വീടിലൂടെ ആരോഗ്യം നേടാം, എങ്ങനെ?

പണ്ടുകാലത്ത് ധാരാളം സ്ഥലം ലഭ്യമായതിനാൽ കൃത്യമായി സ്ഥാനം കണ്ട് വായുവും വെളിച്ചവും ധാരാളമുളള ഇടത്ത് വീട് പണിയാൻ നമുക്ക് കഴിയുമായിരുന്നു. വെളളത്തിന്റെ ഒഴുക്കും ഭൂമിയുടെ ചരിവുമൊക്കെ പ്രധാന ഘടകമായിരുന്നു. എന്നാൽ ജീവിതം നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഒന്നും രണ്ടും സെന്റിൽ വീട് വയ്ക്കാൻ നിർബന്ധിതരായി. ഉളള സ്ഥലത്ത് തല ചായ്ക്കാൻ ഒരിടം എന്ന സങ്കൽപ്പത്തിലേക്ക് മാറി കളിക്കാൻ സ്ഥലമില്ലാത്ത, വായുവും വെളിച്ചവും കുറഞ്ഞ വീടുകളും ഫ്ലാറ്റും ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നതുമായി. രണ്ട്–മൂന്ന് തലമുറ മുമ്പുളള ആളുകൾ നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നതിനു പിന്നിലെ ഒരു കാരണം ആരോഗ്യമുളള വീടുകളാകാം.

പ്രകൃതിയിലേക്ക് മടങ്ങാം

ഭക്ഷണകാര്യത്തിൽ നാം പ്രകൃതിയിലേക്ക് മടങ്ങുകയാണ്. അതുപോലെ വീടു പണിയുന്ന കാര്യത്തിലും ഒരു മടക്കയാത്ര നല്ലതാണ്. അതായത് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ വീട് നിർമ്മിക്കുക. ഇക്കോ–ഫ്രണ്ട്‍ലി വീടുകൾ എന്നാണ് ഈ ആശയത്തെ പറയുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ നിർമ്മാണ സാമഗ്രികൾ മാത്രം ഉപയോഗിക്കുക. വസ്തുവിലെ മരങ്ങൾ നിലനിർത്തുക, പല തട്ട് ആയിട്ടുളള സ്ഥലമാണെങ്കിൽ ആ ചരിവുകൾ നില നിർത്തുക, കാറ്റും വെളിച്ചവും ധാരാളം കിട്ടുന്ന ഡിസൈൻ, മഴവെള്ള സംഭരണി, മാലിന്യസംസ്കരണ സംവിധാനം, സൗരോർജത്തിന്റെ വിനിയോഗം തുടങ്ങിയ ഘടകങ്ങൾ ഒത്തുചേരുന്നതാണ് ഇക്കോ ഫ്രണ്ട്‍ലി വീടുകൾ. എന്തിനേറെ പറയുന്നു ഗ്രീൻ ഇന്റീരിയർ എന്ന ആശയം തന്നെ ഇപ്പോൾ നിലവിലുണ്ട്. അതായത് പ്രകൃതിയെ നോവിക്കാത്ത തരം ഉൽപന്നങ്ങൾ ഉപയോഗിക്കുക. അതുവഴി വായുവും വെളിച്ചവും എല്ലാം ശരീയായ രീതിയിൽ സംരക്ഷിക്കുക. ഇതു ആരോഗ്യത്തിനും തന്നെ ഒരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. വീടിന് അടിത്തറ ഇടുമ്പോൾ മുതൽ ശ്രദ്ധിച്ചാൽ അനാരോഗ്യകരമായ പല കാര്യങ്ങളും നമുക്ക് ഒഴിവാക്കാനാകും. അവ ഏതെല്ലാമെന്നു നോക്കാം.

