Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയെ പിടിച്ച ഡോ.ചുവ

chuakb

1990ലെ ഒരു ഞായറാഴ്ച. ഉച്ചഭക്ഷണവും അത്താഴവുമൊക്കെ ഒഴിവാക്കി കാവ് ബിങ് ചുവ എന്ന ശാസ്ത്രവിദ്യാർഥി, പരീക്ഷണശാലയിലെ മൈക്രോസ്കോപ്പിനു മുന്നിൽത്തന്നെ ചെലവഴിച്ചു. കാരണം, താൻ കണ്ടെത്തിയ വൈറസ് അത്രയ്ക്കു മാരകമാണെന്ന് ആ വിദ്യാർഥിക്കു തോന്നി. ക്വാലലംപുരിലെ മലയ സർവകലാശാലയിലെ വൈറോളജി ലാബിൽ ചുവ അന്നു കണ്ടെത്തിയത്, മാരകമായ നിപ്പ വൈറസിനെയായിരുന്നു. എന്നാൽ, ചുവയുടെ കണ്ടെത്തലിനെ അംഗീകരിക്കാൻ പലരും വിസമ്മതിച്ചു. പരീക്ഷണമൊക്കെ വലിച്ചെറിയാനായിരുന്നു വകുപ്പുമേധാവിയുടെ നിർദേശം. പക്ഷേ, ചുവ വിട്ടില്ല. കോളോയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ലാബിലേക്കു പറന്നു. അവിടെ ഈ വൈറസ് പരിശോധിച്ച ശാസ്ത്രജ്ഞന്മാർ അമ്പരന്നു. പാരാമൈക്സോ വിഭാഗത്തിൽപെട്ട മാരകമായ വൈറസാണ് അതെന്ന് അവർ തിരിച്ചറിഞ്ഞു. 

അപ്പോഴേക്കും മലേഷ്യയിൽ നിപ്പ പടർന്നുകഴിഞ്ഞിരുന്നു. ഒട്ടേറെപ്പേർ മരിച്ചു. കൊതുകിൽനിന്നു പടരുന്ന എന്തോ രോഗമാണെന്നു കരുതി വ്യാപകമായ കൊതുകുനശീകരണത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു മലേഷ്യയിലെ ആരോഗ്യ വകുപ്പ്. എന്നാൽ, ഈ വൈറസുകളെ കണ്ടെത്തിയതോടെ പന്നികളിൽനിന്നാണ് രോഗം പകരുന്നതെന്നു വ്യക്തമായി. അങ്ങനെ പന്നികളെ കൊന്നൊടുക്കുകയും ആറുമാസത്തോളം മലേഷ്യയിൽ ഭീതിപടർത്തിയ രോഗം, ശമിക്കാൻ തുടങ്ങുകയും ചെയ്തു. 

കെ.ബി.ചുവ ഡോക്ടറായി, ഇംഗ്ലണ്ടിലും യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലും ഉപരിപഠനം നടത്തി. യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിൽ മെഡിക്കൽ മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കവേ മറ്റൊരു വൈറസിനെ കണ്ടെത്തി – ടിയോമാൻ വൈറസ്. ഇതും പാരാമൈക്സോ വിഭാഗത്തിൽ പെട്ടതായിരുന്നു. പിന്നീടു നാലുതരം വൈറസുകളെക്കൂടി ചുവ കണ്ടെത്തി.

ഇപ്പോൾ സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയൻസസ് ലബോറട്ടറിയിൽ സ്ട്രാറ്റജിക് ഗവേഷണവിഭാഗം സീനിയർ ഡയറക്ടറാണു ഡോ. ചുവ. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ തടയാനുള്ള വാക്സിൻ കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി 65–ാം വയസ്സിലും ഗവേഷണം തുടരുന്നു.