യോഗ ചെയ്യുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ

കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാനാകുന്ന ലളിതമായ ആസനങ്ങളും യോഗയിലുണ്ട്. അതിനാൽത്തന്നെ യോഗ പ​ഠിപ്പിക്കുന്ന ഡിവിഡിയും പുസ്തകവുമൊക്കെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ യോഗ പഠിക്കുന്നവർ സാധാരണ വരുത്തുന്ന ചില തെറ്റുകൾ നോക്കാം.

ആദ്യം തന്നെ മയൂരാസനം

രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം. ആദ്യ ദിവസംതന്നെ ഇത്തരത്തിലുള്ളത് പരീക്ഷിച്ചാൽ മൂക്കുംകുത്തി വീഴുകയാകും ഫലം. തുടക്കത്തിൽ‌ത്തന്നെ ഇത്തരം വിഷമമേറിയ ആസനങ്ങളിലേക്ക് പോകാതെ ലളിതമായവ തു‌ടങ്ങുക.

യോഗയും വസ്ത്രവും

ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസോച്ഛാസം ശരിയായ രീതിയില്‍ ചെയ്യുന്നതിനും ശരീരം വഴങ്ങിക്കിട്ടാനും വസ്ത്രധാരണം ശരീരത്തിന് യോഗിച്ചതാവണം. അയഞ്ഞതോ അമിതമായി ഇറുകിയതോ ആവാതിരിക്കാൻ ശ്രദ്ധിക്കുക.

നിന്നിലേക്ക് മ‌ടങ്ങുക

ഓരോത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജിച്ച യോഗയാവും ഓരോത്തർക്കും ചേരുക. പ​ഠിച്ചെ‌‌ടുക്കുന്ന രീതിക്കും പ്രയോഗത്തിനും വ്യത്യാസം കാണും. ആരെയും കുറ്റപ്പെ‌ടുത്താനോ ഏതെങ്കിലും ആസനം ചെയ്യാനാവുന്നില്ലെന്ന് കരുതി സ്വയം വിമർശിക്കേണ്ടതോ ഇല്ല.

ശവാസനത്തിൽ ഉറക്കം

ചില ആസനങ്ങളിൽ ധ്യാനാവസ്ഥയിലെത്തുന്നവരുണ്ട്. പക്ഷേ കൂർക്കം വലിച്ച് ഉറക്കമാകരുത്. ഭക്ഷണം വാരിവലിച്ച് കഴിച്ച് നിറഞ്ഞ വയറുമായിപ്പോയാൽ ആദ്യമേതന്നെ ശവാസനത്തിലേക്ക് കിടക്കുന്നതാകും ഉചിതം.