ഗർഭിണികൾക്കായി ബോധവൽക്കരണ ശിൽപശാല

അബോർഷനെക്കുറിച്ചും ഗർഭകാലത്തു പിടിപെടാറുള്ള അസുഖങ്ങളെക്കുറിച്ചും ഗർഭിണികളെ ബോധവൽക്കരിക്കാനായി മുംബെയിൽ ശിൽപശാല സംഘടിപ്പിച്ചു. അഞ്ഞൂറിലധികം സ്ത്രീകൾ പങ്കെടുത്ത ശിൽപശാല സംഘടിപ്പിച്ചത് ക്ലൗഡ്‌ലൈൻ ഹോസ്പിറ്റലാണ്.

ഇന്ത്യൻ സ്ത്രീകളിൽ ഉയർന്നു വരുന്ന ഗർഭമലസലും ആരോഗ്യക്കുറവുമായിരുന്നു വിഷയം. പോഷകമില്ലായ്മയും മാനസിക പിരിമുറുക്കവും പുകവലിയും മദ്യപാനവുമെല്ലാമാണ് ഉയർന്നു വരുന്ന ഗർഭമലസലിനു പിന്നിൽ. സാധാരണ പ്രസവമായാലും സിസേറിയനായാലും പ്രസവശേഷമുള്ള കാര്യങ്ങളെക്കുറിച്ചും എടുക്കേണ്ട മുൻകരുതലിനെക്കുറിച്ചും പങ്കെടുത്ത സ്ത്രീകൾ സംശയങ്ങൾ ചോദിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 15 മുതൽ 20 ശതമാനം വരെ വർദ്ധനവാണ് അബോർഷൻ നിരക്കിലുണ്ടായിട്ടുള്ളത്. ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷ്യന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ 50 ശതമാനം ഗർഭിണികളും ആരോഗ്യമില്ലാത്തവരാണ്. ഇതും ഒരു പരിധിവരെ മാതൃമരണ നിരക്കും അബോർഷനും വർദ്ധിക്കാൻ കാരണമാകുന്നു.

രണ്ടു ദിവസം നീണ്ടു നിന്ന ശിൽപശാലയിൽ നിരവധി ഗർഭിണികൾ പങ്കെടുത്തു.