ഡോക്‌ടർക്ക്‌ നഗ്‌നത കാണാമോ...പ്രസവം കാണാമോ...ശരീരം വെളിവാക്കാമോ... ഡോ. ഷിംന അസീസ് പറയുന്നു

ഗർഭകാലവും പ്രസവവും– ഇതൊരു കരുതൽ കാലമാണ്. ഒന്നാം മാസം മുതൽ പ്രസവം വരെയുള്ള പത്തുമാസം അതീവശ്രദ്ധ ചെലുത്തേണ്ട സമയം. ആദ്യമാസം മുതൽ ഡോക്ടറെ കണ്ട് അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും ഇപ്പോഴും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂട്ടുപിടിച്ച് യാതൊരു പ്രാവീണ്യവും ലഭിക്കാത്തവരെക്കൊണ്ട് വീട്ടിൽത്തന്നെ പ്രസവം നടത്തി ആപത്ത് വിളിച്ചുവരുത്തുന്നവരുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏതാനുംദിവസം മുൻപ് മലപ്പുറത്തു നടന്നത്. 

പ്രസവം അത്ര ലളിതമായി കാണേണ്ട ഒന്നാണോ? ഡോക്‌ടർക്ക്‌ നഗ്‌നത കാണാമോ...പ്രസവം കാണാമോ...ശരീരം വെളിവാക്കാമോ... ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഡോക്‌ടർക്ക്‌ നഗ്‌നത കാണാമോ...പ്രസവം കാണാമോ...ശരീരം വെളിവാക്കാമോ...

ഞാനൊരു മലപ്പുറത്തുകാരി മുസ്‌ലിം സ്‌ത്രീയാണ്‌. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാൽ ഇസ്‌ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഇഷ്‌ടപ്പെടുന്നവൾ.

 

ഞാനൊരു ഡോക്‌ടറും കൂടിയാണ്‌.എനിക്ക്‌ രണ്ട്‌ മക്കൾ. രണ്ട്‌ പ്രസവവും ആശുപത്രിയിൽ നിന്ന്‌. രണ്ടാമത്‌ സിസേറിയൻ ചെയ്‌തത്‌ എന്റെ തന്നെ പ്രഫസർ. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സർജറി.

 

സ്വന്തം താൽപര്യമൊന്നുകൊണ്ടു മാത്രം മെഡിക്കൽ സയൻസ്‌ പഠിക്കാൻ തീരുമാനിച്ചവൾ. ആദ്യവർഷം അനാട്ടമി പഠിപ്പിക്കാൻ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികൾ. നൂൽബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാൻ പോലും രണ്ട്‌ ദിവസം എനിക്ക്‌ നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവർക്കും എനിക്കും സമമെന്ന്‌. അസ്‌തിത്വം ഇതാണ്‌, വസ്‌ത്രമെന്ന മറയ്‌ക്കപ്പുറം എല്ലാവരും മണ്ണിൽ അഴുകാനുള്ളവരെന്ന തിരിച്ചറിവ്‌ ആണിയടിച്ച്‌ ഉറപ്പിച്ചു.

 

രണ്ടാം വർഷം ആദ്യ ക്ലിനിക്കൽ ക്ലാസിൽ എന്റെ ആദ്യ കേസായി ഞാൻ കണ്ടത് വൃഷ്‌ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട്‌ അസ്വസ്‌ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത്‌ ഡോക്‌ടറാണ്‌, വിഷമിക്കേണ്ട എന്ന്‌ പറയാനും പഠിച്ചത്‌ ഏതാണ്ടൊരാഴ്‌ച കൊണ്ടായിരുന്നു.

 

ആദ്യമായി പ്രസവം കാണാൻ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കൽ വിദ്യാർത്ഥികൾ. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവർ നിന്ന്‌ വിയർക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യാതെ അവർ രണ്ടു പേരും ഇടക്ക്‌ വെച്ച്‌ ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങൾക്കെല്ലാം ഒന്ന്‌ പെറ്റെണീറ്റ ആശ്വാസമായിരുന്നു.

 

പ്രസവസമയത്ത്‌ പുരുഷ ഗൈനക്കോളജിസ്‌റ്റിനോളം കരുണ സ്‌ത്രീകളിൽ കണ്ടിട്ടില്ല. പ്രസവസമയത്ത്‌ ഡോക്‌ടറോ സ്‌റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട്‌ കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാൻ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക്‌ ഓരോ സങ്കീർണതയും ഒഴിവാക്കാൻ ഡോക്ടർ ശ്രദ്ധിക്കുന്നുണ്ടാകും.

 

കുഞ്ഞ്‌ കിടക്കുന്ന നിലയൊന്ന്‌ മാറിയാൽ, അമ്മ അപ്രതീക്ഷിതമായി പ്രഷർ കൂടി ബോധരഹിതയായാൽ, പ്രസവശേഷം മറുപിള്ള വേർപെട്ടില്ലെങ്കിൽ...

ഷിംനയുടെ പെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം