കണ്ണിന് പിടി കൊടുക്കാത്ത വീട്! 4 സെന്റിൽ നിറയെ സൗകര്യങ്ങൾ

plot-based-home-kannur
SHARE

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വിശാലമായ പുരയിടത്തിലെ വീട്ടിൽനിന്നു ജോണി ജോർജ് കോഴിക്കോട്ട് എത്തിയത് ബിസിനസ് ആവശ്യങ്ങൾക്കാണ്. ഇരിട്ടിക്കാരിതന്നെയായ ഭാര്യ മായയും മകൾ മീവലും ഉൾപ്പെട്ട ‘പുതുപ്പറമ്പിൽ’ വീട് 1670 ചതുരശ്ര അടിയിൽ (ടെറസ് ഒഴികെ) ഒരുക്കിയിരിക്കുന്നത് കോഴിക്കോട് ചേവായൂരിൽ മുത്തപ്പൻപാറയിലെ 4 സെന്റോളം വരുന്ന സ്ഥലത്താണ്.

ഉയർന്നും താഴ്ന്നുമായി നീളത്തിലുള്ള ഇടുങ്ങിയ സ്ഥലത്ത് ഒരു വീടു വയ്ക്കാനാകുമോ എന്ന ആശങ്കമൂലം വീട് എന്ന മോഹം ആദ്യം ഉപേക്ഷിച്ചിരുന്നു. വീണ്ടും കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെയാകാം വീട് എന്ന ചിന്തയിലെത്തി. കുറച്ചുഭാഗത്തെ മണ്ണെടുത്തുമാറ്റി ഭൂമിയുടെ ഘടനയ്ക്കനുസരിച്ചാണ് വീടൊരുക്കിയത്. താഴെഭാഗത്ത് റീട്ടെയ്നിങ് ഭിത്തിയും നിർമിച്ചു. 

പുറമേനിന്നു കാണുമ്പോൾ ഒരു ഒറ്റനില വീട്. വീട്ടിലേക്ക് ആദ്യമെത്തുന്നവർക്കു പിടികൊടുക്കാതെ ഒരു നില താഴേക്കുണ്ട്. ആകെ 3 അറ്റാച്ഡ് കിടപ്പുമുറികൾ. പാതയുടെ നിരപ്പിൽനിന്നാണു വീട്ടിലേക്കു പ്രവേശിക്കുന്നത്. ആ നിലയിൽ 2 കിടപ്പുമുറികളും അതിഥികൾക്കുള്ള ലിവിങ് ഏരിയയും പ്രാർഥനാ ഇടവുമാണ്. ഇവിടെ വെളിച്ചം കിട്ടാൻ വലിയ തുറന്ന ഭാഗങ്ങൾ നൽകി, ടഫൻഡ് ഗ്ലാസ് കൊണ്ടു മറച്ചു. ആ നിലയിൽനിന്നു താഴേക്കിറങ്ങിയെത്തുന്ന ഇടമാണ് കുടുംബം ഒത്തുകൂടുന്ന സ്ഥലം. വീട്ടുകാരുടെയെല്ലാം ഇഷ്ടയിടവും ഇതുതന്നെ. 

plot-based-home-interior

ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, അതിനോടു ചേർന്നൊരു ബ്രേക്ഫാസ്റ്റ് കൗണ്ടർ, വർക് ഏരിയ, ചെറിയൊരു പാഷ്യോ എന്നിവയെല്ലാം ഇവിടെയാണ്. കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ കിടപ്പുമുറി ഒരുവശത്താണിവിടെ. 2017ൽ നിർമാണം പൂർത്തിയാക്കി താമസം തുടങ്ങി. 

നാട്ടിലെ പച്ചപ്പിൽ മുങ്ങിപ്പൊങ്ങി ജീവിച്ച ഇരുവർക്കും വീട്ടിലും കുറച്ചു ചെടികൾവേണം എന്നു തോന്നി. അങ്ങനെയാണ് ടെറസിൽ ഒരു കിടുക്കൻ പൂന്തോട്ടം ഒരുക്കിയത്. ഇവിടെ മേൽക്കൂര പോളികാർബണേറ്റ് ഷീറ്റുകൊണ്ടാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾ‌ക്കുമൊപ്പം ആഘോഷ പരിപാടികളുമായി കൂടിച്ചേരാൻ ഈ സ്ഥലം ഉപയോഗിക്കുന്നു. 

plot-based-home-garden

സാധാരണ രീതിയിൽ നിർമിച്ചാൽ മുറ്റവും യൂട്ടിലിറ്റി യാർഡും തീരെയില്ലാതെ ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന പോലെയാകുമായിരുന്നു. വെന്റിലേഷൻ സാധ്യതയായിരുന്നു മറ്റൊരു പ്രശ്നം. സാധാരണ രീതിയിൽ 2 നിലയിൽ ആയി നിർമിച്ചാൽ വീട്ടുകാരും അതൊരു സാധാരണ വീട് മാത്രമായിക്കാണും. അത്രകണ്ടു സന്തോഷം തോന്നണമെന്നുമില്ല. താഴെ നിലയിൽ കഴിയുന്നതും ഓപ്പൺ സ്പേസ് ആയാണ് പ്ലാൻ ചെയ്തത്. ഇവിടെ ഭിത്തികൾകൊണ്ട് അധികം വേർതിരിച്ചിട്ടില്ല. ഒരു വലിയ മുറി ആയാണ് തോന്നുക. ഫർണിച്ചർ ഇട്ടിരിക്കുന്ന രീതികൊണ്ടാണ് സ്ഥലങ്ങൾ വേർതിരിച്ചത്.

മുകൾനിലയിലേക്കാണല്ലൊ അതിഥികൾ എത്തുന്നത്. താഴെ വീട്ടുകാരുടെ സ്വകാര്യതയ്ക്ക് അതൊരു പ്രശ്നമാകുന്നുമില്ല. സ്ഥലപരിമിതി എന്ന പ്രശ്നം ഇവിടെ സാധ്യതകളാക്കി മാറ്റുകയാണു ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA