താരൻ ചികിത്സിച്ചു മാറ്റാം

ചർമത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന മൃതകോശങ്ങളുടെ അളവ് കൂടുകയോ അവ വളരെ വേഗത്തിൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ താരൻ പ്രത‌്യക്ഷപ്പെടും. ഒപ്പം ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ചെറിയ അളവിൽ വരണ്ട പൊടിപോലെയുള്ള താരൻ മുതൽ വളരെയധികം കട്ടിയുള്ള പൊറ്റപോലെ ശിരോചർമത്തിലും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന താരൻ വരെ ഉണ്ടാകാം. ഏറ്റവും കൂടുതലായി കാണപ്പെടുന്ന താരൻ സെബോറിക് ഡെർമറ്റൈറ്റിസ് (Seborrhoeic dermatitis) എന്നതാണ്. പ്രായപൂർത്തിയായവരിലാണ് സാധാരണമെങ്കിലും നവജാതരിലും ചെറിയ തോതിൽ വരാം.

സാധാരണ കാണുന്ന ഒരുതരം ഫംഗസിനു താരനുണ്ടാകുന്നതിൽ വലിയ പങ്കുണ്ട്. സെബേഷ്യസ് ഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവത്തിലെ കൊഴുപ്പുമായി പ്ര‌തി പ്ര‌വർത്തിച്ച് ഈ ഫംഗസ് ഉണ്ടാക്കുന്ന ചില ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുവന്ന പാടുകളും താരനും ചൊറിച്ചിലും ഉണ്ടാക്കുന്നു. ചിലർക്ക് മുടികൊഴിച്ചിലും വരാം. താരനു കാരണമാകുന്ന മറ്റൊരു രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഉള്ളവ‌രിൽ ശല്‍ക്കങ്ങൾ കൂടുതലായിരിക്കും. പൊറ്റ പിടിച്ചിരിക്കുകയും ചെ‌യ്യും. ശിരോചർമത്തെ ബാധിക്കുന്ന ഡെർമറ്റോഫൈറ്റോസിസ് എന്ന ഫംഗസ് ബാധയും ഹെയർ ഡൈയുടെയും വീര്യമേറിയ ഷാംപുവിന്റെയും സ്ഥിരമായ ഉപ‌യോഗവും താരനു കാരണമാകാം.

ആന്റിഫംഗൽ മരുന്നുകള്‍

പൊടിപോലെയുള്ള താരന്‍ നീക്കം ചെയ്യാൻ പ്രത്യേക മരുന്നുകൾ ചേർന്നിട്ടില്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ മതി. അതു കുറച്ചു നാൾ ആവർത്തിക്കണം. സെബോറിക് ഡെർമറ്റൈറ്റിസിന്റെ ചികിത്സയ്ക്ക് ആന്റിഫംഗൽ മരുന്നുകളടങ്ങിയ ഷാംപൂ നൽക‌ുന്നു. ചൊറിച്ചിൽ അധികമുണ്ടെങ്കിൽ സ്റ്റീറോയ്ഡ് ലേപനങ്ങൾ നൽ‌കും. ‌ശിരോചര്‍മത്തെ ബാധിക്കുന്ന സോറിയാസിന് കോൾടാർ അടങ്ങിയ ഷാംപൂ ആണ് പ്രധാനചികിത്സ. ഫലിക്കാത്തവർക്ക് ഉള്ളിൽ കഴിക്കുന്ന മരുന്നുകളുണ്ട്. സോ‌റിയാസിസിന് ഒമേഗാ 3 ഫാറ്റി ആസിഡ്സ് അടങ്ങിയ ആഹാരവും ഗുളികയും സഹായകരമാണ്. ഡെർ‌മറ്റോഫൈറ്റോസിസിന് ആന്റിഫംഗൽ ഗുളികയും ലേപന‌ങ്ങളും നല്ലത്.

ഡോ. സിമി എസ്. എം
കൺസൽ‌റ്റന്റ് ഡെർമറ്റോളജിസ്റ്റ്
ജി ജി ഹോസ്പിറ്റൽ.
അസോഷ്യേറ്റ് പ്രഫസർ, ഗോകുലം മെഡി. കോളജ്, തിരുവനന്തപുരം