കുഞ്ഞുണ്ടായിക്കഴിഞ്ഞ് ഭർത്താവിനോട് അകലം പാലിക്കേണ്ട

ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞ് എന്റെ ഭാര്യയ്ക്ക് കുട്ടി മതി. ഞാൻ അവൾക്കു കുഞ്ഞിന്റെ അച്ഛൻ മാത്രമാണ്. പെട്ടെന്നു ജീവിതത്തിൽ ഒറ്റപ്പെട്ടതുപോലെയാണ് എനിക്കു തോന്നുന്നത്. കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ കാര്യങ്ങൾ ഇങ്ങനെയാകും എന്നു സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാവുകയില്ലേ? ഞാനിത് എങ്ങനെയവളോടു തുറന്നു പറയും.

കുഞ്ഞുണ്ടായതോടെ ഭാര്യ പൂർണമായും അമ്മ മാത്രമായതും ഭർത്താവ് അച്ഛൻ മാത്രമാകാതിരുന്നതുമാണ് ഇവിടെ പ്രശ്നമായത്. കുഞ്ഞുണ്ടായിക്കഴിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക പരിചരണം ആവശ്യമാണ്. ഭർത്താവ് അത് അംഗീകരിക്കണം. എന്നാൽ, ചില സ്ത്രീകൾ പ്രസവശേഷം അമ്മയായ ലഹരിയിൽ മാത്രമായിപ്പോകാറുണ്ട്. ഈ അവസരത്തിൽ ഭാര്യയോടൊപ്പം കുഞ്ഞിനെ വളർത്തുന്നതിൽ പങ്കു ചേർന്നാൽ താൻ ഒറ്റപ്പെട്ടു എന്ന ചിന്ത ഭർത്താവിന് ഉണ്ടാവുകയില്ല.

കുഞ്ഞിനെ പരിപാലിക്കുന്നതിനിടയിൽ ഭർത്താവിന്റെ വികാരങ്ങൾ കൂടി മാനിക്കാൻ ഭാര്യയും മനസു വയ്ക്കണം. ഇതും ഭംഗ്യന്തരേ ഭാര്യയോട് അവതരിപ്പിക്കുന്നതിൽ നാണിക്കേണ്ട കാര്യമില്ല. ഭാര്യാഭർത്താക്കന്മാർ ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം തുറന്നുപറയുന്നത് ദാമ്പത്യവിജയത്തിന് ഏറെ ആവശ്യമാണ്.

സുഹൃത്തുക്കളുടെ തെറ്റായ ഉപദേശങ്ങളിൽ തലവച്ച് സ്വന്തം ജീവിതം കളയരുത്. ഉപദേശം തേടണം എന്നു തോന്നുന്നുവെങ്കിൽ ഭാര്യയും ഭർത്താവും കൂടി വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് ഉത്തമം.