നല്ല ലൈംഗിക ശേഷിക്ക് ആയുർവേദം

മനുഷ്യ ശരീരത്തിലെ സന്തോഷത്തെയും സമ്പൂർണതയെയും നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ലൈംഗികത. അതുകൊണ്ടാണ് ലൈംഗികതയ്ക്കുള്ള പ്രാധാന്യം പൂർവികരായ ഋഷിവര്യൻമാർവരെ എടുത്തു പറയുന്നത്. വാത്സ്യായനമുനിയെപ്പോലുള്ളവർ ലൈംഗികതയെ ഒരു ശാസ്ത്രമായി വികസിപ്പിച്ചിട്ടുമുണ്ട്.

ദമ്പതികൾക്കിടയിലെ ശാരീരിക – മാനസികബന്ധം ഊട്ടി ഉറപ്പിക്കാൻ ലൈം‌ം‌ഗികതയ്ക്കു കഴിയുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ ‌ലൈംഗിക ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ടാകുന്ന ലൈംഗികപ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ ഫലപ്രദമായ പ്രതിവിധികളും മരുന്നുകളുമുണ്ട്.

പ്രശ്നങ്ങളും കാരണങ്ങളും

വൈദ്യശാസ്ത്രത്തിൽ പുരുഷ ലൈംഗികപ്രശ്നങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും ഉദ്ധാരണസംബന്ധമായ പ്രശ്നമാണ് ഏറ്റവും പൊതുവായത്. ഉദ്ധാരണപ്രശ്നങ്ങൾ പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. ഭാഗികമായ ഉദ്ധാരണം, ഉദ്ധാരണം ഉണ്ടാകാതിരിക്കുക. ഉദ്ധാരണം അല്പനേരത്തേക്കു മാത്രം നിലനില്‍ക്കുക.

സ്ഖലനവൈകല്യങ്ങളാണ് മറ്റൊരു പ്രശ്നം. ശീഖ്രസ്ഖലനം, ശുക്ലസ്തംഭനം, ഉന്മാർഗസ്ഖലനം, വിളംഭിതസ്ഖലനം, സുപ്തസ്ഖലനം എന്നിവയാണിവ.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങൾ പ്രധാനമായി മൂന്നെണ്ണമാണ് ∙ ലൈംഗികതാൽപര്യം കുറയുന്ന അവസ്ഥ, ∙ വേദനാജനകമായ ലൈംഗികബന്ധം, ∙ ലൈംഗിക ഉത്തേജനക്കുറവ്.

മനസ്സും ശരീരവും ഒരുമിച്ചു പ്രവർത്തിച്ചാല്‍ മാത്രമേ ശരിയായ സംഭോഗസുഖം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന എല്ലാ രോഗങ്ങളും അസ്വസ്ഥതകളും ലൈംഗികതയെ സാരമായി ബാധിക്കുന്നു. ഇവ കൂടാതെ ചില മരുന്നുകളുടെ പാർശ്വഫലമായും ലൈംഗികപ്രേരണ നശിക്കാറുണ്ട്

ആയുർവേദ സമീപനം

പരസ്യങ്ങളിൽ കണ്ടുവരുന്നപോലെ കുപ്പികളിൽ വരുന്ന മരുന്നുകളും ഗുളികകളും ഉപയോഗിച്ചു ലൈംഗികശക്തി കൂട്ടുന്നതല്ല ആയുർവേദ ചികിത്സ. ലൈംഗികശേഷിക്കുറവിനുള്ള യഥാര്‍ഥകാരണം മനസ്സിലാക്കി അതു പരിഹരിക്കുകയും അതുവഴി ശേഷിക്കുറവ് വീണ്ടെടുക്കാനുള്ള മാർഗങ്ങൾ പ്രയോ‍ജനപ്പെടുത്തുന്നതുമാണ് ആയുർവേദ ശാസ്ത്രത്തിന്റെ രീതി.

പഞ്ചകർമ ചികിത്സയിലൂടെ ശരീരത്തെ ശുദ്ധയാക്കി തീർത്ത ശേഷം രസായനവാജീകരണ ഔഷധങ്ങൾ ‌പ്രയോഗിക്കാറാണ് സാധാരണ ‌ചെയ്തു വരാറുള്ളത്. ഒരു ആയുര്‍വേദ വിദഗ്ധന്റെ നേതൃത്വത്തില്‍ സ്നേഹപാനം, വിരേചനം, സ്നേഹവസ്തി, കഷായവസ്തി, ഉത്തരവസ്തി മുതലായ ചികിത്സകളിൽ കൂടിയും ലൈംഗിക ബലഹീനത പരിഹരിക്കാൻ കഴിയുന്നു.

