സ്വയംഭോഗം മാറ്റാനാകും

കൗമാരത്തെക്കുറിച്ചു ചില കാര്യങ്ങൾ കൂടി മാതാപിതാക്കൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ടീനേജ് തുടങ്ങുമ്പോൾ ലൈംഗികതാത്പര്യം വളരെ ക്കൂടും. അതു സർവസാധാരണമാണ്. ടീനേജ് കുട്ടിയുടെ മസ്തിഷ്കം പരിശോധിച്ചാൽ അതിൽ കോർട്ടക്സിന്റെ വളർച്ച പൂർണമായിട്ടുണ്ടാവില്ല. അതേ സമയം നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമായ ലിംബിക് സിസ്റ്റം ഏറ്റവും കൂടുതൽ സജീവമാകുന്ന സമയവും ഇതു തന്നെയാണ്.

കൂടിയ വികാരങ്ങളും വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗത്തിന്റെ വളർച്ചക്കുറവും അതുപോലെതന്നെ ലൈംഗികഹോർമോണുകളുടെ മൺസൂൺകാലവും എല്ലാം ചേരുമ്പോൾ കൗമാരക്കാരിൽ ലൈംഗികതാത്പര്യങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളും കൂടിയാകുമ്പോൾ കൗമാര സ്വയംഭോഗത്തിൽ തളച്ചിടപ്പെടുന്നു.

കുട്ടികളിലും ലൈംഗികവികാരങ്ങൾ വീർപ്പുമുട്ടി നിൽക്കുകയാവും. കുട്ടികളിലെ ലൈംഗികസമ്മർദത്തിൽ നിന്നും രക്ഷനേടാനുള്ള എളുപ്പവഴി സ്വയംഭോഗമാണ്. അതിലേക്ക് അവർ ചാഞ്ഞുപോകുന്നു. സ്വയംഭോഗം ഒരു കൗമാരക്കാന്റെയോ കുട്ടിയുടെയോ വ്യക്തിവൈകല്യമായി കാണാനാകില്ല. എന്നാൽ, സ്വയംഭോഗം ചെയ്യുകയെന്ന ചിന്ത ഒഴിവാക്കാൻ കഴിയാതെ എപ്പോഴും കൂടെയുണ്ടെങ്കിൽ അതൊരു മനോവൈകല്യം തന്നെയാകും.

കുട്ടിക്ക് സ്വയംഭോഗം ചെയ്യാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയുണ്ടെങ്കിൽ അതു ചികിത്സയ്ക്കു വിധേയമാക്കണം. കംപൾസീവ് മാസ്റ്റർബേഷൻ ഉള്ള കുട്ടികൾക്ക് വിഷാദമോ സമ്മർദത്തെ താങ്ങാനുള്ള ശേഷിയില്ലായ്മയോ ഒക്കെ ഉണ്ടായിരിക്കും.

ചികിത്സ വേണം

ഉത്തേജിപ്പിക്കപ്പെടുകയും അതിൽ നിന്ന് ആനന്ദം ലഭിക്കുകയും ചെയ്യുന്നതിനാൽ അതു വീണ്ടും വീണ്ടും ചെയ്യാൻ കുട്ടി സ്വയമേ പ്രേരിതനാകുക സ്വഭാവികം. ഇതാണ് ശീലമായി മാറുന്നത്. കുട്ടിക്ക് അത് ആനന്ദം പകരുന്നതിനാൽ അതിൽ നിന്നും ഒരു നിമിഷം കൊണ്ടു വിടുതൽ നേടുക സാധ്യമല്ല. കുട്ടിയുടെ മനസിൽത്തന്നെ ഇത്തരം കാര്യങ്ങളിൽ നിന്ന് ഒരുപരിധിവരെ അകന്നുനിൽക്കാനുള്ള ദൃഢനിശ്ചയം നിറയ്ക്കുകയാണ് ആദ്യപടി.

ഓരോ ദിവസവും താൻ അതു ചെയ്യുന്നില്ല, അല്ലെങ്കിൽ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഇന്നു കാണുന്നില്ല എന്ന തീരുമാനമാണ് എടുക്കേണ്ടത്. ഇത്തം ചിത്രങ്ങളോ വീഡിയോകളോ കാണണം എന്നു തോന്നുമ്പോൾ അതിൽ നിന്നു ചിന്ത മാറ്റാനും മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനുമുള്ള ശേഷി കുട്ടികളിൽ ഉണ്ടാക്കുക. ഇത് ഒരു കൗൺസലിങ് വിദഗ്ധനു കുട്ടിയിലേക്കു പകരാനാകും. ഇങ്ങനെ ഓരോ ദിനവും കടന്നു പോവുക. ഒരാഴ്ച തുടരുക.

മദ്യപാനത്തിൽ നിന്നുള്ള വിടുതൽ ചികിത്സയ്ക്കായി നിർദേശിക്കപ്പെട്ടിരിക്കുന്നതു പോലെയുള്ള ചികിത്സാക്രമങ്ങൾ ഇതിനു പറയപ്പെട്ടിട്ടില്ല. കുട്ടികളെ അവരുടെ പ്രശ്നമെന്താണെന്നു തിരിച്ചറിയാനും അതിൽ നിന്നു രക്ഷനേടാനായി സഹായിക്കുകയും ചെയ്യുക. അതിനായി അവരെ നിരന്തരം പ്രചോദിപ്പിക്കുക. കുട്ടികളിൽ അവർക്കു പൂർത്തികരിക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾ പകരുക. കൊഗ്നറ്റീവ് ബിഹേവിയറൽ തെറപിയുടെ അടിസ്ഥാന ടെക്നിക്കുകളാണ് കൗൺസലിങ് തെറപിയിൽ ഉപയോഗിക്കുക.

