ആര്‍ത്തവവും യോഗാസനങ്ങളും

ആരോഗ്യവതിയായ പെണ്‍കുട്ടിയില്‍, 13,14,15 വയസിനുള്ളില്‍ ആര്‍ത്തവം തുടങ്ങിയിരിക്കും. 45-50 വയസിനുള്ളില്‍ ആര്‍ത്തവം നിലയ്ക്കുന്നതായാണു കണ്ടുവരുന്നത്.

ആര്‍ത്തവം വരാതിരിക്കുന്നത്

ചുരുങ്ങിയ ശതമാനം ആളുകളില്‍ മാത്രമേ ആര്‍ത്തവം സമയത്തു വരാതിരിക്കുന്നുള്ളൂ. അതിനു നിരവധി കാരണങ്ങളുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ, അമ്മ പ്രസവിക്കുമ്പോഴോ തടസങ്ങളുണ്ടായി പ്രസവസമയം നീണ്ടു പോകുന്നവരുണ്ട്. ഇങ്ങനെ ജനിച്ച കുഞ്ഞു വലുതാകുമ്പോള്‍ ആര്‍ത്തവം വരുന്നതിനു താമസം നേരിടുക സാധാരണമാണ്.

15 വയസിനിടയില്‍ നാഭീപ്രദേശത്തു കാര്യമായ ക്ഷതം ഏല്‍ക്കുക. ഗര്‍ഭകാലത്തു മാനസികപിരിമുറുക്കവും മാനസികപ്രശ്നവും, ഗര്‍ഭകാലത്തു കഴിക്കാനിടയായ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവ മൂലം ജനിക്കുന്ന കുഞ്ഞിന് ആര്‍ത്തവ കാലതാമസം വരാം. കുഞ്ഞു ജനിച്ചു 13,14,15 വയസാകും വരെ അവള്‍ക്കു കിട്ടുന്ന അമിത പോഷകമൂല്യമുള്ള ആഹാരം, ശരീരത്തിലെ മാംസപേശികള്‍ക്ക് അയവു കിട്ടാത്ത വിധമുള്ള വ്യായാമം, എന്നിവ മൂലം ആര്‍ത്തവം സമയത്തു വരാതിരിക്കാം. പെണ്‍കുട്ടിയുടെ ഒരു സ്തനം ചെറുതാണെങ്കില്‍ ഗര്‍ഭപാത്രത്തിന്റെ ആ ഭാഗത്തെ പേശിക്കു ബലക്ഷയം വരാം. ഇവരില്‍ ആര്‍ത്തവക്രമം തെറ്റിവരാം.

ആര്‍ത്തവവേളയില്‍ യോഗ ചെയ്യാമോ?

വിവിധ കാരണങ്ങള്‍ കൊണ്ടുള്ള ആര്‍ത്തവത്തകരാറുകള്‍, വേദന, വന്ധ്യത തുടങ്ങിയ പ്രശ്നമുള്ളവരില്‍ ചില യോഗാസനങ്ങള്‍ വലിയ ഗുണം ചെയ്യുന്നതായി കണ്ടു വരാറുണ്ട്. ആര്‍ത്തവവേളയില്‍ ആറുദിവസമെങ്കിലും വിശ്രമിക്കണം. എന്നാല്‍, സുഖാസനം ഈ ഘട്ടത്തിലും ചെയ്യാം. 15 യോഗാസനങ്ങളടങ്ങിയ പാക്കേജ് മറ്റു സമയങ്ങളില്‍ എല്ലാ സ്ത്രീകള്‍ക്കും ചെയ്യാവുന്നതാണ്. വന്ധ്യതയും ആര്‍ത്തവതകരാറുകളും ഉള്ളവര്‍ മണ്ഡൂകാസനം നിത്യവും ചെയ്താല്‍ നിശ്ചയമായും ഗുണം ഉണ്ടാകും.

കൂടുതല്‍ പ്രസവിക്കുന്ന ജീവിയായ തവളയുടെ ആകൃതിയില്‍ നിന്നാണ് ഈ യോഗാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

*15 യോഗാസനങ്ങള്‍ *

1 സുഖാസനം : ഇത് എല്ലാവര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. ഈ ആസനത്തില്‍ നാലു മിനിറ്റു സമയം ലഘുപ്രാണായാമം ചെയ്യുക. പ്രാണായാമം എന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ട. ലളിതമായ രീതിയില്‍ ശ്വാസം എടുക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക. മനസിനെ നിയന്ത്രിച്ചു മനസിന് ആരോഗ്യം വര്‍ധിപ്പിക്കാന്‍ പറ്റിയ വ്യായാമമാണിത്. തുടര്‍ന്നു ചെയ്യുന്ന ആസനങ്ങളില്‍ കൂടി ശരിരാരോഗ്യവും വന്നു ചേരുന്നു.

2 യോഗമുദ്ര. 3 പാര്‍ശ്വയോഗമുദ്ര. 4. ജീനുശീര്‍ഷാസനം. 5. ഊര്‍ധ്വഭുജാസനം. 6. സൂര്യാസനം. 7. വജ്രാസനം. 8. ശവാസനം. 9. മണ്ഡുകാസനം എന്നിവ ക്രമമായി ഇരുന്നു കൊണ്ടു ചെയ്യുക.

10 ഏകപാദപവനമുക്താസനം. 11. പവനമുക്താസനം ഇവ മലര്‍ന്നു കിടന്നു ചെയ്യേണ്ടവയാണ്. (5 ശ്വാസോഛ്വാസം വീതം). 12. ശയന ത്രികോണാസനം- ചരിഞ്ഞു കിടന്നു ചെയ്യുന്നത് (5 ശ്വസനം). 13. ബുജംഗാസനം - 5 (ശ്വാസോഛ്വാസം)- കമിഴ്ന്നു കിടന്നു ചെയ്യുന്നവ. (14. അര്‍ധശലഭാസനം - (5 ശ്വാസോഛ്വാസം)- കമിഴ്ന്നു തന്നെ ചെയ്യുന്നത്.

