പ്രതിശ്രുത വധുവിനോട് പ്രണയം തോന്നുന്നില്ല

ഐടി മേഖലയിൽ പ്രവർത്തിക്കുന്ന 34 കാരനായ ഞാൻ ഒരു സഹപ്രവർത്തകയെ വിവാഹം കഴിക്കാൻ പോകുന്നു. ഒരിക്കൽ ഞങ്ങൾ ഒന്നിച്ചു മൂന്നു നാലു മണിക്കൂർ ചെലവഴിക്കാനിടയായി. അപ്പോള്‍ അവൾ എന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും  ചെയ്തു. അപ്പോൾ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാൻ ഒന്നു രണ്ടു നിമിഷം ഒരു പ്രതിമപോലെ നിന്നുപോയി. എന്നാൽ ഉടൻ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ചുംബനം തിരിച്ചു നൽകുകയും ചെയ്തു. അന്നു രാത്രി അതേക്കുറിച്ചു ഞാൻ ചിന്തിച്ചു. അവളെ നല്ലൊരു സുഹൃത്തും സഹചാരിയുമായിക്കാണാനേ എനിക്കു കഴിയുന്നുള്ളൂ. ലൈംഗികാഭിനിവേശം തോന്നുന്നില്ല. ഭാവിയിൽ അവളെ ഒരു ലൈംഗികപങ്കാളിയായി കാണാൻ എനിക്കു ബുദ്ധിമുട്ടുണ്ടാവുമോ? ഈ മനോഭാവം വൈവാഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?

ജിപ്സെൻ, ബാംഗ്ലൂർ

വിവാഹബന്ധത്തിൽ സ്ത്രീ പുരുഷന്റെ അടിമയായി എല്ലാം സഹിച്ചുകഴിയുന്ന അവസ്ഥ ഒരു ഭൂതകാലസങ്കല്പമാണ്. പുതുതലമുറ തുല്യതയ്ക്കും പരിഗണനയ്ക്കും മുഖ്യസ്ഥാനം നൽകുന്നുണ്ട്. ഈ പ്രവണത ഒരാഗോള പ്രതിഭാസമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പ്രതിശ്രുതവധു നിങ്ങളെ ഇങ്ങോട്ടു ചുംബിച്ചു എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾ എത്രയും വേഗം മനോഭാവം മാറ്റുകയും വിവാഹജീവിതത്തിൽ ആധുനിക കാലത്തു സെക്സിനുള്ള പ്രാമാണ്യം തിരിച്ചറിയുകയും ചെയ്യുക. അതിനാവുന്നില്ലെങ്കിൽ വിവാഹബന്ധത്തിൽ നിന്നു പിൻവാങ്ങുന്നതാണു നന്ന്.

രണ്ടു കുട്ടികളുടെ അമ്മയാണു ഞാൻ. ഭർത്താവ് ഒരു ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ ലൈംഗിക താൽപര്യങ്ങൾ വ്യത്യസ്തവും അസാധാരണവുമാണ്. ആവേശം തോന്നുമ്പോൾ അദ്ദേഹം എന്നെ ടെറസ്സിലേക്കും മറ്റും കൊണ്ടുപോയി ഒരു ഷീറ്റ് പോലുമില്ലാതെ തറയിൽക്കിടത്തും. വിനോദയാത്ര പോയാൽ വഴിയിൽ കുറ്റിക്കാട്ടിലും മറ്റും സംഗമവേദിയൊരുക്കും. ചിലപ്പോൾ അതു ബോട്ടിലോ കാറിലോ ആവാം. എന്നാൽ എതിർക്കുമ്പോൾ അദ്ദേഹം കോപിക്കുന്നു. ഇത് അസ്വാഭാവികതയല്ലേ?

അനുസ്മിത, ചെന്നൈ

കലാകാരനായ നിങ്ങളുടെ ഭർത്താവ് ലൈംഗികതയിലെ നവീന സാധ്യതകൾ തേടുന്ന വ്യക്തിയാണ്. അയാളിലെ ക്രിയാത്മകത ലൈംഗിക കാര്യങ്ങളിൽ, അസ്വാസ്ഥ്യജനകമാം വിധം വഴിമാറിപ്പോകുന്നു. ക്ഷമാപൂർവം ബുദ്ധിമുട്ടറിയിക്കുക. കഴിയുന്നതും എതിർക്കാതിരിക്കുക. ഭർത്താവിന്റെ ക്ഷിപ്രകോപം നല്ല സൂചനയല്ല. അസഹ്യമാണെങ്കിൽ സെക്സ് കൗൺസിലറുടെ സഹായം തേടുക.

ഡോ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ്

(വേൾഡ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത് അവാർഡ് ജേതാവ്)

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