ഭക്ഷണം കഴിക്കാനും വേണം ടൈംടേബിൾ

എന്തു ഭക്ഷണം കഴിക്കണം എന്നതു മാത്രമല്ല എപ്പോൾ ഭക്ഷണം കഴിക്കണം എന്നതും അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. പലരും ജോലിത്തിരക്കുകൾ കാരണം കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കാൻ മറന്നുപോകുന്നു. പകരം തിരക്കുകളെല്ലാമൊഴിഞ്ഞിട്ട് ‘നേരം കെട്ട നേരത്ത്’ വലിച്ചുവാരിത്തിന്ന് വിശപ്പടക്കുന്നു. ഈ പ്രവണത ഒട്ടും ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം രാവിലെ ഏഴുമണിക്കും എട്ടുമണിക്കും ഇടയിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പത്തുമണി കഴിഞ്ഞ് പ്രാതൽ കഴിക്കുന്ന ശീലം പാടില്ല. ഉണർന്നെഴുന്നേറ്റു കഴിഞ്ഞാൽ അരമണിക്കൂറിനകം പ്രാതൽ കഴിക്കണം. ഒരു കാരണവശാലും പ്രാതൽ ഒഴിവാക്കാനും പാടില്ല.

ഉച്ചയൂണ്

ഉച്ചയൂണ് കഴിക്കേണ്ടത് പന്ത്രണ്ടരയ്ക്കും രണ്ടുമണിക്കും ഇടയിലാണ്. തിരക്കുകൾ കാരണം ഒരുപാടു വൈകി ഊണ് കഴിക്കുന്നത് നന്നല്ല. നാലു മണി വരെ വൈകി ഊണു കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് ദഹനത്തെ വളരെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണവും ഉച്ചയൂണും തമ്മിൽ നാലു മണിക്കൂർ നേരത്തെ ഇടവേള അനിവാര്യമാണ്. അതിൽ കൂടുതൽ ഇടവേള പാടില്ല.

അത്താഴം

സന്ധ്യയ്ക്ക് ആറര മണിക്കും രാത്രി ഒമ്പതു മണിക്കും ഇടയിൽ അത്താഴം കഴിക്കാൻ ശീലിക്കണം. രാത്രി പത്തുമണിക്കു ശേഷം അത്താഴം കഴിക്കുന്നത് ദഹനത്തിന് നല്ലതല്ല. ഉറങ്ങുന്നതിന് മൂന്നുണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. വളരെ കലോറിയുള്ള ഭക്ഷണം അത്താഴസമയത്ത് ഒഴിവാക്കാനും ശ്രദ്ധിക്കണം.