മാതാപിതാക്കൾ എന്തുചെയ്യണം?

അശ്ലീല പുസ്തകങ്ങളോ സിഡികളോ കുട്ടി കാണുന്നു എന്നതു കാണുകയോ തിരിച്ചറിയുകയോ ചെയ്താൽ മാതാപിതാക്കൾ പലരീതിയിൽ പ്രതികരിക്കും.

ചിലർ ബഹളം വെച്ചു കുട്ടികളെ ശാരീരികമായി ശിക്ഷിക്കും. ചിലർ കണ്ടില്ല എന്നു വെയ്ക്കും. ഇതിൽ ഏതു മാർഗമാണു നല്ലത്?

മാതാപിതാക്കൾ തന്റെ ഈ ശീലവും ഇത്തരം രഹസ്യവ്യാപാരങ്ങളും അറിഞ്ഞു എന്നു കുട്ടി മനസിലാക്കുക തന്നെ വേണം. കുട്ടിയെക്കുറിച്ചു മാതാപിതാക്കൾക്കുള്ള പ്രതീക്ഷകളും മറ്റും അവരെ അറിയിക്കണം. അവരിൽ കുറ്റബോധമുണ്ടാക്കുംവിധം അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടത്.

കുട്ടികൾക്ക് വളർച്ചയുടെ ഓരോഘട്ടത്തിലും ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ പകർന്നുകൊടുക്കാൻ ശ്രമിക്കുക. പൂക്കളിൽ നടക്കുന്ന പരാഗണം പോലുള്ള കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുത്തു കൊണ്ടു പതിയെപ്പതിയെ ആണിന്റേയും പെണ്ണിന്റേയും സവിശേഷതകളെക്കുറിച്ചും മറ്റും പറഞ്ഞു കൊടുക്കാം. കൗമാരത്തോടെ അവരിൽ നിറയുന്ന ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റക്കൊടുക്കുക.

കൗമാരത്തിൽ കുട്ടികളിൽ ധാരാളം ഊർജം നിൽക്കുന്നുണ്ടാവും. ഇതു വിനിയോഗിക്കാനായി കായികവിനോദങ്ങളിലേക്കും മറും കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടുക.

സദാചാരപരമായ ആത്മീയ ദിശാബോധം നൽകുന്ന തരത്തിൽ വിശ്വാസത്തിലും മറ്റും മുഴുകാൻ കുട്ടികളെ പ്രേരിപ്പിക്കുക. എന്നാൽ കുട്ടികളിൽ അനാവശ്യമായ പാപബോധങ്ങൾ പകരരുത്.

പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും നേരിടാനുമുള്ള ജീവിതനൈപുണ്യം കുട്ടികൾക്കു പകരുക.

വീടുകളിൽ ഇന്റർനെറ്റ് കണക്ട് ചെയ്ത കംപ്യൂട്ടർ പൊതുഇടങ്ങളിൽ എല്ലാവർക്കും കാണാവുന്ന സ്ഥലങ്ങളിൽ വെയ്ക്കുക.

ലൈംഗികതയ്ക്ക് അമിതപ്രാധാന്യമോ അമിതതിരസ്കാരമോ നൽകുന്നതരം അന്തരീക്ഷം കുടുംബങ്ങളിൽ സൃഷ്ടിക്കപ്പെടാതെ ശ്രദ്ധിക്കുക.

സ്വയംഭോഗം ചെയ്താൽ കണ്ണുപൊട്ടും എന്ന തരത്തിലൊക്കെയുള്ള പ്രസ്താവനകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. സ്വയംഭോഗത്തെക്കുറിച്ചുള്ള യഥാർഥവിവരങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുക. അതുണ്ടാക്കാവുന്ന വ്യക്തിവൈകല്യങ്ങളെക്കുറിച്ചും പഠനവൈകല്യങ്ങളെക്കുറിച്ചും കുട്ടികളോടു സംസാരിക്കുക.

കുട്ടികൾക്കു മനോസമ്മർദമുണ്ടോ എന്നു തിരിച്ചറിയുക. അതു ലഘൂകരിക്കാൻ അവരെ സഹായിക്കുകയാണു ചെയ്യേണ്ടത്.

കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും അഡിക്ഷൻ ഏതു ശീലത്തോടും വസ്തുവിനോടും ഉണ്ടാകാം.

അശ്ലീല സിഡികൾ, പുസ്തകങ്ങൾ എന്നിവ സുലഭമായി ലഭിക്കുന്നതു തന്നെ കുട്ടികൾക്കു ക്രമേണ അതിനോടൊരു അഡിക്ഷനുണ്ടാകാൻ കാരണമാകാം. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽപെടാതിരിക്കാൻ കുട്ടികളെ ശ്രദ്ധിക്കുക.

വിവരങ്ങൾക്കു കടപ്പാട്

ഡോ കെ ഗിരീഷ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

മാനസികാരോഗ്യകേന്ദ്രം, ഊളമ്പാറ, തിരുവനന്തപുരം.