സ്വപ്നസ്ഖലനത്തിന് കുറുന്തോട്ടി

ഉറക്കത്തിനിടെയുള്ള ശുക്ലസ്രാവമാണു സ്വപ്നസ്ഖലനം. സ്വപ്നം കണ്ടും കാണാതെയും ഇതു സംഭവിക്കാം.

പരിഹാരമാർഗങ്ങൾ

∙ കുറുന്തോട്ടി സമൂലം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞു നൂറു മില്ലി ദിവസം രണ്ടു നേരം ഒരാഴ്ച സേവിക്കുക. ∙ ഒരു പാത്രത്തില്‍ ശുദ്ധമായ ജലം എടുത്ത് ലൈംഗിക അവയവങ്ങൾ മുങ്ങത്തക്കവിധം അരമണിക്കൂർ ഇരിക്കുക. ∙ മലബന്ധമുള്ളവർ അതു മാറ്റുക. ത്രിഫലചൂർണം പത്തു ഗ്രാം ചെറുചൂടു വെള്ളത്തില്‍ ചേർത്തു രാത്രി കിടക്കാൻ നേരം സേവിക്കുക. ∙ കൃമിരോധിനി ഗുളിക ഒരെണ്ണം സേവിക്കുക.

ഔഷധപ്രയോഗങ്ങള്‍

രോഗിയുടെ ശരീരപ്രകൃതി അനുബന്ധരോഗങ്ങൾ, ദഹനശക്തി തുടങ്ങിയവ പരിഗണിച്ചാണ് ഒരു ആയുർവേദ വിദഗ്ധന്‍ ലൈംഗിക പ്രശ്നങ്ങളെ ചികിത്സിക്കുന്നത്. വിവിധ തരത്തിലുള്ള കഷായങ്ങൾ, അരിഷ്ടാസവങ്ങൾ, ഘൃതങ്ങള്‍, ലേഹ്യങ്ങൾ, തൈലങ്ങൾ, ഗുളികകൾ, പാല്‍ക്കഷായങ്ങൾ തുടങ്ങിയ ഔഷധവിധികൾ ഇതിനായി ഉപയോഗിച്ചു വരുന്നു.

ശീഘ്രസ്ഖലനം പരിഹരിക്കാം

സംഭോഗത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞ ഉടൻ ശുക്ലസ്രവണം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം

ചികിത്സാമാർഗങ്ങള്‍:

∙ തൊട്ടാവാടി സമൂലം പശുവിൻപാലിൽ ചേർത്ത് അരച്ച് ഉള്ളം കാലിൽ പുരട്ടുക. സംഭോഗത്തിന് ഏര്‍‌പ്പെടുന്നതിന് ഏകദേശം പത്തുമിനിറ്റു മുമ്പ് ഇങ്ങനെ ചെയ്യാം.

∙ വിഷ്ണുക്രാന്തി, നിലപ്പന ഇവ സമൂലം സമം ചേർത്ത് വെള്ളത്തിലരച്ച് രണ്ടു കാലിന്റെയും ഉള്ളം കാലുകളിൽ പുരട്ടുക.

∙ രാമച്ചം, ചന്ദനം ഇവ തേനിലരച്ച് സ്ത്രീയും പുരുഷനും സംഭോഗത്തിനു മുമ്പായി സേവിക്കുക.

∙ ത്രഫലപ്പൊടി അഞ്ചു ഗ്രാം രാത്രി കിടക്കാൻ നേരത്തു ചെറുചൂടുപാലിൽ ചേർത്തു സേവിക്കുക.

∙ വസന്തകുസുമാകരരസം ഓരോ കാപ്സ്യൂൾ രാവിലെയും വൈകിട്ടും ഓരോ കപ്പു ചെറു ചൂടു പാലോടു കൂടി സേവിക്കുക.

ചികിത്സകൾ തുടങ്ങുന്നതിനു മുമ്പ് ഒരു ആയുർവേദ വിദഗ്ധന്റെ നേതൃത്വത്തില്‍ ശരീരം ശുദ്ധി ചെയ്യുന്നതിനായി അവിപത്തി ചൂർണമോ തൃവൃത് ലേഹ്യമോ ഉപയോഗിച്ചു വയറിളക്കുന്നത് ഉത്തമമാണ്.