അടിത്തറയിൽ നിന്നേ തുടങ്ങാം

ഇന്നു വീട് വയ്ക്കാൻ സ്ഥലം ദുർലഭമായതോടെ ചതുപ്പ് നിലങ്ങൾ വരെ നികത്തി വീട് പണിയാൻ ആരംഭിച്ചു. ഈ ചതുപ്പ് നിലങ്ങൾ ധാരാളം ജീവികളുടെ വാസസ്ഥലമാണ്. തണുപ്പ് ഉളളിടത്ത് ജീവിക്കുന്ന ചിതൽ പോലുളളവയും ധാരാളമായി കാണുന്നു. ഇവയെ നശിപ്പിക്കാനായി വീടിന്റെ അടിത്തറ കെട്ടുമ്പോൾ തന്നെ വളരെ ആഴത്തിൽ കുഴിച്ച് കീടനാശിനി പല ലെയറായി സ്പ്രേ ചെയ്യും. ഇതിനെ ടെർമൈറ്റ് പ്രൂഫിങ് എന്നാണ് പറയുന്നത്. ഈ രീതിക്കു പല ദോഷങ്ങളും ഉണ്ട്. വെള്ളത്തിലൂടെയും മണ്ണിലൂടെയും ഈ വിഷം കിണറിലേക്ക് ഇറങ്ങി വെളളത്തിനെ മലിനമാക്കും. ഇതു പതിയെ നമ്മുടെ ശരീരത്തിലെക്കു തന്നെ എത്തും. ഇതു അലർജി പോലുളള പല പ്രശ്നങ്ങൾക്കും കാരണമാകും.
തറ നിറയ്ക്കുമ്പോൾ തടിക്കഷ്ണങ്ങൾ അകപ്പെടാതെ ശ്രദ്ധിച്ചാൽ ചിതലിന്റെ ശല്യം ഉണ്ടാകില്ല. അതുമല്ലെങ്കിൽ മണ്ണിട്ടു തറ നിറച്ച ശേഷം പാറപ്പൊടി തറയിൽ നിറച്ചാൽ ചിതൽ ശല്യം കുറയും.

വീടു പണിയുമ്പോൾ

പണ്ടു കാലത്ത് മണ്ണു കുഴച്ചു ഭിത്തിയായി കെട്ടിപൊക്കി, ഒാല മേഞ്ഞായിരുന്നു വീട് വച്ചിരുന്നത്. തറയിൽ ചാണകവും മെഴുകും. പിന്നീട് മണ്ണ് കുഴച്ച് അച്ചുകളിൽ നിറച്ച് ആകൃതിയിൽ ഉണ്ടാക്കി വീട് പണിതിരുന്നു. ഒാലയുടെ സ്ഥാനത്ത് ഒാട് വന്നു. ഇന്ന് സിമന്റ് കട്ടകളാണ് വീട് പണിയാൻ കൂടുതലും ഉപയോഗിക്കുന്നത്. വീട് ചൂടു കൊണ്ട് പുകയാൻ പ്രധാന കാരണങ്ങളിലൊന്നിതാണ്. പണ്ട് കുഴികൾക്കിടയിൽ മണ്ണും കുമ്മായവുമായിരുന്നു നിറച്ചിരുന്നത്. കുമ്മായത്തിന് പല ഗുണങ്ങളുണ്ടായിരുന്നു. പ്രകൃതിദത്തമായ കീടനാശിനിയായി പ്രവർത്തിക്കാൻ അതിനു കഴിവുണ്ട്. കൂടാതെ അലർജി പ്രശ്നങ്ങളും ഉണ്ടാക്കില്ല. ഇന്ന് മണ്ണിന്റെയും കുമ്മായത്തിന്റെയും സ്ഥാനത്ത് സിമന്റ് വന്നു. ഇതേ സിമന്റ് കൊണ്ടു തന്നെ ഭിത്തികൾ പൂശാനും തുടങ്ങി.

വീടു പണിയാൻ ഏറ്റവും ഉത്തമമായി വിദഗ്ധർ നിർദേശിക്കുന്നത് വെട്ടുകല്ല് തന്നെയാണ്. ഇതിനു മുകളിൽ പെയിന്റ് അടിക്കേണ്ട ആവശ്യവുമില്ല. അങ്ങനെ വരുമ്പോൾ സാമ്പത്തികമായ ലാഭത്തോടൊപ്പം പെയിന്റിൽ നിന്നുളള ദോഷകരമായ വാതകങ്ങൾ നിത്യവും ശ്വസിക്കേണ്ടി വരില്ല. സാധാരണ ഇഷ്ടിക പൂശാതെ ഇടുന്നതും നല്ലതാണ്.

