തിരുവാതിരയ്ക്കു കഴിക്കാം പുഴുക്ക്

ഡിസംബർ-ജനുവരി മാസങ്ങൾ കിഴങ്ങു വിളകളുടെ കാലമാണ്. തണുപ്പ് അധികരിക്കുന്ന ഈ കാലയളവിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കിഴങ്ങുവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ധനുമാസത്തിലെ തിരുവാതിരനാളിലുണ്ടാക്കുന്ന ഒരു വിഭവമാണ് തിരുവാതിരപ്പുഴുക്ക്. കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക എന്നിവയാണ് പുഴുക്കിൽ പ്രധാനം. ഇവയെല്ലാം തന്നെ അന്നജം, നാരുകൾ ഇവയാൽ സമ്പുഷ്ടമാണ്. ഉയർന്ന അളവിൽ അന്നജം അടങ്ങിയിരിക്കുന്നതിനാൽ ദഹനം സുഗമമാക്കുന്നു. നാരുകളുടെ കലവറയായതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുലനം ചെയ്ത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ചേന അർശ്ശസിന് ആശ്വാസം നൽകും. തളർച്ച, ക്ഷീണം ഇവ ഇല്ലാതാക്കി ശരീരത്തിന് നല്ല ഊർജ്ജം ചേമ്പ് പ്രദാനം ചെയ്യുന്നു. കിഴങ്ങുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

തിരുവാതിരപ്പുഴുക്ക് തയാറാക്കുന്ന വിധം

ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, ഏത്തക്ക ഇവ കഷണങ്ങളാക്കി അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിക്കുക. വെന്തുകഴിയുമ്പോൾ വൻപയർ വേവിച്ചതു ചേർത്തിളക്കുക. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് അല്ലെങ്കിൽ ചുവന്നമുളക് എന്നിവ ചതച്ചത് ചേർത്തിളക്കുക. കുഴഞ്ഞു വരുമ്പോൾ മുകളിലേക്ക് പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ചേർത്ത് തീ കെടുത്തി അടച്ചുവയ്ക്കുക. അൽപം കഴിഞ്ഞ് ഒന്നുകൂടി ഇളക്കുക. തിരുവാതിരപ്പുഴുക്ക് തയ്യാർ.