ഒരു രോഗത്തിനുമില്ല ഒറ്റമൂലി പ്രതിവിധി

ഒറ്റമൂലി പ്രയോഗം ശാസ്ത്രീയമെന്നു പറയാൻ സാധിക്കില്ല. ഒരു രോഗത്തിനും ഒറ്റമൂലി ഉള്ളതായി ശാസ്ത്രങ്ങളിലില്ല. നമ്മുടെ നാട്ടിൽ കാര്യമായി ഒറ്റമൂലിപ്രയോഗം നടത്തുന്നതു മഞ്ഞപ്പിത്തരോഗികളിലാണ്. മഞ്ഞപ്പിത്തത്തിനു മരുന്നു കൊടുക്കുന്ന ഒരു വൈദ്യനോടു ഞാൻ ഒരിക്കൽ ചോദിച്ചു: മഞ്ഞപ്പിത്തം കരളിനുണ്ടാകുന്ന കാൻസർമൂലമാണു വരുന്നതെങ്കിൽ അത് ഒറ്റമൂലികൊണ്ട് എങ്ങനെയാണു മാറുക? അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു: കാൻസർ അവിടെയിരിക്കും, മഞ്ഞപ്പിത്തം ഇങ്ങോട്ടു പോരും. ഇത്തരത്തിലുള്ള അറിവും പ്രതിപാദനവുമാണ് ഇത്തരം വിദഗ്ധരുടെ കൈമുതൽ.

ജനങ്ങളുടെ അജ്ഞത പരിഹരിക്കുന്നതിനു പകരം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുകയും ഉദാഹരണസഹിതം വിവരിച്ചു വിശ്വാസം ആർജിക്കുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. ശരിയായ ശാസ്ത്രീയ ചികിൽസ ചെയ്യുന്ന വൈദ്യന്മാരെക്കാൾ വിശ്വാസം സാധാരണക്കാരുടെ ഇടയിൽ ഇത്തരം ‘വിദഗ്ധർ’ നിഷ്പ്രയാസം സമ്പാദിക്കുന്നു. ഇങ്ങനെയുള്ളവരെ ‘ഭിഷക്ബ്രുവൻ’ (വൈദ്യനെന്നു വിളിക്കുന്നയാൾ) എന്നാണു വൈദ്യഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്നത്.

മഞ്ഞപ്പിത്തരോഗികളിലാണ് ഒറ്റമൂലിപ്രയോഗവുമായി കൂടുതൽപേർ രംഗപ്രവേശം ചെയ്യുന്നതെന്നു ഞങ്ങളുടെ അനുഭവത്തിലുണ്ട്. മഞ്ഞപ്പിത്തം വന്നാൽ ഒറ്റമൂലിയാണു നല്ലതെന്ന വിശ്വാസവും സാധാരണക്കാരുടെ ഇടയിലുണ്ട്. മഞ്ഞപ്പിത്തം എന്ന രോഗലക്ഷണം പല രോഗങ്ങളിലും കാണാമെന്ന ചിന്ത സാധാരണക്കാർക്കു കുറവാണ്. അതു മനസ്സിലാക്കി കൊടുക്കേണ്ടതു വൈദ്യശാസ്ത്രം അറിയുന്നവരാണ്. അതു ചെയ്യാതെ ഒറ്റമൂലിപ്രയോഗത്തിലേക്ക് ഇത്തരം ‘വിദഗ്ധർ’ പ്രവേശിക്കുന്നു.

ചില മഞ്ഞപ്പിത്തം (മഞ്ഞപ്പിത്തം ഉദാഹരണം മാത്രം) കാൻസറോ മറ്റോ കൊണ്ടാകാം. അവിടെ ഒറ്റമൂലിയോ മരുന്നോ ഫലിക്കില്ല. ഈ അവസ്ഥയിൽ ഡോക്ടർമാരുടെ പ്രധാന ഉത്തരവാദിത്തം രോഗത്തെക്കുറിച്ചുള്ള പൂർണമായ അറിവ് രോഗിയുടെ ബന്ധുക്കൾക്കു നൽകുക എന്നതാണ്. അവർവഴി രോഗിയിലേക്കും രോഗത്തിന്റെ തീവ്രതയെക്കുറിച്ചുള്ള ചെറിയ അറിവു കൊടുക്കുന്നതാകും ഉത്തമം. രോഗിക്ക് എന്തെങ്കിലും മരുന്നു വേണമെന്നുള്ളതാണു പ്രാഥമിക ആവശ്യം. അതിനനുസരിച്ച് ഇത്തരം രോഗികളിൽ വലിയ ചെലവില്ലാത്ത രീതിയിൽ മരുന്നു നൽകാൻ ബന്ധുക്കളോടുകൂടി ആലോചിച്ചു തീരുമാനമെടുക്കുകയാണു സാമാന്യരീതിയിൽ ചെയ്യേണ്ടത്. ഈ ചികിൽസയ്ക്കിടെ രോഗിക്കുതന്നെ തന്റെ രോഗത്തിന്റെ അവസ്ഥയെക്കുറിച്ചു മനസ്സിലായിത്തുടങ്ങും. ചിലർ അതുമായി ഇണങ്ങിച്ചേരും; ചിലർ എന്തെങ്കിലും ചികിത്സ വേണമെന്നു നിർബന്ധിച്ചുകൊണ്ടിരിക്കും. ഇതു ചികിത്സയുടെ ചരിത്രത്തിലുള്ള അധ്യായങ്ങൾതന്നെയാണ്. ഇതിന്റെ മുതലെടുപ്പാണു ശ്രദ്ധിക്കേണ്ടത്.

