പഠിക്കാം, കളിക്കാം, ജീവിത വിജയം നേടാം

വെറുതെ കളിച്ചു നടന്നോ ഒന്നും പഠിക്കേണ്ട എന്ന് ഇനി കുട്ടികളോടു പറയുമ്പോൾ‌ ഒാർക്കുക. അച്ചടക്കത്തോടെ കൃത്യമായി ഒരു കളിയിൽ ശ്രദ്ധിക്കുന്നത് കുഞ്ഞുങ്ങളെ ക്ലാസ്റൂമിലെ മിടുക്കരാക്കാൻ മാത്രമല്ല സ്വഭാവരൂപീകരണത്തിലും നിർണായകമാകുമെന്ന് ഒരു പഠനം തെളിയിച്ചിരിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ഹെൽത്ത് ആൻഡ് പ്രൊമോഷനാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കളിപ്രിയരായ കുഞ്ഞുങ്ങൾക്ക് സന്തോഷം നൽകുന്ന വാർത്തയാണിതെങ്കിലും വെറുതെ കളിച്ചാൽ പോര, കളിയിലൽപം ഗൗരവം കൊടുക്കണമെന്നാണ് പഠനം പറയുന്നത്. നല്ല കായികാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ നിയമങ്ങളെ ബഹുമാനിക്കാനും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെ ആദരവോടെ സമീപിക്കുവാനും പ്രാപ്തരാകുമെന്നാണ് പഠനം നടത്തിയ കാനഡ മോൺട്രിയൽ സർവ്വകലാശാലയിലെ ലിൻഡാ പെഗാണി പറയുന്നത്. വെറുതെ കളിച്ചാല്‍ പോര കൃത്യമായ ഘടനയുള്ള കായിക ഇനത്തിൽ നിർദ്ദേശങ്ങളനുസരിച്ച് അച്ചടക്കത്തോടെ കളിച്ചാൽ കുട്ടികളുടെ നല്ല ഭാവിയിലേക്കത് ഉതകുമെന്നാണ് പഠനത്തിൻറെ അന്തിമമായ കണ്ടെത്തൽ.

1997നും 98നും ഇടയിൽ ജനിച്ച 2694 കുട്ടികളിൽ നടത്തിയ പഠനഫലത്തെ അപഗ്രഥിച്ചാണ് പെഗാനിയും സഹപ്രവർത്തകരും ഈ നിഗമനത്തിലെത്തിയത്. നഴ്സറി സ്കൂളിൽ‌ തുടങ്ങുന്ന ഈ ശീലത്തിന്റെ നല്ല വശം നാലാം ക്ലസിലും കുട്ടികളിൽ‌ നിലനിൽക്കുമെന്നാണ് ഇവരുടെ പഠനഫലം. കുട്ടികൾ‌ നഴ്സറിയിലായിരുന്ന സമയത്ത് അവരുടെ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വീട്ടിലും സ്കൂളിലുമുള്ള പെരുമാറ്റത്തെ കുറിച്ച് വിവര ശേഖരണം നടത്തി.

ഇതേ പ്രക്രിയ കുട്ടികൾ നാലാം ക്ലാസിലെത്തിയപ്പോഴും ആവർത്തിച്ചു. നഴ്സറി ക്ലാസിലായിരുന്നപ്പോൾ ശീലിച്ച കളികൾ അവരപ്പോഴും പിന്തുടരുന്നുണ്ടെന്നും അന്നത്തെ കളിശീലത്തിന്റെ നല്ലവശം അവരുടെ അച്ചടക്കത്തിൽ‌ പ്രകടമാണെന്നും രണ്ടാമത് നടത്തിയ ഫലം വ്യക്തമാക്കി. ചെറുപ്രായത്തിലെ നല്ല ശീലങ്ങൾ ജീവിതഘട്ടങ്ങളിലെ വിജയത്തെ സ്വാധീനിക്കുമെന്ന തത്വത്തിന് കൂടുതൽ‌ ബലം പകരുന്ന പഠന റിപ്പോർട്ടാണിത്.

നഴ്സറി ക്ലാസ് മുതൽ ട്യൂഷൻ നൽകി കുഞ്ഞുങ്ങളിൽ പഠന ഭാരം നിറയ്ക്കാതെ അവരെ കംപ്യൂട്ടർ ഗെയിമുകളുടെ ഉപകരണമാക്കാതെ കൃത്യമായ ചട്ടങ്ങളുള്ള കളികളിക്കൂട്ടങ്ങളിലേക്കെത്തിക്കുവാൻ അച്ഛനമ്മമാരോട് പറയുകയാണീ ലിൻഡാ പെഗാണിയുടെയും സംഘത്തിന്റെയും പഠനഫലം.