ബലഹീനത മാറ്റാൻ വെണ്ടയ്ക്ക

പുരുഷൻമാരിലെ ലൈംഗികബലഹീനതയ്ക്കു പല കാരണങ്ങളുണ്ടാകാം. പുരുഷഹോർമോണുകളുടെ പ്രവർത്തനക്കുറവ്. മാനസിക ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

പരിഹാരമാർഗങ്ങൾ

∙ ചുവന്നുള്ളി അരിഞ്ഞു പാകത്തിനു വെള്ളം ചേർത്തു വേവിച്ചു കുറുക്കി സോപ്പ് പോലെയൊകുമ്പോൾ ഇറക്കിവച്ചു ചൂടു കുറഞ്ഞാൽ തേനും ചേർത്തിളക്കി ചൂടാറിയതിനു ശേഷം ഗ്രാമ്പുവും ഏലത്തരിയും പൊടിച്ചിടുക. ഇതിൽ നിന്ന് ഓരോ ടീസ്പൂൺ വീതം കാലത്തും വൈകുന്നേരവും സേവിക്കുക.– ശുക്ലസമൃദ്ധിയും സ്‌ത്രീഗമനസാമർഥ്യവുമുണ്ടാകും.

∙ നാല്പത്തിരണ്ടു കാരയ്ക്ക (ഈന്തപ്പഴം) കുരുകളഞ്ഞത്, നൂറുഗ്രാം തേൻ, നൂറുഗ്രാം കൽക്കണ്ടം പൊടിച്ചത്, അഞ്ചു ഗ്രാം വീതം ജാതിക്ക, ജാതിപത്രി പൊടിച്ചതു ചേർ‌ത്ത് ഒരാഴ്ച വയ്ക്കുക. അതിനുശേഷം ഓരോ കാരയ്ക്ക വീതം രാവിലെയും വൈ‌കുന്നേരവും സേവിക്കുക. ശുക്ലവർധനവ്, ലൈംഗികബലം എന്നിവ ഉ‌ണ്ടാകും.

∙ ഒരു ടീസ്പൂൺ ഉണക്കനെല്ലിക്കാപ്പൊടി, ഒരു ടീസ്പൂൺ കൽക്കണ്ടം, ഒരു ടീസ്പൂൺ തേൻ ചേർത്തു രാത്രി കിടക്കാൻ നേരത്തു സേവിക്കുക. വൃദ്ധന്മാർക്ക് ‌കൂടി ലൈംഗികബലം കൈവരും.

∙ അധികം മൂപ്പെത്താത്ത വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കിയത് അഞ്ചു മുതൽ പത്തെണ്ണം വരെ രാവിലെ വെറുംവയറ്റിൽ കഴിക്കാം.

സ്ത്രീകളിലെ പ്രശ്നങ്ങൾ

സ്ത്രീകളിലെ പ്രശ്നങ്ങൾ ലൈംഗികബന്ധത്തിനു തടസ്സം സൃഷ്ടിക്കാം. ഇത്തരം അവസ്ഥകൾക്ക് ആയുർവേദം പല പരിഹാരമാർഗങ്ങളും നിർദേശിക്കുന്നുണ്ട്.

യോനി ചൊറിച്ചിലിന്

∙ത്രിഫല, ചിറ്റമൃത്, നീർമാതളം ഇവ കൊണ്ടു കഷായം വച്ചു യോനിക്കുള്ളിൽ കഴുകുക.‌

കൊന്നത്തൊലി, മഞ്ഞൾ ഇവ നെയ്യിൽ മുക്കി കത്തിച്ച് വരുന്ന പുക യോ‌നിയിൽ കൊള്ളുക.

∙ കൊന്നയില ഇട്ട് വെന്ത വെള്ളം ‍ചെറു ചൂടോടെ യോനിക്കുള്ളിൽ ‌കഴുകുക.

വെള്ളപോക്കിന് കഷായം

യോനിയിൽ നിന്നു കട്ടിയുള്ള വെള്ള നിറത്തിലോ, മഞ്ഞനിറത്തിലോ ഉള്ള സ്രവം അമിതമായി ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് വെള്ളപോക്ക്. പലപ്പോഴും ദുർഗന്ധത്തോടു കൂടിയ സ്രവം അധികരിച്ച അളവിൽ ഉൽപാദിക്കപ്പെടുന്നു. ശരീ‌രത്തിന് അതിയായ ക്ഷീണം, ദഹനക്കുറവ്, ദേഹവദന, ഗുഹ്യ ഭാഗത്തും ‌യോനിയിലും ചൊറിച്ചിൽ ഇവ പ്രധാന അനുബന്ധ ലക്ഷണങ്ങളാണ്.

