ആർത്തവം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമോ?

ആർത്തവ സമയങ്ങളില്‍ ഒന്നിനും ഒരു മൂഡും തോന്നുന്നില്ല എന്ന് ചിലരെങ്കിലും പറയാറില്ലേ. ഈ സമയങ്ങളിൽ ജോലിയിൽ മാനസികമായി മുഴുകാൻ സാധിക്കാറില്ല എന്നാണ് ചിലരുടെ പരാതി. ആർത്തവചക്രം സൗഖ്യത്തെയും  ബൗദ്ധികപ്രവർത്തനങ്ങളെയും  ബാധിക്കുന്നുവെന്ന് നിരവധി സ്ത്രീകൾ കരുതുന്നുണ്ട്. എന്നാൽ ആർത്തവസമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കില്ല എന്ന് ഒരു പഠനം പറയുന്നു. 

സ്വിറ്റ്സർലണ്ടിലെ സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ബ്രിഗാറ്റ് ലീനേഴ്സിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. രണ്ട് ആർത്തവ ചക്രത്തിൽ ബൗദ്ധികമായ അറിവിന്റെ മൂന്ന് ആസ്പെക്ടുകൾ പരിശോധിച്ചു. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ടെസ്റ്റോസ്റ്റീറോൺ എന്നീ മൂന്നു ഹോർമോണുകളുടെയും  അളവ് വർക്കിങ് മെമ്മറിയിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നു കണ്ടു. ബൗദ്ധികമായ പക്ഷപാതം, രണ്ടു കാര്യങ്ങളിൽ ഒരേ സമയം ശ്രദ്ധ കൊടുക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കാനും ഇവയ്ക്കു കഴിയില്ലെന്നു കണ്ടു.

68 സ്ത്രീകളിലാണ് പഠനം നടത്തിയത്. ആർത്തവ ചക്രത്തിന്റെ മൂന്നു ഘട്ടങ്ങളിൽ അവരുടെ ബൗദ്ധിക പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റം വിശദമായി നിരീക്ഷിച്ചു.

ആദ്യ ഘട്ടത്തിൽ ശ്രദ്ധയെയും ബുദ്ധിപരമായ പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി കണ്ടെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ ഇവയെ ബാധിച്ചില്ല. ഓരോരുത്തരുടെയും ബൗദ്ധികമായ പ്രവർത്തനങ്ങളിലെ വ്യത്യാസം ശ്രദ്ധിച്ച ഗവേഷകർ ഇവരിൽ മാറ്റമൊന്നും കണ്ടില്ല.

ഫ്രണ്ടിയേഴ്സ് ഇൻ ബിഹേവിയറൽ ന്യൂറോ സയൻസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.