സ്തനവലുപ്പം കുറയ്ക്കാൻ ചെയ്യേണ്ടത്?

വലിയ മാറിടങ്ങൾ സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായാണ് കരുതുന്നത്. എ‌‌ന്നാൽ അവ ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കാറുണ്ട്. അമിതമായ മാറിടവളർ‌ച്ച മാക്രോമാസ്റ്റീയ അഥവാ ജൈജാന്റോ മാസ്റ്റീയ എന്നറിയപ്പെടുന്നു. പ്രധാനമായും രണ്ട് പ്രായക്കാരിലാണ് ഈ പ്രശ്നം കൂടുതൽ കാണുന്നത്. കൗമാരക്കാരിലും പ്രസവം കഴിഞ്ഞ സ്ത്രീകളിലും. കൗമാരക്കാരിൽ പാൽ ഗ്രന്ഥികളുടെ അ‌മിതവളർച്ചയാണ് സ്തനവലുപ്പം കൂട്ടുന്നത്. ഇവരിലെ സ്തനവളർച്ച പാരമ്പര്യ ‌സ്വാധീനം മൂലമോ ഹോർമോൺ തകരാറുകൾ കൊണ്ടോ ആണ് വരാറ്. മറ്റു ‌പ്രായക്കാരിൽ അമിതമായി കൊഴുപ്പടിയുന്നതാണ് പ്രശ്നം.

അമിതവണ്ണത്തോടനുബന്ധിച്ചും ഈ പ്രശ്നം കാണാറുണ്ട്. ശരീരത്തിന് ആനുപാതികമല്ലാത്ത രീതിയിൽ സ്തനവളർച്ചയുണ്ടാകുമ്പോഴാണ് അമിത സ്തനവളർച്ച എന്നു പറയുന്നത്. 300–600 ഗ്രാമാണ് ശരാശരി സ്തന‌ഭാരമെന്നു പറ‌യാറുണ്ട്. പക്ഷേ, ഓരോരുത്തരുടെയും ശരീരപ്രകൃതിയും ഭാരവും അനുസരിച്ച് ഇതു വ്യത്യാസപ്പെടാറുണ്ട്. അമിതസ്തനവളർച്ചയുടെ കാര്യത്തില്‍ ഒരു പ്ലാസ്റ്റിക് സർജന്റെ അഭിപ്രായമാകും അവസാനവാക്ക്.

തിരിച്ചറിയാൻ

സ്തനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അമിതവളർച്ചയുടെ മുന്നറിയിപ്പുകളാകാം. മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും (ഏരിയോള) താ‌‌‌‌ഴേക്കു തൂ‌ങ്ങുക, നെഞ്ചിൽ കനം തോന്നുക, മാറിടങ്ങളുടെ താഴ്ഭാഗത്തായി തൊലി പൊട്ടിക്കീറുക, ചർമത്തിലുണ്ടാകുന്ന ചുവന്ന തടിപ്പുകൾ, തോളിനു താ‌ഴെ പിന്നിലായി ചെറിയ കുഴികൾ, മാറിടങ്ങളുടെ വശങ്ങളിൽ വേദന, ഉരഞ്ഞു പൊട്ടുക, കഴുത്ത്, തോള്, നടുവ് എന്നിവിടങ്ങളിൽ വേദന എന്നിവയൊക്കെ അമി‌ത സ്തന‌വളർച്ചയുടെ ഭാഗമായി വരാം. ഇടതിങ്ങിയ മാറിടങ്ങൾക്കിടയിൽ വിയർപ്പു കെട്ടിക്കിടന്നാൽ യീസ്റ്റ് അണുബാധകളും തടിപ്പും ഉണ്ടാകാം. മാറിടങ്ങൾ തൂങ്ങിക്കിടക്കുന്നത് ശാ‌രീരികനിലയേയും ബാധിക്കും. മുന്നോട്ടു കൂനി നടക്കാനുള്ള പ്രവണത ഇ‌ത്തരക്കാരിൽ കാണാറുണ്ട്.

ഇതൊരു ഗുരുതരമായ ആരോഗ്യപ്രശ്നമല്ലെങ്കിലും ഇഷ്ടപ്പെട്ട വേഷം ധരി‌ക്കാനകാതെ വരുന്നതും അപമാനകരമായ കമന്റുകൾ കേള്‍ക്കേണ്ടി വരുന്നതും സ്ത്രീകളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും.

സ്തനഭാരം മാത്രം കുറയ്ക്കാമോ?

