തണ്ണിമത്തൻ വെറുമൊരു ജ്യൂസല്ല

ഉഷ്ണകാലത്ത് ദാഹം ശമിപ്പിക്കാൻ ഒരു കൂട്ട്, എളുപ്പത്തിൽ ഒരു ജ്യൂസ്, ചെറുതായി മുറിച്ചാൽ ആരെയും ആകർഷിക്കുന്ന ആകൃതി... ഇതിനപ്പുറം വരില്ല തണ്ണിമത്തനെക്കുറിച്ചുള്ള നമ്മളുടെ ധാരണ. എന്നാൽ ഈ തണ്ണിമത്തൻ ഒരു ഒൗഷധഖനിയാണെന്ന് എത്ര പേർക്കറിയാം? ഇനി വായിക്കുക.

ഹൃദയാരോഗ്യത്തിനു തണ്ണിമത്തൻ

ഹൃദ്രോഗങ്ങൾ അകറ്റി നിർത്താൻ തണ്ണിമത്തൻ കഴിച്ചാൽ മതിയത്രേ. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രിലിന് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ പ്രധാന പങ്കുണ്ട്. രക്തസമ്മർദം കുറയ്ക്കുകയും രക്തധമനികളിൽ കൊഴുപ്പടിയുന്നതു തടയുകയും ചെയ്ത് ഹൃദയത്തെ കാക്കുന്നു.

രോഗപ്രതിരോധ ശേഷി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ പറ്റിയ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6, ബി1, സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

കാൻസർ തടയാൻ

തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്സ് കാൻസറിനെ തടയുന്നു.

തടി കുറയ്ക്കാൻ

തടി കുറയ്ക്കാൻ തണ്ണിമത്തൻ കൂട്ടു പിടിക്കാം. ഒരു സാധാരണ തണ്ണിമത്തനിൽ 18 ശതമാനം നാരും 92 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കഴിച്ചാൽ വിശപ്പും കുറയും തടിയും കുറയും.

വ്യായാമത്തിനു ശേഷം ഉൻമേഷം

വ്യായാമം ചെയ്തതിനു ശേഷം ക്ഷീണം മാറാൻ ഒരു ഗ്ളാസ് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ മതി. ആദ്യമായി വ്യായാമം ചെയ്തു തുടങ്ങുന്നവർക്ക് പിറ്റേന്ന് ശരീരവേദന ഉറപ്പാണ്. ഇതകറ്റാൻ വ്യായാമത്തിനു മുൻപ് മൂന്നു നാലു കഷണം തണ്ണിമത്തൻ കഴിച്ചാൽ മതി. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് രക്തധമനിയിലൂടെയുള്ള രക്തപ്രവാഹം സുഗമമാക്കി വേദന കുറയ്ക്കുന്നു. വ്യായാമത്തിനു മുൻപും ശേഷവും തണ്ണിമത്തൻ കഴിക്കാം.

കിഡ്നിയെ കാക്കാം

ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശം നീക്കം ചെയ്ത് കിഡ്നിയുടെ പ്രവർത്തനം സുഗമമാക്കുന്നു.

കണ്ണിനും വേണം

തണ്ണിമത്തനിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വിറ്റാമിൻ എ ആവശ്യമാണ്. പ്രായാധിക്യം മൂലമുള്ള കാഴ്ചമങ്ങലും നിശാന്ധതയും അകറ്റാൻ തണ്ണിമത്തൻ ധാരാളമായി കഴിക്കാം.

ബുദ്ധി കൂട്ടാൻ

കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ തണ്ണിമത്തൻ കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 ബുദ്ധിക്ക് ഉണർവ് നൽകുന്നു.

ലൈംഗികശേഷി

ലൈംഗികശേഷി വർദ്ധിപ്പിക്കാൻ തണ്ണിമത്തൻ കഴിക്കാം.

വഴിയരികിലിരിക്കുന്ന തണ്ണിമത്തൻ ആളൊരു കേമനാണെന്ന് ഇപ്പോൾ മനസിലായില്ലേ?