Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യത്തെ പെൺമണിക്ക് അമിതഭാരത്തിന് സാധ്യത

babies

ഒരു കുടുംബത്തിലെ ആദ്യം ജനിക്കുന്ന പെൺകുട്ടി അവളുടെ ഇളയസഹോദരിയേക്കാൾ അമിതവണ്ണമുള്ളവളായിത്തീരാൻ സാധ്യത. ജനനത്തിന്റെ ക്രമവും ശരീരഭാരവും തമ്മിൽ ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് ലണ്ടനിൽ നടന്ന പഠനത്തിൽ നിന്നാണ് ഈ നിഗമനം. മുൻപ് ഇതേ പഠനം പുരുഷന്മാരിൽ നടത്തിയപ്പോൾ ആദ്യം ജനിക്കുന്ന ആൺമക്കൾക്ക് അമിതവണ്ണത്തിന്റെ സാധ്യത തെളിഞ്ഞിരുന്നു. സ്ത്രീകളിലും ഇതേ നിഗമനത്തിൽ തന്നെയാണ് ഗവേഷകർ എത്തിച്ചേർന്നത്.

സ്വീഡനിലെ ജനനറജിസ്റ്റർ പരിശോധിച്ചാണ് ഗവേഷകർ ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. പതിനെട്ടുവയസ്സിനു മേൽ പ്രായമുള്ള സ്ത്രീകളിൽ ആദ്യ പെൺകുട്ടിയായി ജനിച്ചവരിൽ ഇളയ സഹോദരിയേക്കാൾ അമിതവണ്ണം കണ്ടെത്തിയത്രേ. ഇവരുടെ പ്രസവസമയത്തെ ശരീരഭാരമാണ് ഏകകമായി കണക്കാക്കിയത്. ആദ്യ പെൺകുട്ടിയായി ജനിച്ചവർക്ക് അവരുടെ പ്രസവസമയത്തെ ശരീരഭാരം ഇളയ പെൺകുട്ടിയായി ജനിച്ചവരേക്കാൾ താരതമ്യേന കൂടുതലായിരുന്നു.

ഇരട്ടസഹോദരികളായി ജനിച്ചവരെ ഈ പഠനത്തിൽ നിന്നൊഴിവാക്കിയിരുന്നു. ആദ്യം ജനിച്ച പെൺകുട്ടികളിൽ പലർക്കും ജനനസമയത്ത് താരതമ്യേന ഭാരം കുറവായിരുന്നു. എന്നാൽ പ്രായപൂർത്തിയായതിനു ശേഷം ഇവരിൽ അമിഭാരത്തിന്റെ സാധ്യത വർധിക്കുകയായിരുന്നത്രേ. എല്ലാവരിലും ഇതേ കണ്ടെത്തൽ പൂർണമായും ശരിയാകണമെന്നില്ലെന്നും ജീവിതസാഹചര്യങ്ങളുമായും ഭക്ഷണരീതികളുമായും അമിതവണ്ണത്തിനു ബന്ധമുണ്ടെന്നും ലണ്ടനിലെ ഗവേഷകർ ഓർമപ്പെടുത്തി.