ഇരുമുഖൻ വീട്, സർപ്രൈസുകൾ നിരവധി; വിഡിയോ

ഷാറ്റൺ എന്ന വീട്. ഈ ജർമ്മൻ വാക്കിനർഥം തണൽ എന്നാണ്. ഈ പേര് അന്വർഥമാക്കും വിധംതന്നെയാണ് വീടിന്റെ ഡിസൈൻ.

ആശയത്തിലും നിർമാണത്തിലും വ്യത്യസ്ത കൈവരിച്ച ഒരു നിർമിതിയാണ് കണ്ണൂർ ജില്ലയിലെ താഴെചൊവ്വെയിലുള്ള രാംഗോപാലിന്റേയും ഹിതയുടേയും ഷാറ്റൺ എന്ന വീട്. ഈ ജർമ്മൻ വാക്കിനർഥം തണൽ എന്നാണ്. ഈ പേര് അന്വർഥമാക്കും വിധംതന്നെയാണ് വീടിന്റെ ഡിസൈൻ.  പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങുന്ന ഡിസൈൻ. കളർ കോമ്പിനേഷകളിലും മെറ്റീരിയലുകളിലും വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. 

തരിശായിട്ട് കിടന്നിരുന്ന ഒരു പ്ളോട്ടായിരുന്നു ഇത്. ഇപ്പോൾ പച്ചപ്പിന്റെ തണലാണ് വീടിനു ചുറ്റും. ബാക്കിയുള്ള ചെറിയ സ്ഥലം മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്തിരിക്കുന്നു. ചെറിയൊരു ആമ്പൽകുളവും സിറ്റിങ് സ്പെയ്സും, ജലധാരയുമൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു.

ട്രോപ്പിക്കൽ മോഡേൺ ശൈലിയിലുള്ള ഈ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത് ആർക്കിടെക്ട് വിപിനും ഇന്റീരിയർ ഡിസൈനർ രാംഗോപാലുമാണ്. ഡിസൈനിലെ സസ്പെൻസ് ഈ വീടിനു രണ്ടു മുഖങ്ങൾ നൽകിയിരിക്കുന്നു എന്നതാണ്. മുൻവശത്ത് നിന്നും പിൻവശത്തു നിന്നും വളരെ വ്യത്യസ്തമായ മുഖങ്ങളാണ് വീടിന് നൽകിയിരിക്കുന്നത്. 

ഭിത്തികളിലെ  വ്യത്യസ്തനിറങ്ങളാണ് അകത്തളത്തെ ശ്രദ്ധേയമാക്കുന്നത്. ഫോർമൽ ലിവിങ്ങിലടക്കം ഈ വ്യത്യസ്തത കാണാം. സ്വാഭാവിക പ്രകാശത്തെ അരിച്ചെടുത്ത് അകത്തേക്കെത്തിക്കുംവിധം ഡബിൾ ഹൈറ്റിൽ പർഗോള കൊണ്ടുള്ള ഓപ്പണിങ് നൽകിയിരിക്കുന്നു. പൊസിറ്റീവ് എനർജി നിറഞ്ഞുതുളുമ്പുന്ന പൂജാമുറിയും മുകൾനിലയിൽ ഒരുക്കിയിരിക്കുന്നു.  

വളരെ വ്യത്യസ്തമായ ഒരു കാർപാർക്കിങ് സ്ഥലവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതിനു സോളിഡ് മേൽക്കൂര ഇല്ല. ഒരു മെറ്റൽ ഫ്രെയിം വർക്കിൽ പാഷൻ ഫ്രൂട്ടിന്റെ വള്ളികൾ പടർത്തിയാണ് പ്രകൃതിദത്ത മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ലാൻഡ്സ്കേപ്പിൽ ഫ്ലോറിങ്ങിനു കടപ്പ സ്റ്റോണും അകത്തളത്തിൽ ലപ്പോത്ര ഗ്രാനൈറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.

മഡ് പ്ലാസ്റ്ററിങ് ശൈലിയിൽ സിമന്റ് ഉപയോഗിച്ചാണ് ഭിത്തികൾ നിർമിച്ചത്. ചുരുക്കത്തിൽ ഏറെ പ്രത്യേകതകളുള്ള ഈ വീട് ഏവരുടേയും മനംകവരുമെന്നതിൽ തർക്കമില്ല.