സെക്സ് അപ്പീൽ കൂട്ടാനുള്ള മാർഗങ്ങൾ

ഇണയെ ആകർഷിക്കാനാണ് പ്രകൃതി ജീവജാലങ്ങൾക്ക് സെക്സ് അപ്പീൽ നൽകിയിരിക്കുന്നത്. പീലി വിരിച്ച് നിൽക്കുന്ന മയിലിനു മുതൽ കാളയ്ക്കും പൂച്ചയ്ക്കും നായയ്ക്കുമെല്ലാം താന്താങ്ങളുടെ എതിർലിംഗത്തിൽ പെട്ടവർക്ക് മനസിലാകും വിധമുള്ള സെക്സ് അപ്പീലുണ്ട്.

എന്താണ് സെക്സ് അപ്പീൽ? എതിർലിംഗത്തിൽ പെട്ട വ്യക്തിയിൽ ലൈംഗികാകർഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്സ് അപ്പീൽ എന്ന് സാമാന്യമായി പറയാം. പക്ഷേ, അതിലടങ്ങിയ കാര്യങ്ങൾ ഒറ്റവാക്കിലൊതുങ്ങില്ല! ഒറ്റക്കാഴ്ചയിൽ പോലും ഒതുങ്ങില്ല. ഒരു വ്യക്തിയുടെ ചലനങ്ങൾ, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൗന്ദര്യം തുടങ്ങി നിരവധി കാര്യങ്ങൾ ഒത്തുചേർന്നാണ് ആ വ്യക്തിയുടെ സെക്സ് അപ്പീൽ നിർണയിക്കുന്നത്.

ദുർമേദസില്ലാത്ത നല്ല തുടുത്ത കവിളുകളുള്ള പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടും. വിരിഞ്ഞ മാറും വീതിയുള്ള തോളുകളും പുരുഷന്റെ ആകർഷകത്വം കൂട്ടുന്നു. വെളുത്ത് അവയവപ്പൊരുത്തമുള്ള സ്ത്രീകളെ പുരുഷന്മാരും കാമിക്കുന്നു. ഇത് സാമാന്യമായ ഒരു കാര്യം മാത്രം. ഇതിനുമപ്പുറം എത്രയെത്ര സംഗതികൾ സെക്സ് അപ്പീലിൽ അടങ്ങിയിരിക്കുന്നുണ്ട്.

ശരീരം സൗന്ദര്യഘടകമാണോ?

കല്യാണം കഴിക്കാൻ മിനിമം താലി കെട്ടാനുള്ള ആരോഗ്യം പോലും ഇല്ലല്ലോടേയ്.... എന്ന് കേട്ട് കോംപ്ലക്സ് അടിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ സെക്സ് അപ്പീൽ നിർണയിക്കുന്ന ഘടകങ്ങളിൽ ഒന്നുമാത്രമാണ് ശരീരസൗന്ദര്യം!

നമ്മളെല്ലാവരും അതിസുന്ദരന്മാരും അതിസുന്ദരികളും ആയിട്ടല്ല ജനിക്കുന്നത്. ജന്മനാ തന്നെ നമുക്ക് ലഭിക്കുന്ന ചില ശാരീരിക ഗുണങ്ങളുണ്ട്. മുഖത്തിന്റെ ആകൃതി, ശരീരവലുപ്പം തുടങ്ങിയവയൊക്കെ അതിൽ പെടും. ഇക്കാര്യത്തിൽ നിങ്ങൾക്കൊന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ട് പ്രകൃതി നമുക്ക് തന്ന ശരീരം എങ്ങനെയാണോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാം. അതിൽ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം സ്വന്തം സെക്സ് അപ്പീൽ കൂട്ടാൻ ബോധപൂർവം തന്നെ സാധിക്കും.

