ആർക്കിടെക്ടിനോട് സംസാരിക്കുമ്പോൾ

കല്ലും സിമന്റും കൊണ്ട് വീട് കെട്ടിപ്പൊക്കാൻ ആർക്കും സാധിക്കും. പക്ഷേ പണിയുന്ന നിർമിതികൾക്ക് ജീവൻ നൽകുന്നയാളാണ് യഥാർത്ഥ ആർക്കിടെക്ട്. ആർക്കിടെക്ടിനെ വയ്ക്കുന്നതൊക്കെ അധികചിലവല്ലേ എന്നാണ് പലരും വിചാരിക്കുന്നത്. നാൽപതും അൻപതും ലക്ഷം ചെലവഴിച്ച് സ്വപ്നഗൃഹം പണിയുമ്പോൾ ഒന്നോ രണ്ടോ ലക്ഷം രൂപ അതിന്റെ മികവിന്റെ പൂർണതയ്ക്കായി ചെലവഴിക്കുന്നത് ഒരിക്കലും അധികചെലവല്ല എന്നുമാത്രമല്ല സുരക്ഷിതമായ ഒരു ദീർഘകാല നിക്ഷേപവുമായിരിക്കും. ഇതിനു വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സഹകരണം പ്രധാനമാണ്.

വീട്ടുകാരും ആർക്കിടെക്ടും തമ്മിലുള്ള  തുറന്ന ആശയവിനിമയം വീടുപണിയിൽ അത്യാവശ്യമാണ്. വീട് പണിയാൻ ആഗ്രഹിക്കുന്ന ഭൂമിയുടെ സവിശേഷതകൾ, കുടുംബാംഗങ്ങളുടെ അഭിരുചികൾ, താല്പര്യങ്ങൾ, ആവശ്യങ്ങൾ ഇതെല്ലാം ഉൾക്കൊണ്ടാണ് ആർക്കിടെക്ട് പ്ലാൻ വരയ്ക്കുക. കുടുംബത്തിലെ കുട്ടികളുടെയും അഭിപ്രായ രൂപീകരണത്തിൽ പങ്കാളികളാക്കണം.

കന്റെംപ്രറി, ട്രഡീഷണൽ, കൊളോണിയൽ, ഫ്യൂഷൻ എന്നിങ്ങനെ നിരവധി ഡിസൈൻ ശൈലികളുണ്ട്. വീടിന്റെ പുറംകാഴ്ച എങ്ങനെവേണം എന്ന കാര്യത്തിൽ ആദ്യം ഒരു തീരുമാനത്തിലെത്തണം. 

നിങ്ങൾ വീടുപണിയാൻ തിരഞ്ഞെടുക്കുന്ന ഭൂമിയുടെ സാധ്യതകളും പരിമിതിയും അനുസരിച്ച് എന്തൊക്കെ സൗകര്യങ്ങൾ വീട്ടിൽ വേണമെന്ന് ഒരു ധാരണ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, സോളർ പാനലുകൾ എന്നിവയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം.

വീടുപണിയാൻ ആർക്കിടെക്ടിനെ തിരഞ്ഞെടുക്കും മുൻപ് അയാളുടെ വിശ്വാസ്യതയും അനുഭവസമ്പത്തും ഉറപ്പുവരുത്തുക. അയാൾ ഇതിനുമുൻപ് ചെയ്ത പ്രോജക്ടുകൾ സന്ദർശിക്കുന്നത് ഉപകരിക്കും.

വീടിന്റെ രൂപരേഖ തയാറാക്കുമ്പോൾ

ഒറ്റയടിക്ക് തയ്യാറാക്കാവുന്ന ഒന്നല്ല വീടിന്റെ രൂപരേഖ. ആർക്കിടെക്ടും ക്ലയന്റും പലതവണ ഒരുമിച്ചിരുന്നു വേണ്ട ഭേദഗതികൾ വരുത്തിയാണ് വീടിന്റെ രൂപരേഖ തയാറാക്കുന്നത്.

