ഈ ഇരുത്തം കാൻസറിലേക്കെത്തിക്കും

മണിക്കൂറുകൾ പോകുന്നതറിയാതെയുള്ള ഒരേയിരുപ്പ് സ്ത്രീകളിൽ അർ‌ബുദത്തിന് വഴിവയ്ക്കുമെന്ന് പഠനം. ഇന്ത്യൻ വംശജയായ അൽപാ പട്ടേലിൻറേതാണ് പഠനഫലം. ഇക്കാരണം കൊണ്ട് സ്ത്രീകളിൽ സ്തനാർബുദവും അണ്ഡാശയത്തിൽ കാൻസറും വരാനുള്ള സാധ്യത പത്ത് ശതമാനമാണ്.

നീണ്ട നേരത്തെ യാത്രകൾ, കംപ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്ന സമയം, ജോലി എന്നിവയ്ക്കെല്ലാം വേണ്ടി സ്ത്രീകൾ ഒരു ദിവസത്തിലെ പകുതിയിലധികം സമയവും ഇരിക്കുന്നുണ്ട്. എന്നാൽ ഇതേ പ്രവ‍ൃത്തി തന്നെയാണ് പുരുഷൻമാരും ചെയ്യുന്നതെങ്കിലും അവരിൽ ഇതുമൂലം കാൻസർ വരാനുള്ള സാധ്യതയില്ലെന്നും പഠനത്തിൽ വ്യക്തമായി.

ശരീരത്തിന് നല്ല വ്യായാമം നൽ‌കുന്നതാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള നല്ല മാർഗങ്ങളിലൊന്നെന്ന് വൈദ്യലോകം പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. അധിക നേരം ഇരിക്കുന്നത് കാൻസർ‌ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പഠനഫലമുണ്ട്. സാങ്കേതികതയുടെ വളർച്ച മൂലം നിത്യജീവിതത്തിലൊട്ടേറെ നേരം സ്ത്രീകൾ‌ ഇരുന്ന് ചെലവഴിക്കുന്നുണ്ട്.

വിനോദത്തിനായിട്ട് നീക്കിവയ്ക്കുന്ന ഈ സമയം കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്ന നിഗമനത്തിലേക്കാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ അൽപാ പട്ടേൽ എത്തിയത്. സ്ത്രീകളും പുരുഷൻമാരുമുൾപ്പെട്ട 146,000 ആളുകളിലാണ് അൽപ പഠനം നടത്തിയത്. 1992നും 2009നും അയിൽ 18,555 പുരുഷൻമാരിലും 12,236 സ്ത്രീകളിലുമാണ് അമേരിക്കയിൽ കാൻസർ സ്ഥിരീകരിച്ചത്.