തിളങ്ങും തറ പ്രശ്നമാണ്

പണ്ട് തറയിൽ ചാണകമായിരുന്നു മെഴുകിയിരുന്നത്. എന്നാൽ ഇന്ന് ഇത് പ്രായോഗികമായ രീതിയേ അല്ല. മാത്രമല്ല തറയെല്ലാം മിന്നിത്തിളങ്ങണമെന്നാണ് ഇന്ന് വീട് പണിയുന്നവരുടെ ഒക്കെ ആഗ്രഹം. അതിനുവേണ്ടി നല്ല വെൺമയുളള, മിനുസമേറിയ ടൈലുകൾ ഉപയോഗിക്കുന്നു. തറ വെട്ടിത്തിളങ്ങുന്നത് കണ്ണിന് അനാരോഗ്യകരമാണെന്ന് പല പഠനങ്ങളും പറയുന്നു. അമ്പതു കഴിഞ്ഞാൽ പലർക്കും നടക്കുമ്പോൾ ബാലൻസ് കിട്ടാത്തതിന്റെ പ്രശ്നം ഉണ്ട്. ടൈലുകൾ പാകിയ തറയിൽ കൂടി നടക്കുമ്പോൾ വീണ് ഒടിവ് പറ്റാനുളള സാധ്യത വളരെ കുടുതലാണ്. ടൈലുകൾക്ക് തണുപ്പ് ഉളളതിനാൽ വാതരോഗം പോലുളളവ ബാധിച്ചവർക്ക് ഈ തറയിൽ കൂടി നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. തറ പണിയാൻ ഏറ്റവും അനുയോജ്യം മരത്തടി തന്നെയാണ്. തടി കഴിഞ്ഞാൽ ഏറ്റവും നല്ലത് തറയോടാണ്. ഒാക്സൈഡ് ഫ്ലോറിങും നല്ലതാണ്. ഇവയെല്ലാം കഴിഞ്ഞാൽ ആരോഗ്യപരമായി തിരഞ്ഞെടുക്കാവുന്നത് പ്രകൃതിദത്ത കല്ലുകളായ മാർബിളും ഗ്രാനൈറ്റുമൊക്കെയാണ്. അഥവാ ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പരുപരുത്ത പ്രതലത്തോടുകൂടി ടൈലുകള്‍ വാങ്ങുക. ബാത്ത്റൂമിൽ നിർബന്ധമായും ഇത്തരം ടൈലുകൾ തന്നെ ഇടണം.

ആസ്ബസ്റ്റോസ് വേണ്ട

ഇന്ന് ആസ്ബസ്റ്റോസ് ഉപയോഗിച്ച് മേൽക്കൂര പണിയുന്നവർ വളരെ കുറവാണ്. ആസ്ബസ്റ്റോസ് മേൽക്കൂരയുടെ കീഴിൽ നേരിട്ട് താമസിക്കുന്നവർക്ക് കാൻസർ പോലുളള പല മാരക രോഗങ്ങളും വരാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഇപ്പോൾ കൂടുതലും കോൺക്രീറ്റ് മേൽക്കൂരയാണല്ലോ? ഇതു വീടിനുളളിൽ ചുട് കൂടുന്നതിനു കാരണമാകും. കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ സീലിങ്ങിനു കൂടുതൽ ഉയരം നൽകാം. തടി കൊണ്ട് മച്ച് പണിത്, ഒാട് കൊണ്ട് മേൽക്കൂര മേയുന്ന പഴയ രീതിയാണ് ആരോഗ്യകരമെന്നു പറയാം. മച്ചിനു പുതിയ തടി വേണമെന്നില്ല, പഴയ തടിയായാലും മതി. പണ്ടത്തെ കോവിലകങ്ങളുടെയും കൊട്ടാരങ്ങളുടെയും മച്ച് നിര്‍മിച്ചിരിക്കുന്നത് ഇത്തരത്തിലാണ്.

