ഇയർ ബഡ്സ് ഉപയോഗം കരുതലോടെ

ചെവിയിൽ അൽപം അഴുക്ക് കയറി എന്ന് തോന്നിയാലോ നനവ് അനുഭവപ്പെട്ടാലോ ഉടൻ നമ്മൾ ഇയർ ബഡ് തപ്പി പോകും . ഇയർബഡ് കൊണ്ട് ചെവിക്കുള്ളിലേക്ക് മെല്ലേ കടത്തി, ഒന്നു കറക്കിയെടുക്കും. ചിലർ ഇതു ആസ്വദിച്ചു ചെയ്യുന്നതു കാണാം. എന്നാൽ ഇയർ ബഡ്സ് വെറുതേ ഉപയോഗിക്കാനുള്ളതല്ല.

ചെവിക്കായം നീക്കാനാണ് പ്രധാനമായും ഇയർ ബഡ്ഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെവിക്കായം നമ്മുടെ ശത്രുവല്ല, മിത്രമാണ്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി പോകാൻസാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ടിംബാനിക്ക് മെംബറേനു പോറൽ വീഴാനോ സാധ്യതയുണ്ട്.

ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. വാക്സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും )ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ഒപിയിൽ തന്നെ ചെയ്യാവുന്നതാണീ രീതികൾ. വെള്ളം അധികം കുടിക്കാതെ ശരീരത്തിലെ ഈർപ്പം കുറയുക. കൂടുതൽ സമയം എസിയിൽ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാൻ കാരണം.

ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേമേ ബഡ്സ് ഉപയോഗിക്കാവൂ. മാത്രമല്ല ബഡ്സിൽ പൊടിയും അഴുക്കും ഒന്നും കയറാൻ ഇടവരാതെ കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിക്കണം.