മഞ്ഞപ്പിത്തം വരുന്ന 100 രോഗികളിൽ 90 ശതമാനം പേർക്കും ഇൻഫെക്ടീവ് ഹെപ്പറ്റൈറ്റിസ് എന്ന രോഗമാണു വരുന്നത്. അതു മരുന്നൊന്നും കഴിക്കാതെതന്നെ രണ്ടുമൂന്നാഴ്ചകൊണ്ടു താനെ മാറും. അവിടെയാണു സാധാരണക്കാരുടെ അജ്ഞതയെ മുതലെടുക്കുന്ന ചില വൈദ്യന്മാർ കാര്യം പറഞ്ഞു മനസ്സിലാക്കാതെ ഒറ്റമൂലിയോ മറ്റു മരുന്നുകളോ കൊടുത്ത് അതിന്റെ കഴിവുകൊണ്ടാണു രോഗം മാറിയതെന്നു ധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. വൈദ്യശാസ്ത്രത്തിന് എതിരായ സമീപനമാണിത്.

ആയുർവേദ ഗ്രന്ഥങ്ങളിലെല്ലാം പല ഔഷധങ്ങളുടെയും ചേരുവയാണു രോഗിക്കു കൊടുക്കുന്ന മരുന്നുകൾ. ആയുർവേദത്തിലെ ചില സ്ഥലങ്ങളിൽ ഒറ്റമൂലിയുടെ പ്രയോഗം പറയുന്നുണ്ട്. ഓരിലവേരിന്റെ പാൽക്കഷായം ഹൃദ്രോഗത്തിനു കൊടുക്കാമെന്നു പറയുന്നു. ഇവിടെ ഏതുതരം ഹൃദ്രോഗത്തിന് എന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവിടെയും നമുക്ക് ഒറ്റമൂലിപ്രയോഗത്തിനു പശ്ചാത്തല വിജ്ഞാനം കിട്ടുന്നില്ല. പ്രമേഹത്തിനു നെല്ലിക്കയും പച്ചമഞ്ഞളും ഒറ്റമൂലിയെന്നു പറയുന്നു. പക്ഷേ, പ്രമേഹം പല കാരണങ്ങൾകൊണ്ടു വരാമെന്നതിനാൽ അത്ര വലിയ പ്രാധാന്യം കൊടുക്കാൻ സാധിക്കില്ല. മറ്റു മരുന്നുകൾക്കൊപ്പം ഇതു നൽകുന്നതിൽ തെറ്റില്ല.

നെല്ലിക്ക പ്രമേഹശമനത്തിനു ഗുണകരമാണ്. അനുബന്ധമായി നൽകാവുന്നതാണിതൊക്കെ. എന്നാൽ, പ്രധാനമായും കഴിക്കേണ്ട മരുന്നുകൾ കഴിക്കേണ്ടതുണ്ട്. അടിസ്ഥാനമില്ലാതെ ഒറ്റമൂലിപ്രയോഗം തീർച്ചയായും തെറ്റാണ്. എളുപ്പത്തിൽ രോഗം മാറാൻ ഒറ്റമൂലിയിലേക്കു തിരിയുന്നത് അപകടവും വരുത്താം. ചില പച്ചമരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ തോതിൽ കുറയ്ക്കും. ഇതു മരണംവരെ സംഭവിക്കാൻ കാരണമാകും. അടിസ്ഥാനമില്ലാതെ ഒറ്റമൂലിപ്രയോഗം തീർച്ചയായും തെറ്റാണ്.