ചികിത്സ

∙ അമുക്കുരം പൊടി ഒരു ടീസ്പൂൺ അമ്പതു മില്ലി കരിമ്പിൻ നീര് ചേർത്ത് രാവിലെയും വൈകിട്ടും വെറും വയറ്റിൽ സേവിക്കുക.

∙ ത്രിഫല, ചിറ്റമൃത് കഷായം വച്ചു യോനി രണ്ടു നേരം കഴുകുക.

∙ കൊത്തമല്ലി, ജീരകം, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് തുല്യമായി ശര്‍ക്കര ചേർത്തു പത്തു ഗ്രാം വീതം രണ്ടു നേരമായി കഴിക്കുക.

ബന്ധപ്പെടുമ്പോൾ വേദന

സ്ത്രീകളിൽ ലൈംഗികപ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബന്ധപ്പെടുമ്പോഴുള്ള വേദന. ഇത് ലൈംഗികാലസക്തി കുറയ്ക്കാനും കൂടുതൽ ഭയത്തിനും ഇടവരുത്തുന്നു. ആർത്തവവിരാമത്തോടെ ഈസ്ട്രജൻ ഹോർമോണിന്റെ ‌അളവ് കുറയുന്നത് യോനിയിൽ വേദന ഉണ്ടാക്കാൻ കാരണമാകാം.

പ്രതിവിധികൾ

∙ കാരണങ്ങളെ കണ്ടെത്തി ശരിയായ വിധത്തിൽ ചികിത്സ ലഭ്യമാക്കണം. പൂർവലീലകൾ പരമാവധി ആസ്വദിച്ച ശേഷം ലൈംഗികബന്ധത്തിലേക്കു കടക്കുക.

∙ ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പായി ഒരു കഷണം തുണിയിലോ പഞ്ഞിയിലോ ആവണക്കെണ്ണ മുക്കി യോനിയിൽ വയ്ക്കുന്നത് ‌ലൈംഗികബന്ധം സുഖകരമാക്കും.

∙ രാമച്ചം, മുത്തങ്ങ, താമരക്കുരു എന്നിവ ഇട്ട് കാച്ചിയ എണ്ണ യോനിയിൽ തേയ്ക്കുന്നതും തുണിയിൽ മുക്കി വയ്ക്കുന്നതും വേദന കുറയ്ക്കും.

∙ രാമച്ചം, ചന്ദനം എന്നിവ തേനിലരച്ച് നിത്യം രാത്രി സേവിക്കാം.

∙ കല്യാണകം, ധന്വന്തരം, സുകുമാരം തുടങ്ങിയ വിവിധതരം ഔഷധ ‌പ്രയോഗങ്ങൾ വൈദ്യനിര്‍ദേശ പ്രകാരം സേവിക്കുന്നത് നല്ല ഫലം തരും.

ചുട്ടുപുകച്ചിലിന്

സ്ത്രീകൾക്ക് യോനിയിൽ ചുട്ടുപുകച്ചിലിന് പരിഹാരങ്ങൾ

∙ നെല്ലിക്കനീർ ഒരു ടീസ്പൂൺ സമം പഞ്ചസാര ചേർത്ത് ദിവസവും രാവിലെയും രാത്രിയും സേവിക്കുക.

∙ നർന്നാറിക്കിഴങ്ങ് തോലി കളഞ്ഞ് ഉണക്കിയത് കഷണങ്ങളായി ‌പാലിൽ പുഴുങ്ങി അരച്ച് യോനിക്കു പുറത്ത് തേയ്ക്കുക.

∙ ഞെരിഞ്ഞിൽ, ശതാവരിക്കിഴങ്ങ്, അടപതിയൻ കിഴങ്ങ് ഇവ പത്തുഗ്രാം വീതം ‌നാല് ഗ്ലാസ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ചു കുറുക്കി ഒരു ഗ്ലാസ് ആക്കിയതിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് രാവിലെ സേവിക്കുക.

∙ വൈദ്യ നിർദേശപ്രകാരം ശതാവരിഗുളം, ധാത്ര്യാദിഘൃതം മുതലായ ഔഷധ‌യോഗങ്ങളും പ്രയോജനപ്പെടുത്താം.

ഡോ. സുബിന്‍ ജി. എസ്.
ഫിസിഷൻ & ബ്രാഞ്ച് മാനേജർ,
കോട്ടയ്ക്കൽ
ആര്യവൈദ്യശാല, സെക്കന്തരബാദ്