സെക്സ് അപ്പീൽ കൂട്ടാൻ ഉറപ്പായ മാർഗങ്ങൾ

ഒരാളുടെ സംസാരശൈലി, സംസാരിക്കുന്ന കണ്ണുകൾ, നടത്തം, മുഖചലനങ്ങൾ, ചുറുചുറുക്ക് തുടങ്ങിയവ പൊതുവായി ഡൈനാമിക് അട്രാക്ടീവ്നസ് എന്ന് വിളിക്കുന്നു. ശരീരഭാഷ എന്ന് വേണമെങ്കിലും പറയാം. ജന്മഗുണങ്ങളാൽ തൃപ്തി വരാത്തവർക്ക് ഈ മേഖലയിൽ ഒരു കൈ നോക്കാവുന്നതാണ്.

ദിവസവും രാവിലെ ഞാൻ ഒരു സുന്ദരനാണെന്ന് നിങ്ങൾ നിങ്ങളോടു തന്നെ പറയുക. ആദ്യമൊന്നും നിങ്ങൾ തന്നെ വിശ്വസിക്കില്ല. പക്ഷേ, കുറച്ചുകാലം കഴിയുമ്പോൾ ഈ പറച്ചിൽ ഉപബോധമനസിലേക്ക് കടന്നു ചെല്ലും. പിന്നീടത് പുറത്തേക്ക് പ്രതിഫലിക്കുകയും ചെയ്യും! ഫലം നിങ്ങളെന്താണോ പറഞ്ഞത് അതു സംഭവിക്കുന്നു. ഇതുപോലെ സ്ത്രീക്കും പുരുഷനും സെക്സ് അപ്പീൽ കൂട്ടാൻ വിവിധമാർഗങ്ങൾ ഉണ്ട്.

1. വ്യായാമവും ശരീരഭാഷയും

മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളർത്തും. സന്തോഷവാന്മാരായിരിക്കുന്നവർ എപ്പോഴും മറ്റുള്ളവരെ ആകർഷിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൊതുസദസുകളിൽ ഇടപെടുമ്പോൾ നിങ്ങളുടെ ശരീരഭാഷയിൽ പ്രത്യേകം ശ്രദ്ധ കൊടുക്കണം. കൈ കെട്ടി ചുരുണ്ടു മടങ്ങിയിരിക്കുന്നത് ഒരാളെയും അടുപ്പിക്കാത്തവൻ എന്ന പ്രതിച്ഛായ സൃഷ്ടിക്കും.

2. അണിഞ്ഞൊരുങ്ങൽ നല്ലത്

ഒട്ടും ഊർജമില്ലാതിരിക്കുന്ന ചിലർ പ്രത്യേകരീതിയിൽ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുമ്പോൾ കൂടുതൽ ഊർജസ്വലരായി തോന്നുന്നത് കാണാറില്ലേ? ആ തോന്നിപ്പിക്കലാണ് അണിഞ്ഞൊരുങ്ങലിലെ കാര്യം.

റോച്ചസ്റ്റർ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയ കാര്യം കേട്ടോളൂ. ചുവന്ന ഷർട്ട് ധരിച്ച പുരുഷൻ സ്ത്രീകളിൽ ആകർഷകത്വം ജനിപ്പിക്കുമത്രേ. ആത്മവിശ്വാസവും അധികാരഭാവവും ഒരുപോലെ പ്രതിഫലിപ്പിക്കാൻ ഈ ചുവന്ന കുപ്പായത്തിന് കഴിയും എന്നാണ് അവരുടെ നിഗമനം. അതുപോലെ ചുവന്ന ഷർട്ട് സ്ത്രീകളുടെ സെക്സ് അപ്പീലും കൂട്ടുമത്രേ.

3. തമാശയോടൊപ്പം ഒരിത്

നനഞ്ഞ വിറക് കത്തുന്ന അടുപ്പിനരികിലിരുന്ന ആർക്കെങ്കിലും പ്രേമിക്കാൻ പറ്റുമോ? എന്ന് ചോദിച്ചത് സർവകലാശാല എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായിരുന്നു. രണ്ട് വ്യക്തികൾ തമ്മിൽ ഇടപെടുന്ന ചുറ്റുപാടുകൾക്കും അവർക്കിടയിലെ സെക്സ് അപ്പീൽകൂട്ടുന്നതിൽ പങ്കുണ്ട്. ത്രില്ലിംഗ് ആയ ഒരനുഭവത്തിൽ അല്ലെങ്കിൽ വയറുകുലിക്കി ചിരിപ്പിച്ച ഒരു തമാശ ആസ്വദിക്കുമ്പോൾ ഒക്കെ ഒപ്പമുണ്ടായിരുന്ന ആളോട് നമുക്ക് ഒരിത് തോന്നാറില്ലേ! ആ ഇത് തന്നെയാണ് ഇതിലെ കാര്യവും!

4. ചെല്ലപ്പേരിന്റെ മറിമായം

ഹൃത്വിക് റോഷന്റെ ചെല്ലപ്പേര് അറിയാത്ത ആരാധകരുണ്ടോ? ഡുഗ്ഗു! ഇത്തരത്തിൽ എളുപ്പത്തിൽ ഉച്ചരിക്കാൻ കഴിയുന്ന പേരുകൾ സ്ത്രീകളിൽ ചെറിയൊരു ആകർഷകത്വം ജനിപ്പിക്കുമത്രേ! പ്രത്യേകിച്ച് സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന ചെല്ലപ്പേരുകൾ. മസാച്ചുസൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഭാഷാ ഗവേഷകയായ ആമി പ്രിഫസ് ആണ് ഈ ഇത്തിരിക്കുഞ്ഞൻ പേരുകളിലൊളിഞ്ഞിരിക്കുന്ന ഒത്തിരി വലിയ കാര്യം കണ്ടെത്തിയത്. ആമി എന്ന പേരും എത്ര സുന്ദരമാണ്. അതുകൊണ്ട് കടിച്ചാൽ പൊട്ടാത്ത പേരുള്ളവർ എതിർലിംഗത്തിൽ പെട്ടവരെ പരിചയപ്പെടുമ്പോൾ പറയാൻ ഉഗ്രനൊരു ചെല്ലപ്പേര് കൂടി കണ്ടുവച്ചോളൂ!

5. കണ്ണും കണ്ണും നോക്കിയാൽ

സംസാരം മൃദുലവും മാന്യവുമാകട്ടെ. കാക്ക കലപില കൂട്ടുന്നതു പോലുള്ള പുരുഷന്മാരുടെ അടുത്തു നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നാകും സ്ത്രീകൾക്ക്. നിരന്തരം ആത്മപ്രശംസ ചെയ്തു കൊണ്ടിരിക്കുന്നവരെ സ്ത്രീകൾ പോയിട്ട് മറ്റ് പുരുഷന്മാർ പോലും വില വച്ചെന്ന് വരില്ല. അതുകൊണ്ട് അതും ഒഴിവാക്കുക. അതുപോലെ മുഴക്കമുള്ള ശബ്ദം സ്ത്രീകളെ ആകർഷിക്കും. നോട്ടിംഗ്ഹാം സർവകലാശാലയിലെ സ്വഭാവ ഗവേഷകരാണ് ഇക്കാര്യം തെളിയിച്ചത്.

തമാശയും ആൺപെൺ ആകർഷകത്വവും സംബന്ധിച്ച് ഗവേഷണം നടത്തിയ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞൻ പറയുന്നത് തമാശയായിട്ടെടുക്കരുത്. നല്ല നിലവാരമുള്ള തമാശകൾ പറയുന്നത് ആകർഷകത്വം കൂട്ടും എന്നാണ്. ഓവറായാൽ ഇത് നേരെ വിപരീതഫലം ചെയ്യുമെന്നും ഓർക്കണം! തമാശ പറയുന്നതിനൊക്കെ മുൻപ് അതിനുള്ള ഒരു പരിചയം ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പണി പാളും!

സംസാരിക്കുമ്പോൾ അങ്ങുമിങ്ങും നോക്കാതെ നേരെ കണ്ണിൽ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ മാന്യത വർധിപ്പിക്കും. മാത്രമല്ല കേൾക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയെ നിങ്ങൾ വളരെ കാര്യമായാണ് പരിഗണിക്കുന്നത് എന്ന തോന്നൽ ഉണ്ടാകുകയും ചെയ്യും.

6. ചിരിയുടെ ഭംഗിയും ചുംബനവും

മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുക. ചിരിക്കുന്ന ചുണ്ടുകളുടെ ഭംഗി കാണുന്നവരിൽ ചുംബനത്തിനുള്ള ആഗ്രഹം ഉണർത്തുമത്രേ. ഒരു സ്ത്രീയെ ആദ്യമായി ചുംബിക്കുമ്പോൾ തന്നെ മനസിലാകും തന്റെ ശരീരവും മനസും തേടിക്കൊണ്ടിരുന്ന ഇണ ഇതു തന്നെയാണോ എന്ന്.

7. ഗോപികമാർക്കിടയിൽ എന്നപോലെ...

എപ്പോഴും സ്ത്രീകൾക്ക് നടുവിൽ നിൽക്കുന്നവരിലാണത്രേ മറ്റു സ്ത്രീകളുടെ കണ്ണുകൾ എളുപ്പം പതിയുക! ലൂയിസ് വില്ലെ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. പുരുഷനോട് സ്ത്രീ പുഞ്ചിരിക്കുന്നത് കണ്ടു നിൽക്കുന്ന സ്ത്രീക്ക് ഗോപികമാർക്കിടയിലെ കൃഷ്ണനെ പോലെ ആ പുരുഷൻ ആകർഷണീയനായി തോന്നുമത്രേ! അതുകൊണ്ടുതന്നെ സ്ത്രീകളെ കാണുമ്പോൾ മറ്റെല്ലാം മറന്നാലും ചിരിക്കാൻ മറക്കാതിരിക്കുക!

8. മൂക്കിലൂടെ ഒരു കുറുക്കുവഴി

ഒരു പെണ്ണിന്റെ ഹൃദയത്തിലേക്കുള്ള കുറുക്കുവഴി അവളുടെ മൂക്കിലൂടെയാണെന്ന് ഒർഥത്തിൽ പറയാം. ഗന്ധങ്ങളെ വിശകലനം ചെയ്യുന്നതിൽ പുരുഷനേക്കാൾ പലമടങ്ങ് കഴിവ് കൂടുതലാണ് സ്ത്രീകൾക്ക്. ഹൃദ്യമായ സുഗന്ധം അവരിൽ എളുപ്പത്തിൽ ലൈംഗികത ഉണർത്തും. മദ്യം, സിഗരറ്റ് തുടങ്ങിയവ ഉപയോഗിച്ച് അടുത്തു വരുമ്പോൾ മിക്ക സ്ത്രീകൾക്കും അരോചകത്വം അനുഭവപ്പെടും. മിതമായ രീതിയിൽ പെർഫ്യൂമുകൾ ഉപയോഗിക്കുന്നതും എതിർലിംഗത്തിൽ പെട്ടവരിൽ ആകർഷകത്വം വർധിപ്പിക്കും. ഇഷ്ടപുരുഷന്റെ തനത് ഗന്ധം തന്നെ സ്ത്രീകളിൽ കാമവികാരത്തെ ജനിപ്പിക്കും.

9. സ്വകാര്യതയുടെ 18 ഇഞ്ച്

ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ശരീരത്തിൽ നിന്നു 18 ഇഞ്ച് അകലത്തിനുള്ളിൽ വരുന്ന സ്ഥലം ഏറ്റവും പ്രധാനപ്പെട്ടതാണ്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കാമുകനും മാത്രമേ ഈ 18 ഇഞ്ച് നിയന്ത്രണരേഖ അവളുടെ സമ്മതമില്ലാതെ മുറിച്ചു കടക്കാൻ അനുവാദമുള്ളൂ!