സ്തനഭാരം മൂലം വിഷമിക്കുന്ന സ്ത്രീകൾ പലപ്പോഴും ഇക്കാര്യം തുറന്നു പറഞ്ഞ് ചികിത്സ തേടാൻ മടിക്കും. നാലാളറിയാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടയിൽ വിപണികളിലെ കള്ളക്കളികൾക്ക് ഇവർ പലപ്പോഴും ഇരയാകാറുമുണ്ട്. ഇതിലേറ്റവും വലിയ തട്ടിപ്പാണ് ശസ്ത്രക്രിയ കൂടാതെ മാ‌റിടത്തിലെ കൊഴുപ്പ് മാത്രമായി നീക്കാമെന്ന വാഗ്ദാനം. യഥാര്‍ഥത്തിൽ മാ‌‌‌‌‌റിടങ്ങ‌ളിലെ കൊഴുപ്പു മാത്രമായി നീക്കാനായി (സ്പോട്ട് റിഡക്‌ഷൻ) നിലവിൽ മാർഗങ്ങളൊന്നുമില്ല. അമിതവണ്ണത്തിന്റെ ഭാഗമായാണ് സാധാരണഗതിയിൽ അമിത‌‌‌‌‌‌‌‌‌‌‌സ്തനവളർച്ചയും കാണാറുള്ളത്. അങ്ങനെയുള്ളവരിൽ അമിതമായുള്ള ശരീര‌ഭാരം കുറയ്ക്കുമ്പോൾ അതിന് ആനുപാതികമായി സ്തനത്തിലെ കൊഴു‌പ്പും നീങ്ങിക്കൊള്ളും. ഹോർമോൺ ക്രമക്കേടുകളോ മറ്റു ശാരീരികപ്രശ്നങ്ങളോ കൊ‌ണ്ടാണോ സ്തനവളർച്ച അമിതമാകുന്നതെന്നും പരിശോധിച്ചറിയണം. പാരമ്പര്യമായി അമിതസ്തനവളർച്ചയുള്ള കൗമാരക്കാരിൽ വലുപ്പം കുറ‌യ്ക്കാനുള്ള ശാസ്ത്രക്രിയ തന്നെയാകും അഭികാമ്യം.

മധുരവും കൊഴുപ്പും കുറയ്ക്കണം

ഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങേണ്ടത് ഭക്ഷണത്തിൽ നിന്നാണ്.

∙ ആദ്യം വേണ്ടത് രാത്രി ഭക്ഷണം ആരോഗ്യകരമായി ക്രമീകരിക്കുകയാണ്. രാത്രി 7 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കണം. സ്ഥിരം കഴിക്കുന്നതിൽ നിന്നും അളവു കുറ‌‌യ്ക്കുക.

∙ പതിയെ ചോറിന്റെ അളവു കുറയ്ക്കുക. ധാരാളം പച്ചക്കറികളും നാരുള്ള ഭക്ഷണ‌ങ്ങളും കഴിക്കുക. ഉച്ചയ്ക്ക് ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഉപേക്ഷിക്കുക.

∙ മധുരവും അമിതകൊഴുപ്പും സ്തനത്തിലെ കൊഴുപ്പളവു കൂട്ടും. അതും ഒഴി‌വാക്കണം. സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങളും എണ്ണയിൽ പൊരിച്ചതും കുറ‌ച്ചു മാത്രം കഴിക്കുക. മാംസഭക്ഷണം വല്ലപ്പോഴുമാക്കുക, പ്രത്യേകിച്ച് ‌ബ്രോയിലർ പക്ഷിമാംസം.

∙ ധാരാളം വെള്ളം കുടിക്കണം.

ശസ്ത്രക്രിയ

അമിതവലുപ്പം കുറച്ച് സ്തനത്തെ ഉയർന്നതും സുന്ദരവുമാക്കുന്ന ശസ്ത്രക്രിയ‌‌‌‌‌‌‌യാണ് റിഡക്‌ഷൻ മാമ്മോപ്ലാസ്റ്റി. വലിയ സ്തനമുള്ളവരിൽ മുല‌ക്കണ്ണും ചുറ്റുമുള്ള ഭാഗവും താഴ്ന്നായിരിക്കും. ഓരോരുത്തരുടെയും ഉയരവും ശരീരഘടനയുമനുസരിച്ച് മുലക്കണ്ണു വരേണ്ട ഭാഗം കൃത്യമായി അളന്ന് അത് അ‌ങ്ങോട്ടുവരത്തക്കവിധം ഉയർത്തി മാറ്റുന്നു. ഈ ശാസ്ത്രക്രിയ മുലയൂട്ടുന്നതിന് പ്രയാസം വരുത്തുമെന്ന് ആരോപണമുണ്ടെങ്കിലും അതു ശരിയല്ല. കൗമാര‌ക്കാരിൽ അധികമുള്ള ഗ്രന്ഥികോശങ്ങൾ നീക്കുമെങ്കിലും കുറച്ച് നിലനിർത്താറുണ്ട്. സാ‌‌ധാരണയായി ഗർഭസമയത്ത് ഇത് വലുതായി മുലയൂട്ടൽ സാധ്യമാക്കും. ഏകദേശം 35,000 രൂപയാണ് ശസ്ത്രക്രിയാചെലവ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിൽജിത് വി, ജി,
എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ

ഡോ. അനിതാമോഹൻ, തിരുവനന്തപുരം

സുമേഷ്കുമാർ, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