മുറ്റം ശ്വസിക്കട്ടെ

മുറ്റം പുല്ലു വളർന്ന് കാട് പിടിച്ചു കിടന്നാൽ വൃത്തിയാക്കാൻ ആർക്കാണ് നേരം? ഈ പ്രശ്നത്തിനു പരിഹാരമായി എല്ലാവരും ചെയ്യുന്നതോ മുറ്റം മുഴുവൻ പല നിറത്തിലും ഡിസൈനിലുമുളള ടൈലുകൾ – പേവ്മെന്റ് ടൈലുകൾ – പാകുകയാണ്. അപ്പോൾ വൃത്തിക്കു വൃത്തിയും അഴകിനു അഴകും ആയി. ഒപ്പം പുല്ല് ചെത്തി മിനക്കെടണ്ട എന്ന ആശ്വാസവും. എന്നാൽ മുറ്റത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കുമ്പോൾ വീട്ടുകാർക്കും അതു അനാരോഗ്യകരം തന്നെ. പകൽ മുഴുവൻ ചൂട് വലിച്ചെടുത്ത് വീടിനുളളിലേക്കും ആ ചൂട് പകരുകയാണ് ഈ ടൈലുകൾ ചെയ്യുന്നത്. കരിങ്കൽ ചീളുകൾ പാകുന്നത് ചൂട് കൂട്ടും. ഈ പ്രശ്നത്തിനു പരിഹാരം മുറ്റത്ത് പുല്ലു വച്ചു പിടിപ്പിക്കലാണ്. കാരണം അവ തരുന്ന തണുപ്പും ഊർജവും മറ്റൊന്നിനും നൽകാൻ കഴിയില്ല. പുല്ല് പിടിപ്പിക്കുക എന്നതിനർഥം ചെലവേറിയ ലോൺ നിർമ്മിക്കുക എന്നതല്ല. സാധാരണ പുല്ല് വളർത്തിയാൽ മതി. ചെറിയ കുറ്റിച്ചെടികളും വളർത്താം. വേണമെങ്കില്‍ നടക്കാനുളളതും വാഹനം കയറാനുളളതുമായ വഴിയിൽ കരിങ്കൽ പാളികൾ ഇടാം.

കിണറിനു ചുറ്റും ഇത്തരം ടൈലുകൾ പാകുന്നതും ഒഴിവാക്കാം. ഇത്തരം ടൈലുകൾ തമ്മിൽ വിടവ് ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ മഴ വെളളത്തിന് ഭൂമിയിലേക്ക് ഇറങ്ങാൻ കഴിയാതെ വരുന്നു.

വായുസഞ്ചാരം ഉറപ്പാക്കാം

മുറിക്കുളളിലെ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മുറികൾക്ക് ക്രോസ് വെന്റിലേഷൻ സാധ്യമാകുന്ന ജനാലകൾ ഉണ്ടെന്നു ഉറപ്പുവരുത്തുക. അതായത് ഒരു ജനലിൽ കൂടി കയറുന്ന വായു അതേ മുറിയിലെ മറ്റൊരു ജനലിൽ കൂടി പുറത്തേക്കു പോകണം. ഇങ്ങനെ ക്രോസ് വെന്റിലേഷൻ നൽകുന്നത് മുറിക്കുളളിൽ പാറ്റ, മറ്റു ചെറുകീടങ്ങൾ എന്നിവ വളരുന്നത് തടയും.

പെയിന്റ് വിഷമോ?

നല്ല നിറങ്ങൾ നിറഞ്ഞു നിൽക്കുന്ന വീട് കാണാൻ ചന്തം തന്നെയാണ്. എന്നാൽ ഇഷ്ടിക സിമന്റ് ഇട്ട് പ്ലാസ്റ്റർ ചെയ്ത്, അതിൽ നിറവും കൂടി പൂശി അവയെ ശ്വാസം മുട്ടിക്കാതിരിക്കുന്നതാണ് നല്ലത്. ഇഷ്ടികകൾക്കും ജീവനുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല നിരോധിത ഘടകങ്ങൾ അടങ്ങിയ പെയിന്റുകളും വിപണിയിൽ ലഭിക്കുന്നുണ്ട്. കടും നിറത്തിലുളള പെയിന്റുകളിലാണ് കൂടുതൽ വിഷം അടങ്ങിയിട്ടുളളത്രേ.