ഇതിനൊരു രീതിയുണ്ട്. ആദ്യം ഗ്രൗണ്ട് ഫ്ലോർ പ്ലാൻ ചെയ്യും, അതിനുശേഷം ഫസ്റ്റ് ഫ്ലോർ...പിന്നീടാണ് വീടിന്റെ എലിവേഷൻ തയാറാക്കുക. ഇതിനൊരു രീതിയുണ്ട്. ആദ്യം ഗ്രൗണ്ട് ഫ്ലോർ പ്ലാൻ ചെയ്യും, അതിനുശേഷം ഫസ്റ്റ് ഫ്ലോർ...പിന്നീടാണ് വീടിന്റെ എലിവേഷൻ തയാറാക്കുക. ഇതിനുവേഷം വീടിന്റെ 3 ഡി രൂപരേഖ തയാറാക്കും. ഫൗണ്ടേഷൻ, ലിന്റൽ, സ്ളാബ്, സ്റ്റെയർകെയ്സ് തുടങ്ങിയവയുടെ രൂപരേഖ നൽകുന്നത് സ്ട്രക്ച്ചറൽ എൻജിനീയറാണ്. 3 ഡി രൂപരേഖ തയാറാക്കുന്നതിന് സമാന്തരമായി ഡീറ്റെയിൽഡ് ഡ്രോയിങ് സ്ട്രക്ച്ചറൽ എഞ്ചിനീയർക്ക് നൽകും. ഇതുകൂടാതെ സോയിൽ ടെസ്റ്റ് നടത്തി ഏതുവിധത്തിലുള്ള പൈലിങ് നൽകണമെന്നും തീരുമാനിക്കും. 

വീട് പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലാണ് നിർമാണ അനുമതിക്കായി പ്ലാൻ സമർപ്പിക്കേണ്ടത്. സമർപ്പിക്കുന്ന പ്ലാനിന്റെ കൃത്യതയും ഭൂമിയുടെ സവിശേഷതയും അനുസരിച്ച് അനുമതി ലഭിക്കുന്ന ദിവസങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. പൈലിങ്ങും അടിത്തറയും നിർമിച്ചതിനുശേഷം കട്ടിള വയ്പ്പാണ് പിന്നീടുള്ള പ്രധാന നാഴികക്കല്ല്.

ഭിത്തികളും ചുവരുകളും നിർമിക്കുന്നതിന് മുൻപുതന്നെ മുഴുവൻ ഇലക്ട്രിക്കൽ ഡ്രോയിങ്ങും തയാറാക്കേണ്ടതാണ്. ഈ ഘട്ടത്തിൽ തന്നെ പ്ലംബിങ് ഡ്രോയിങ്ങുകളും തയാറാക്കണം. പിന്നീട് പണി വേഗത്തിൽ പുരോഗമിക്കും. ഭിത്തികളുടെ പ്ലാസ്റ്ററിങ്ങിനു മുൻപേ ഫർണിഷിങ്ങിനായി എത്ര തുക ചെലവഴിക്കാം എന്നൊരു ധാരണ ഉള്ളിൽ രൂപപ്പെടുത്തണം. ഇതനുസരിച്ച് വേണം ഫ്ളോറിങ് സാമഗ്രികൾ, സാനിറ്ററി ഫിറ്റിങ്സ്, ഫോസറ്റ്,  ബാത്റൂം, ഫ്ലോർ ടൈൽസ്, ഫർണിച്ചറുകൾ തുടങ്ങിയവയെല്ലാം തിരഞ്ഞെടുക്കാൻ. ഇവ ഒരുമിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ നല്ലൊരു തുക ലഭിക്കാൻ സാധിക്കും. 

ആർക്കിടെക്ട് സിന്ധു വി

1992 ൽ ബി ആർക് പൂർത്തിയാക്കി. യു കെയിൽ നിന്നും കമേഴ്‌സ്യൽ ഇന്റീരിയറിൽ ഉപരിപഠനം പൂർത്തിയാക്കി. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിന്ധു വി ടെക് എന്ന സ്ഥാപനത്തിന്റെ മേധാവി. നിരവധി വീടുകളുടെ നിർമാണവും ഡിസൈനും നിർവഹിച്ചു. ഇപ്പോൾ വീടുകൾക്കൊപ്പം കമേഴ്‌സ്യൽ പ്രോജക്ടും നിർമിച്ചു നൽകുന്നു.

email- cinduvtech@gmail.com

Mob- 8606460404