സ്വീഡിഷ് ഗവേഷകർ മനുഷ്യന്റെ ചർമത്തിനിടയിൽ സങ്കീർണമായ ഒരുതരം നാഡീവ്യവസ്ഥ കണ്ടെത്തി. മൃദുവായ സ്പർശനങ്ങൾ സ്ത്രീശരീരത്തിലേ ഈ നാഡികളെ പെട്ടെന്ന് ഉത്തേജിപ്പിക്കുമത്രേ. വളരെ മാന്യമായ രീതിയിലുള്ള സ്പർശനം പുരുഷന്റെ സെക്സ് അപ്പീൽ കൂട്ടുമത്രേ. സ്ത്രീയുടെ സ്വകാര്യതകളെ മാനിക്കുന്ന സ്പർശനങ്ങൾക്കേ ഈ ഗുണമുള്ളൂ.

സിടി ഫൈബറുകളിലുണ്ടാകുന്ന ഉത്തേജനങ്ങൾ സന്തോഷമുണ്ടാക്കുന്ന ഓക്സിടോസിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കും. മാന്യമായും മൃദുവായും പെരുമാറാൻ ഇതിലധികം കാരണങ്ങൾ വേണോ?

10. ഹൃദയം പറയുന്നതു കേൾക്കൂ

ഏത് വസ്ത്രത്തിലാണ് നിങ്ങൾ കൂടുതൽ ആകർഷണീയത ഉള്ളവരായി തോന്നുന്നത്. അതു ധരിക്കുക. കാരണം, വസ്ത്രങ്ങൾക്കപ്പുറത്തേക്ക് നിങ്ങളുടെ മനസിലുള്ളതിനെയാണ് നിങ്ങളുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുക. തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കുക. ആത്മവിശ്വാസം നിങ്ങളുടെ ആകർഷണീയത കൂട്ടും.

പഠനകാലത്ത് വെറും പുസ്തകപ്പുഴുവായി ഒതുങ്ങിയിരുന്ന ഒരാളാണോ നിങ്ങൾ? ഒട്ടും വൈകാതെ ഇഷ്ടപ്പെട്ട ഒരു കായിക—കലാവിനോദം കണ്ടെത്തൂ. അതു നിരന്തരം പരിശീലിക്കണം. മനസിനും ശരീരത്തിനും ഇത് നൽകുന്ന ഗുണങ്ങൾ അനവധിയാണ്. ബോണസായി നിങ്ങളുടെ വ്യക്തിത്വത്തിനും ഇവ തിളക്കമേറും എന്നറിയുക. തിളക്കമുള്ള വ്യക്തിത്വത്തിൽ സെക്സ് അപ്പീൽ വർധിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

സെക്സും ഹോർമോണും

ഉയർന്ന സെക്സ് അപ്പീൽ കാണുന്നവരുടെ ശരീരത്തിൽ ഫെറമോൺ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മനുഷ്യൻ ഉൾപ്പെടെ എല്ലാ സസ്തനികളിലും എതിർലിംഗ ഇണയെ ആകർഷിക്കാൻ സഹായിക്കുന്ന ഒരു രാസഘടകമാണ് ഫെറമോണുകൾ. ഫെറമോൺ പുറപ്പെടുവിക്കുന്ന പ്രത്യേക തരം ഗന്ധമാണ് ഇണയെ ആകർഷിക്കുന്നത്. ഈ ഗന്ധം വേർതിരിച്ചു മനസിലാക്കാൻ അത്ര എളുപ്പവുമല്ല. ഫെറമോണിന്റെ ഈ പ്രയോജനം മനസിലാക്കി ചില പെർഫ്യൂമുകളിൽ കൃത്രിമ ഫെറമോൺ ചേർക്കുന്നതും കാണുന്നുണ്ട്.