ഗർഭിണികൾ കിവിപ്പഴം കഴിച്ചാൽ?

ഗർഭകാലത്ത് പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏവർക്കുമറിയാം, എന്നാൽ കിവിപ്പഴത്തെക്കുറിച്ച് ഗർഭിണികളോട് അൽപ്പം പറയേണ്ടതുണ്ട്. ലോകത്ത് ലഭ്യമായ ഏറ്റവും പോഷകമൂല്യമുള്ള പഴങ്ങളിലൊന്നാണ് കിവി. ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു. മൂന്ന് ഇഞ്ച് നീളമുള്ള ഏകദേശം ഒരു കോഴിമുട്ടയുടെ വലിപ്പമുള്ള സ്വാദിഷ്ഠമായ പുളിരസമുള്ള ഈ പഴത്തിൽ ഗർഭിണികൾക്കാവശ്യമായ നിരവധി ഘടകങ്ങളാണുള്ളത്. 

വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നിഷ്യം എന്നിവയാണ് കിവിയിൽ അടങ്ങിയിരിക്കുന്നത്. മനുഷ്യശരീരത്തിനു വിറ്റമിന്‍ സി ഉത്പാദിപ്പിക്കാനുളള കഴിവില്ല. അതിനാൽ കഴിക്കുന്ന ആഹാരത്തിലൂടെ വേണം ഇതു ശരീരത്തിലെത്തേണ്ടത്. 

വിറ്റമിൻ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗർഭസ്ഥശിശുവിനും ഗർഭിണിക്കും ആവശ്യമായ വിറ്റമിൻ സി ഇതുവഴി ശരീരത്തിലെത്തും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയാനും കിവിപ്പഴത്തിന്റെ ഉപയോഗം സഹായകമാകും.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈ പഴം ഗർഭിണികൾ കഴിക്കുന്നത് നല്ലതാണ്. കിവിയില്‍ പൊട്ടാസ്യം ധാരളം ഉണ്ട് അതിനാൽ രക്തസമ്മർദം നിയന്ത്രിച്ച് നിർത്തുന്നു. 

രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കിവിപ്പഴം കഴിക്കുന്നത് നല്ലതാണത്രെ.

ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങളൊഴിവാക്കാൻ കിവി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ മതിയെന്ന് വിവിധ പഠനങ്ങൾ പറയുന്നു. അലർജിയോ ദഹന സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയശേഷം കഴിക്കുക. 

Read More: Pregnancy Health