എന്തു പറഞ്ഞാലും നീ എന്റേതല്ലേ...

ഓഫിസിലെ കടുത്ത ജോലിത്തിരക്കില്‍ നിന്ന് ഒരു വിധം തലയൂരി ഭാര്യയേയും കൂട്ടി സിനിമയ്ക്കു പോകാനായി ബൈക്കില്‍ അമിതവേഗത്തിലാണ് അയാള്‍ വീട്ടിലേക്കു തിരിച്ചത്. പെട്ടെന്ന് റോഡിനു കുറുകെ ചാടിയ ഒരു കുട്ടിയെ രക്ഷിക്കാനായി ശ്രമിച്ചപ്പോള്‍ ബൈക്ക് ഒന്നുതെന്നി വീണു. ഭാഗ്യത്തിന് കാര്യമായി പരുക്കു പറ്റിയില്ല. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോഴേക്കും സിനിമയ്ക്കുള്ള സമയം കഴിഞ്ഞു.

സിനിമ കാണല്‍ ഇത്തവണയും മുടങ്ങിയതിലെ അരിശം ഭാര്യ തീര്‍ത്തതു ഭര്‍ത്താവിന്റെ മനസില്‍ തറയ്ക്കുന്ന വാക്കുകളിലൂടെയായിരുന്നു. എന്താണു വൈകിയതെന്ന് കേള്‍ക്കാന്‍ ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഭാര്യയുടെ പ്രതികരണം ഇങ്ങനെയാവില്ലായിരുന്നു.

ഈ സംഭവത്തില്‍ വായനക്കാര്‍ ഇതിനകം ഭര്‍ത്താവിന്റെ പക്ഷം പിടിച്ചുകഴിഞ്ഞിരിക്കും അല്ലേ? ആര്‍ക്കും എളുപ്പത്തില്‍ പറയാം ഇതില്‍ ഭര്‍ത്താവിന്റെ ഭാഗത്താണ് ന്യായമെന്ന്. എന്നാല്‍, വിവിധ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും പക്ഷങ്ങളില്‍ നിരത്തിവെയ്ക്കാന്‍ നിരവധി ന്യായങ്ങളുണ്ടാകും. അതിന്റെ പട്ടിക നീളുമ്പോള്‍, അവ കൂട്ടിക്കിഴിച്ച് തന്റെ ഭാഗത്താണ് ന്യായം കൂടുതലെന്ന് ഭാര്യയ്ക്കും ഭര്‍ത്താവിനും തര്‍ക്കിക്കാം. പിന്നീട് തകര്‍ന്നടിഞ്ഞ് ദാമ്പത്യത്തിനോ വിവാഹമോചനത്തിനോ ഒക്കെ നിരത്തിക്കാട്ടാവുന്ന തെളിവുകളുമായി അവ മാറുകയും ചെയ്യും.

തകരുന്ന ദാമ്പത്യം

ഓരോ വര്‍ഷവും വിവാഹമോചനക്കേസുകളിലുണ്ടാകുന്ന വര്‍ധനവ് അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതലാണ് പൊരുത്തപ്പെട്ടുപോകാനാകാതെ ദാമ്പത്യം അഭിനയിച്ചുതീര്‍ക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ എണ്ണം.

പരസ്പരമുള്ള തുറന്നു പറച്ചില്‍, ഇണയുടെ മേല്‍ വിജയം നേടാന്‍ മാത്രമല്ല വിട്ടുകൊടുക്കാനുള്ള മനസ്, പറയാന്‍ മാത്രമല്ല കേള്‍ക്കാനുമുള്ള സമ്മതം. കഴിവുകളെ മാത്രമല്ല പരസ്പരമുള്ള കുറവുകളെയും അംഗീകരിക്കാനുള്ള ശ്രമം ഇത്രയൊക്കെ മതി ദാമ്പത്യജീവിതം സുന്ദരമാക്കാന്‍.

പറയാന്‍ എന്തെളുപ്പം, പ്രയോഗിച്ചു നോക്കുമ്പോഴറിയാം അതിന്റെ പാട് എന്നു ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ, ഒന്നാലോചിക്കൂ വിവാഹം കഴിഞ്ഞ് ആ സുന്ദരമായ മധുവിധു കാലത്ത് നിങ്ങള്‍ക്ക് അതിനൊക്കെ കഴിഞ്ഞിരുന്നല്ലോ. പിന്നെന്തേ ആ മനസ് കൈമോശം വന്നുപോയത്? അതിന്റെ കാരണം തിരിച്ചറിഞ്ഞാല്‍ പരിഹാരവും എളുപ്പമാകും.