  1. ശവാസനം : മലര്‍ന്നു കിടന്നു 5 മിനിറ്റ് മുതല്‍ 10 മിനിറ്റും അതില്‍ കൂടുതല്‍ അവരവരുടെ സമയത്തിനനുസരിച്ചു ചെയ്യാവുന്നതാണ്. ശരീരം തളര്‍ത്തിയിട്ടു സ്വന്തം മാതാവിനെ മനസില്‍ കണ്ടുകൊണ്ടു കിടക്കുക. ശവാസനത്തിന്റെ ഗുണം ആര്‍ക്കും പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതാണ്. അനുഭവിച്ച് അറിയുക തന്നെ വേണം. മാനസികാസ്വസ്ഥത, രക്തസമ്മര്‍ദം എന്നിവയ്ക്ക് ഏറെ ഗുണം ചെയ്യും.

മണ്ഡൂകാസനം

യോഗാസനങ്ങളില്‍ ഏറെ ശ്രേഷ്ഠമാണു മണ്ഡൂകാസനം. വജ്രാസനത്തില്‍ ഇരുന്നിട്ടേ മണ്ഡൂകാസനം ചെയ്യാന്‍ കഴിയൂ. ആദ്യം വജ്രാസനത്തെ അറിയാം. രണ്ടു കാലുകളും പിറകോട്ടു മടക്കി കാലിന്റെ പെരുവിരലുകള്‍ തമ്മില്‍ തൊടുവിക്കുക. അതിനു ശേഷം ഉപ്പൂറ്റി അകറ്റി അതിനിടയില്‍ പൃഷ്ഠം വരത്തക്കവിധം നട്ടെല്ലു നിവര്‍ത്തി ഇരിക്കുക.

കൈമുട്ടുകള്‍ നിവര്‍ത്തി കാല്‍മുട്ടില്‍ കൈപ്പത്തികൊണ്ടു പിടിക്കുക- ഇങ്ങനെ വജ്രാസനത്തിലിരിക്കാം.

വജ്രാസനത്തില്‍ ഇരുന്നശേഷം കാല്‍മുട്ടുകള്‍ അകറ്റിവച്ച് ശ്വാസം വിട്ടു കൊണ്ടു മുമ്പോട്ടു കുനിയുക. തുടര്‍ന്നു നെഞ്ച് കാല്‍മുട്ടുകളുടെ ഇടയില്‍ നിലത്തു തൊടത്തക്കവിധം ഇരിക്കുക. കൈമുട്ടുകള്‍ അകറ്റി വച്ചിട്ടുള്ള കാല്‍മുട്ടുകളില്‍ മുട്ടിച്ചു വച്ച്, കൈപ്പത്തികള്‍ നിലത്തു പതിയത്തക്കവിധം കമിഴ്ത്തിവയ്ക്കുക. തുടര്‍ന്ന് താടി നിലത്തു മുട്ടിച്ചു മുമ്പോട്ടു നോക്കി സാവധാനം ശ്വാസോഛ്വാസം ചെയ്തുകൊണ്ടിരിക്കുക.

മണ്ഡൂകാസനം സ്ത്രീകള്‍ക്കു വളരെ ഫലപ്രദമാണ്. ഈ യോഗാവ്യായാമത്തിലൂടെ ഗര്‍ഭപാത്രത്തിനു നല്ല വ്യായാമം ലഭിക്കുന്നു.

ഈ സമയത്തു ഗര്‍ഭപാത്രത്തിന്റെ സങ്കോചം വികാസം കൂടുകയും വാല്‍വുകള്‍ നല്ലതുപോലെ അടയുകയും തുറക്കുകയും ചെയ്യുന്നു. അതുമൂലം ആര്‍ത്തവസമയത്തു ഗര്‍ഭപാത്രത്തിലെ ദുഷിച്ച രക്തവും മറ്റും പുറത്തു പോകുന്നു. അങ്ങനെ ആര്‍ത്തവക്രമം ശരിയാകുന്നു.

ആര്‍ത്തവസമയത്തുണ്ടാകുന്ന നടുവേദന, വയറുവേദന, ക്ഷീണം എന്നിവ മാറുന്നതിനും ഇതു സഹായിക്കും. ആര്‍ത്തകാലത്തും ഗര്‍ഭധാരണം കഴിഞ്ഞു മൂന്നുമാസത്തിനു ശേഷവും ഇതു ചെയ്യാന്‍ പാടില്ല.

ശ്രദ്ധിക്കാന്‍ ആര്‍ത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഉണക്കമുന്തിരി (കിസ്മിസ്) കഴിച്ചു തുടങ്ങാം. രാത്രി കിടക്കാന്‍ നേരം 30 എണ്ണം കഴുകിയെടുത്തു രണ്ടു വീതം ചവച്ചരച്ചു കഴിക്കുക. മുരിങ്ങക്കായയുടെ കുരു വേവിച്ചതു ധാരാളം കഴിക്കുന്നതും ഈ കാലഘട്ടില്‍ ഗുണം ചെയ്യും. ഇവ രക്തവര്‍ധനവിനും അണ്ഡോത്പാദനത്തിനും നല്ലതാണ്.

_തയാറാക്കിയത് : സുനില വൈ എന്‍ (യോഗാചാര്യ ബാലകൃഷ്ണന്‍ കിടാവിന്റെ മകള്‍) യോഗനിലയം. പനങ്ങാട് ബാലുശേരി കോഴിക്കോട്._