എല്ലാത്തവണയും രതിമൂർച്ഛയുണ്ടാകുന്നില്ല!

എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. ഒരു കുഞ്ഞുണ്ട്. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എനിക്കു യോനിയിൽ അസഹ്യമായ നീറ്റലും വേദനയും അനുഭവപ്പെടുന്നു. മാത്രമല്ല മിക്കപ്പോഴും രതിമൂർച്ഛ അനുഭവപ്പെടാറുമില്ല. എന്താണു പരിഹാരം?

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന അനുഭവപ്പെടാം. മതിയായ ഉത്തേജനമില്ലായ്മ, ജനനേന്ദ്രിയത്തിലെ കുഴപ്പങ്ങൾ, തെറ്റായ പോസുകൾ, ലൈംഗിക മരവിപ്പ് തുടങ്ങിയവ ചില കാരണങ്ങളാണ്.

രതിമൂർച്ഛയും ചില കാര്യങ്ങളെ ആശ്രയിച്ചാണു സജീവമാകുക. ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദനയും അസ്വസ്ഥതകളും രതിമൂർച്ഛയ്ക്കു തടസമാണ്.

ചില കാര്യങ്ങൾ ശ്രദ്ധിക്കാം. മാനസികമായും ശാരീരികമായും തയാറായതിനു ശേഷം മാത്രം ലൈംഗികബന്ധത്തിലേർപ്പെടുക. ഇങ്ങനെ അൽപം മുന്നൊരുക്കത്തിലൂടെ ലൈംഗികബന്ധത്തിലേർപെട്ടാൽ യോനിയിൽ സ്നിഗ്ധത ഉണ്ടാകും. രതിമൂർച്ഛയ്ക്കുള്ള വഴി സുഗമമാക്കും.

തീവ്രദുഃഖമനുഭവിക്കുമ്പോഴും രോഗം മൂലം അസ്വസ്ഥതകളുള്ള സാഹചര്യങ്ങളിലും കഴിയുമെങ്കിൽ ലൈംഗിക ബന്ധം ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള പോസുകളാണ്. ഏതു പോസുകളാണു സുഖകരമായി തോന്നുന്നത് അസ്വസ്ഥതകളുണ്ടാക്കാത്തത് എന്നു തുറന്ന സംസാരത്തിലൂടെ പങ്കാളി മനസിലാക്കണം.

ലൈംഗികബന്ധം ഊഷ്മളമാക്കുന്നതിൽ വ്യക്തിശുചിത്വത്തിനു സുപ്രധാന പങ്കുണ്ട്. നിങ്ങളുപയോഗിക്കുന്ന പെർഫ്യും, പൗഡർ, സോപ്പ് എന്നിവയുടെ മണം പങ്കാളിക്ക് ഇഷ്ടപ്പെടുന്നതാവാൻ ശ്രദ്ധിക്കുക.

വസ്ത്രധാരണത്തിലും ആകർഷകത്വം വേണം. കിടപ്പുമുറിയിൽ മാത്രം ഉപയോഗിക്കാവുന്ന വസ്ത്രം തിരഞ്ഞെടുക്കുക. ഇത്തരം കാര്യങ്ങളിൽ പുലർത്തുന്ന പുതുമയാണു ലൈംഗികജീവിതം ആഘോഷമാക്കുക.

ഒരു കാര്യം പ്രത്യേകം മനസിലാക്കുക. എല്ലാ സംഭോഗവും രതിമൂർച്ഛയിൽ അവസാനിക്കണമെന്നു സ്ത്രീയുടെ കാര്യത്തിൽ നിർബന്ധമില്ല. ലൈംഗികോത്തേജനമുണ്ടായോ സംതൃപ്തിയും സന്തോഷവും ലഭിച്ചുവോ എന്നതാണു പ്രധാനം. പലപ്പോഴും രതിമൂർച്ഛയിലെത്തുന്നത് നിങ്ങൾ അറിയണമെന്നുമില്ല. നിങ്ങൾ നന്നായി ആസ്വദിച്ചോ എന്നറിയാൻ എളുപ്പമാർഗം ഭർത്താവിനോടു ചോദിക്കുകയാണ്.