ദാമ്പത്യത്തില്‍ സംഭവിക്കുന്നത്

സുദൃഢവും ആനന്ദപ്രദവുമായ ദാമ്പത്യജീവിതത്തിന് മാനസികമായ മൂന്നു ഘട്ടങ്ങളുണ്ട്. അവ മനസിലാക്കി പെരുമാറണം.

ഒന്നാംഘട്ടം : ദമ്പതികള്‍ക്കിടയിലുള്ളത് ഉത്കടമായ വികാരവായ്പിന്റെ ഘട്ടമാണത്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ വരെയേ ഈ ഘട്ടത്തിനു സാധാരണനിലയില്‍ തീവ്രതയുണ്ടാവുകയുള്ളൂ. ഇണകള്‍ക്കു പരസ്പരം തോന്നുന്ന ശാരീരിക ആകര്‍ഷണവും ലൈംഗികതയും ഈ ഘട്ടത്തില്‍ ഏറിയിരിക്കും.

തീവ്രമായ വൈകാരികബന്ധം മൂലം ഈ ഘട്ടത്തില്‍ ദിവസങ്ങളല്ല മണിക്കൂറുകള്‍പോലും പിരിഞ്ഞിരിക്കുന്നത് വിഷമകരമായിരിക്കും. പരസ്പരം പറയുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ മറ്റെന്തിനെക്കാളും രസകരവും ആനന്ദകരവുമൊക്കെയായിരിക്കും. മികവുകളും നന്മയും പ്രസക്തവും കുറവുകള്‍ അപ്രസക്തവുമായി അനുഭവപ്പെടും.

കാലം കഴിയുന്തോറും ഈ കാലത്തെ പ്രണയത്തിന്റെ തീവ്രതയ്ക്കും സ്വഭാവത്തിനും മാറ്റം വന്നു തുടങ്ങും.

രണ്ടാംഘട്ടം: ഉത്കടമായ വികാരവായ്പിന്റെ ഒന്നാംഘട്ടത്തിന്റെ നിറം മങ്ങിത്തുടങ്ങുമ്പോള്‍ തന്നെ ദമ്പതികള്‍ക്കിടയില്‍ ആത്മബന്ധം രൂപപ്പെട്ടിരിക്കും. ഇതാണ് രണ്ടാംഘട്ടം സ്വാഭാവികമായും സംഭവിക്കാവുന്നതാണ് ഈ പ്രക്രിയ. ഒന്നാം ഘട്ടത്തിലെ വികാരവായ്പ് കുറയുമ്പോഴേക്കും ആത്മബന്ധം ശക്തിപ്പെട്ടില്ലെങ്കില്‍ ദാമ്പത്യപരാജയത്തിനു കാരണമാകും.

ആത്മബന്ധം രൂപപ്പെട്ട് വികസിച്ച് പരിണമിക്കുന്നത് ദാമ്പത്യജീവിത-ത്തിന്റെ ആദ്യ വര്‍ഷങ്ങളിലായിരിക്കും. ഇരുവരും പരസ്പരം എന്തു പറഞ്ഞാലും നീ എന്റേതല്ലേ എന്നു ചിന്തിക്കുകയും കുറ്റങ്ങളും കുറവുകളും കൂടി മനസിലാക്കി അംഗീകരിക്കുകയും ചെയ്യുന്ന ഘട്ടമാണിത്.

മൂന്നാംഘട്ടം: രണ്ടാംഘട്ടമായ ആത്മബന്ധത്തിന്റെ തീവ്രത കുറയുന്നതിനുമുമ്പുതന്നെ ജീവിതകാലം മുഴുവന്‍ ദാമ്പത്യം നിലനിര്‍ത്തിക്കൊണ്ടു കോപാന്‍ ശക്തിയുള്ള പ്രതിബദ്ധത വളര്‍ന്നു വരും. അതു സാധ്യമായാല്‍ പിന്നീട് ആ ബന്ധം ഉലയുക അത്ര എളുപ്പമല്ല.