നടുമുറ്റം ആഡംബരം അല്ല

പണ്ടുളള മിക്ക വീടുകൾക്കും നടുമുറ്റമുണ്ടായിരുന്നു. ഇത് ആവശ്യത്തിനു സൂര്യപ്രകാശവും കാറ്റും ഉളളിലേക്കു കടത്തി വിടുമായിരുന്നു. നടുമുറ്റത്തിൽ ചെടി വളർത്തി വായുവിനെ ശുദ്ധമാക്കി വയ്ക്കുമായിരുന്നു. മഴ പെയ്താൽ ആ തണുപ്പ് വീടിനുളളിൽ അനുഭവിക്കാമായിരുന്നു. ഇന്ന് വീടിന് മോടി കൂട്ടാൻ വേണ്ടിയാണ് നടുമുറ്റം നിർമ്മിക്കുന്നത്. പണ്ട് നടുമുറ്റത്തിന്റെ തറ മണ്ണ് ഇട്ടോ കല്ലുകൾ ഇട്ടോ നികത്തിയിരുന്നു. മഴവെള്ളം പോകാൻ ഒാവ്ചാലും കാണും. ഇന്നത്തെ നടുമുറ്റങ്ങളുടെ മുകളിൽ ഗ്ലാസോ പോളീകാർബണേറ്റഡ് ഷീറ്റോ ഇട്ട് അടച്ചിട്ടുണ്ടാകും. ഇതിലൂടെ സൂര്യപ്രകാശത്തിന്റെ ചൂട് ഉളളിലേക്ക് കയറും. വായുവിന്റെ കൂടെ ആ ചൂട് വീടിനകത്തേക്കും.

നടുമുറ്റമില്ലെങ്കിലും വീടിനുളളിൽ ചെറിയ പൂന്തോട്ടം നിർമിക്കുന്നത് ശുദ്ധവായു ലഭിക്കാൻ സഹായിക്കും. തുളസി പോലുളള ചെടികൾ വളർത്തുന്നത് ആരോഗ്യപരമായും ഗുണം ചെയ്യും.

വാതിലുകളും ജനലുകളും

വതിലുകളും ജനലുകളും തടി കൊണ്ട് നിർമ്മിക്കുന്നതു തന്നെയാണ് ഏറ്റവും നല്ലത്. തടിക്കു പകരം പിവിസി, സ്റ്റീൽ എന്നിവ കൊണ്ടാണ് വാതിലുകളും ജനലുകളും അലമാരകളും ഇപ്പോൾ ഉണ്ടാക്കാറുളളത്. ഇത്തരം അലമാരകളിൽ വായുസഞ്ചാരം ഉണ്ടാകില്ല. വിയർത്ത്, ഈർപ്പമുളള തുണി വെച്ചാൽ അവയിൽ പൂപ്പൽ പിടിക്കാനുളള സാധ്യത കൂടുതലാണ്. ഈർപ്പം പൊടിച്ചെളളിന്റെ വളർച്ചയ്ക്കും കാരണമാകും.

കസേര, മേശ എന്നിവയും ഇപ്പോൾ കൃത്രിമ വസ്തുക്കൾ കൊണ്ടാണല്ലോ നിർമ്മിക്കുന്നത്. ഇവിടെയും തടി തന്നെയാണ് ഉത്തമം. പലതരം മരുന്നു തടി കൊണ്ട് നിർമ്മിച്ച കട്ടിലും കസേരകളും പണ്ടത്തെ വീടുകളില്‍ ഉണ്ടായിരുന്നു. നമ്മുടെ ആരോഗ്യത്തിന് അനുയോജ്യമായ രീതിയിൽ ഫര്‍ണിച്ചറുകളും പണികഴിപ്പിച്ചെടുക്കാം. എങ്ങനെ ഇരിക്കണം, കിടക്കണം എന്ന് ശാസ്ത്രം പറയുന്നുണ്ട്. അതിനനുസരിച്ച് ഫർണിച്ചര്‍ പണിയാം.

വീടിന്റെ ഒാരോ ഘടകവും പരിസ്ഥിതിക്കു അനുയോജ്യമായേ തിരഞ്ഞെടുക്കൂ എന്നു തീരുമാനിച്ചാൽ മതി വീട് ആരോഗ്യകരമാക്കാം.

വിവരങ്ങൾക്ക് കടപ്പാട്
ഡോ.വി മോഹനൻനായർ, തിരുവനന്തപുരം
സാജൻ പി.ബി, ജോ.ഡയറക്ടർ, കോസ്റ്റ് ഫോർഡ്