്പം കൊണ്ട് മാത്രമല്ല, കീരയെക്കൊണ്ടും രണ്ടുണ്ട് ഗുണം. കഴിച്ചാൽ ജലാംശം നിലനിർത്താം, കനത്ത ചൂടിൽ നിന്നു തൊലിയെ സംരക്ഷിക്കാനുള്ള രക്ഷാകവചമായും കക്കരി ഉപയോഗിക്കാം.

പോഷക ഗുണങ്ങളേറെയുള്ള കക്കരിക്ക തണ്ണിമത്തന്റെ അതേ വിഭാഗത്തിൽ ഉൾപ്പെടുന്ന പഴ വർഗമാണ്. 96 ശതമാനം ജലമുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശരീരത്തിലെ ജലാംശം അതിവേഗം നഷ്ടപ്പെടന്ന ചൂടുകാലത്ത് ഡൽഹിക്കാർ കീരയെ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള കാരണവും മറ്റൊന്നല്ല. വെള്ളം കുടിക്കാൻ വൈകിയാലും കീര തിന്നാൽ മതിയെന്ന ചൊല്ലു തന്നെയുണ്ട് ഉത്തരേന്ത്യക്കാർക്കിടയിൽ. വേനൽ വന്നെത്തിയാൽ ചെത്തുപയ്യൻസ് മുതൽ കൊടും ചൂടിൽ അധ്വാനിക്കുന്ന തൊഴിലാളിയുടെ വരെ ഇഷ്ട ഇനമായി കീര മാറും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതു കീരയുടെ അനേക ഗുണങ്ങളിൽ ഒന്നു മാത്രമാണ്. ശരീരത്തനാവശ്യമായ വിവിധ ധാതുക്കൾ, വിറ്റാമിൻ, കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, നാര് എന്നിവ കീരയിൽ അടങ്ങിയിട്ടുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. കീര കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളിൽ ചിലത് ഇവയാണ്.

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന മലബന്ധം തടയും

സമ്മർദം കുറയ്ക്കാൻ സഹായിക്കും

ശരീരത്തിനുള്ളിലെ വിഷാംശം പുറന്തള്ളും

സ്ലിം ബ്യൂട്ടിയാകാൻ കൊതിക്കുന്നവർക്കു കക്കരിയെ വിശ്വസിക്കാം– ശരീര ഭാരം കുറയ്ക്കും

കണ്ണിനു ചുറ്റുമുള്ള കറുത്തപാട് ഒഴിവാക്കാൻ കക്കരി തണുപ്പിച്ച് കണ്ണിനു ചുറ്റും വയ്ക്കാം

രക്തസമ്മർദം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും

കക്കരി ക്യാൻസറിനെ പ്രതിരോധിക്കുമെന്നു ചില പഠങ്ങളിൽ പറയുന്നു

കക്കരി ഒരു ചെറിയ കായല്ലെന്നു ഇപ്പോൾ മനസ്സിലായില്ലേ? എങ്കിൽ കക്കരി കഴിക്കൂ, കൂളാകൂ....