പരസ്പരം നിറവേറ്റേണ്ട നിരവധി ഉത്തരവാദിത്വങ്ങള്‍ ദമ്പതികള്‍ ഏറ്റെടുക്കുന്നതോടെ ജീവിതം സുന്ദരമായി മുന്നോട്ടു നീങ്ങും. പരസ്പരം പൊറുക്കാനും ക്ഷമിക്കാനുമൊക്കെ കഴിയും വിധം മനസുകള്‍ പാകപ്പെടുന്നത് ഈ ഘട്ടത്തിലാണ്.

ഉത്കടമായ വികാരവായ്പിന്റെയും ആത്മബന്ധത്തിന്റെയും അറ്റുപോകാത്ത ചില ഇഴകള്‍ ജീവിതത്തിലുടനീളം മധുരം നിറയ്ക്കുകയും ചെയ്യും.

കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ എഴുത്ത് ബോര്‍ഡ്

എന്തൊക്കെ നേടിയാലും നല്ലൊരു കുടുംബജീവിതം ഇല്ലെങ്കില്‍ നേട്ടങ്ങള്‍ക്ക് പിന്നെന്താണ് വില. സ്നേഹം കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതു കൊടുക്കണമെന്നു വേണം ആദ്യം ആഗ്രഹിക്കാന്‍. നല്‍കാന്‍ തയാറായാല്‍ ആവശ്യത്തിലധികം അതു കിട്ടുകയും ചെയ്യും. കുടുംബബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇനി പറയുന്ന കാര്യം ഒന്നു നടപ്പിലാക്കൂ.

വീട്ടില്‍ പൊതുവായ സ്ഥലത്ത് ഒരു ബോര്‍ഡ് സ്ഥാപിക്കുക. ആ ബോര്‍ഡില്‍ വീട്ടിലെ ഓരോ അംഗത്തിന്റെയും പേര് മുകളില്‍ വരിയ്ക്കെഴുതി പേരുകള്‍ക്കിടയ്ക്ക് താഴേക്കു നീട്ടി വരച്ച് കോളങ്ങളാക്കുക. അച്ഛനൊരു കോളം, അമ്മയ്ക്ക് ഒരു കോളം, മക്കള്‍ക്ക് ഓരോരോ കോളം എന്ന നിലയില്‍ വീട്ടിലെ ഓരോരുത്തരും മറ്റുള്ളവരുടെ പേരിനടിയില്‍ ഓരോരുത്തരിലും ഇഷ്ടപ്പെട്ട ഒരു ഗുണമോ സ്വഭാവമോ പെരുമാറ്റമോ എഴുതിവയ്ക്കുക. ദിവസവും ഓരോന്നുമതി. ഇതു പത്തു ദിവസം ചെയ്തു നോക്കൂ. ഫലം അത്ഭുതകരമായിരിക്കും. നിങ്ങളുടെ കുടുംബത്തില്‍ പരസ്പര വിശ്വാസവും സ്നേഹവും നിറഞ്ഞുകവിയുന്നത് തിരിച്ചറിയാം.

കുറ്റമോ കുറവോ തുറന്നു പറയാന്‍ നമ്മള്‍ മലയാളികള്‍ക്ക് നല്ല മിടുക്കുണ്ട്. നല്ലതുകണ്ടാല്‍ അത് മനസില്‍ സൂക്ഷിക്കുകയേ ഉള്ളൂ. അതിനാല്‍ ബോര്‍ഡില്‍ തുറന്നെഴുതാന്‍ മടിക്കരുത്. വീട്ടിലെ ഓരോരുത്തരെയും പറ്റി നിങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന നല്ല കാര്യങ്ങള്‍ പ്രകടിപ്പിക്കയാണിവിടെ. ഓരോരുത്തരും അറിയട്ടെ നിങ്ങളുടെ മനസില്‍ എന്താണെന്ന്. ഒപ്പം നിങ്ങള്‍ക്കും മനസിലാകും. കുടുംബാംഗങ്ങളുടെ മനസില്‍ എത്രമാത്രം സ്നേഹവും കരുതലും ഉണ്ടെന്ന്, ബോര്‍ഡ് നിറഞ്ഞു കഴിഞ്ഞാല്‍ മായ്ച്ചശേഷം വീണ്ടും തുടരുക. സ്വപ്നത്തിലെ കുടുംബം സ്വന്തമാക്കാന്‍ ഈ എഴുത്തുവിദ്യ സഹായിക്കും.

_ഡോ പി പി വിജയന്‍ മൈന്‍ഡ് പവര്‍ ട്രെയ്നര്‍ ലൈഫ് ഫൌണ്ടേഷന്‍, തിരുവനന്തപുരം._