താരൻ എങ്ങനെ പ്രതിരോധിക്കാം?

ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിലും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന പൊടി പോലെയുള്ള ചെറിയ ചെതുമ്പലുമാണ് താരന്റെ ലക്ഷണം. താരനോട് അനുബന്ധിച്ച് ഉണ്ടാകുന്ന മുടി കൊഴിച്ചിലിൽ അസ്വസ്ഥരാകുന്നവരും കുറവല്ലാ. അന്തരീക്ഷ ഈർപ്പം കൂടിയ പ്രദേശങ്ങളിൽ താരന്റെ അസുഖം കൂടുതലായി കണ്ടുവരുന്നു.  

മലേ സെസിയ ഗ്രൂപ്പിൽപ്പെട്ട ഫംഗസ് ശിരോചർമ്മത്തിൽ വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ് താരൻ എന്ന രോഗത്തിന്റെ മൂലകാരണം. ഇത്തരം ഫംഗസ് വളരുമ്പോൾ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രതിപ്രവർത്തനമാണ് താരൻ ഉണ്ടാകാനുള്ള കാരണം.  

കാലാവസ്ഥ, ശിരോ ചർമ്മത്തിന്റെ സ്വഭാവം, അന്തരീക്ഷ മലിനികരണം മുതലായ കാര്യങ്ങൾ താരനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. ഇത്തരം ഘടകങ്ങളുടെ  സ്വാധീനം കൊണ്ടാണ് താരൻ ചികിൽസ കൂടുതൽ സങ്കീർണ്ണ മാകുന്നതും പലരിലും ചികിത്സാഘടനയിൽ വ്യത്യാസം ആവശ്യമായി വരുന്നതും. ഇത്തരം ഘടകങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ശാസ്ത്രീയമായ ചികിൽസ നൽകുകയാണെങ്കിൽ താരനെ പ്രതിരോധിക്കുവാൻ കഴിയും.                                   

ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം ഫംഗസുകളുടെ വളർച്ചയും അതിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനവും തടയുകയാണ് താരൻ നിയന്ത്രിക്കാനുള്ള മാർഗ്ഗം. ചർമ്മത്തിലെ കൊഴുപ്പിന്റെ സാന്നിധ്യം ഫംഗസ് വളരാൻ ഇടയാക്കും. താരനെ ചെറുക്കാൻ എണ്ണ ഉപയോഗിക്കുമ്പോൾ ശിരോചർമ്മത്തിലെ താരൻ ഇളകി എണ്ണയിൽ പറ്റിപ്പിടിക്കുന്നതിനാൽ താരൻ ശല്യം ശമിച്ചുവെന്ന് പലരും കരുതുന്നുണ്ടാവും എന്നാൽ യഥാർത്യം മറിച്ചാണ്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഫംഗസിന്റെ വ്യാപനം തടയാൻ ഷാംപു രുപത്തിലുള്ള മരുന്നുകൾ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുന്നതിനോടൊപ്പം ശിരോ ചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതും ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതും ഗുണം ചെയ്യും.  

തലയിൽ ഉണ്ടാകുന്ന എല്ലാ ചൊറിച്ചിലും താരനാണെന്നു കരുതി സ്വയം ചികിൽസ നടത്തിയാൽ ചിലപ്പോൾ മുടിയുടേയും ശിരോചർമ്മത്തിന്റെയും ആരോഗ്യത്തെ സാരമായി ബാധിക്കും. സോറിയാസിസ്, വട്ടച്ചൊറി, പേൻ, ഡിസ്കോയിഡ് ലൂപ്പസ് എറിത്തി മാറ്റോ സിസ്, ലൈക്കൻ സിബ്ലക്സ് ക്രോണിക്സ് എന്നീ അസുഖങ്ങളുടെ ലക്ഷണവും താരനോടു സാമ്യമുള്ളതാണ്. സ്റ്റിറോയിഡ് പോലുള്ള മരുന്നുകൾ ചേർത്ത എണ്ണ തലയിൽ ഉപയോഗിച്ചാൽ പിന്നിട് രോഗം മൂർച്ഛിക്കാൻ കാരണമാകും.  

ഡോ .ബൈജു. റ്റി. എസ്               .                                                      
ഡെർമ്മറ്റോളജിസ്റ്റ്                    .                                                     .
കെ .ആർ .എൻ .എം.എസ്, ഉഴവൂർ.