പിടിച്ച വവ്വാലിൽ വൈറസില്ല; ഇനി ഈ വിവരങ്ങൾ നിർണായകം

പേരാമ്പ്രയിൽ മൂന്നു പേർ മരിച്ച വീട്ടിലെ കിണറ്റിൽനിന്നു പിടിച്ച വവ്വാലുകളിൽ നിപ്പ വൈറസ് ഇല്ലെന്നു പരിശോധനാഫലം. രക്തം, സ്രവം, വിസർജ്യം ഉൾപ്പെടെയുള്ള സാംപിളുകളാണു ഭോപ്പാലിലെ ലാബിൽ പരിശോധിച്ചത്. പശു, ആട്, പന്നി സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. രോഗത്തിന്റെ ഉറവിടം ഏതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. 

പിടിച്ച വവ്വാലുകൾ പ്രാണികളെ ഭക്ഷിക്കുന്ന ഇനം (ഇൻസെക്ടിവോറസ് ബാറ്റ് – മെഗാഡെർമ സ്പാസ്മ)  ആയതിനാൽ  വിദഗ്ധർ നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. നിപ്പ വൈറസ് മുൻപു കണ്ടെത്തിയിട്ടുള്ളതു പഴംതീനി വവ്വാലുകളിലാണ് (ഫ്രൂട്ട് ബാറ്റ്). മേഖലയിൽ ബാക്കിയുള്ള വവ്വാലുകളുടെ സാംപിൾ ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘമെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം വിസർജ്യം ഉൾപ്പെടെയുള്ള ശേഖരിച്ചു വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും.

ആദ്യ രോഗിയുടെ വിദേശയാത്ര അന്വേഷിക്കുന്നു

ആദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയിൽ പോയിരുന്നോ എന്നതുൾപ്പടെയുള്ള വിവരങ്ങൾ അന്വേഷിക്കാൻ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വവ്വാലുകളിൽ വൈറസ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ അന്വേഷണം നിർണായകമാകും. കിണർ വൃത്തിയാക്കാൻ കൂടിയ ഇതര സംസ്ഥാനത്തൊഴിലാളികളെ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.

Read More : Nipah Virus | Health News