ആരുമൊന്നു നോക്കിപ്പോകും ഈ വീടിനെ; കാരണം...

ഗുരുവായൂരിനടുത്ത് മമ്മിയൂർ എന്ന സ്ഥലത്താണ് ജോസിന്റെ വീട്. പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായ കാഴ്ച നൽകുന്നതായിരിക്കണം തന്റെ വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഒരാഗ്രഹം. അതുകൊണ്ട് വിക്ടോറിയൻ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കൃത്യമായ ആകൃതിയില്ലാതെ കിടക്കുന്ന 11.75 സെന്റിലാണ് വീട് പണിതത്. 3000 ചതുരശ്രയടി വിസ്തീർണമുണ്ട്. കടുംനിറങ്ങൾ നൽകാതെ വെള്ള നിറമാണ് വീട്ടിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ഷിംഗിൾസാണ് ഓടിനു പകരം ഉപയോഗിച്ചിരിക്കുന്നത്.

കാറ്റിനും വെളിച്ചത്തിനും സ്വാഗതമോതുന്ന ക്രമീകരണങ്ങളാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത. നടുമുറ്റം, ഗോവണിയുടെ വശത്തുള്ള വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ, ഗ്ലാസ് ജനാലകൾ എന്നിവയെല്ലാം കാറ്റിനെയും വെളിച്ചത്തെയും സുഗമമായി സ്വീകരിക്കുന്നു. മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ വീടിനുള്ളിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. വാതിൽ തുറന്നകത്തു കയറുമ്പോൾ നീണ്ട ഇടനാഴിയാണ്.

വീടിന്റെ ശ്രദ്ധാകേന്ദ്രം നടുമുറ്റമാണ്. ഡബിൾ ഹൈറ്റിലുള്ള നടുമുറ്റം പെബിളുകളും ചെടിയും കൊണ്ട് നടുമുറ്റം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. സീലിങ്ങിലെ പർഗോളയെ ഒരു അലങ്കാരമാക്കി മാറ്റുകയും ചെയ്തു. ക്ലാഡിങ് സ്‌റ്റോൺ നൽകി ഭിത്തികൾ വേർതിരിച്ചതും ശ്രദ്ധേയമാണ്.  സ്വീകരണമുറിയുടെ വശത്തായും സ്‌റ്റോൺ ക്ലാഡിങ് നൽകി സൈഡ് കോർട്യാർഡ് നൽകിയിട്ടുണ്ട്.

നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. ഇതിനു സമീപം ഗ്ലാസ് ക്രോക്കറി ഷെൽഫും നൽകിയിട്ടുണ്ട്.

സ്ഥലം പാഴാക്കാതെ ഒറ്റ ലാൻഡിങ്ങിൽ തീർത്ത ഗോവണി ആകർഷകമാണ്. ഇതിനു താഴെ വാഷ് ഏരിയയും ക്രമീകരിച്ചു. പ്ലൈവുഡ് പാനലിങ്ങാണ് ഈ ഭാഗത്തെ ഭിത്തിയെ ഹൈലൈറ്റ് ചെയ്യുന്നത്. ടിവി ഏരിയയും ഫാമിലി ലിവിങും ഇവിടെ ക്രമീകരിച്ചു. സ്‌റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. മാർബിളാണ് നിലത്തു വിരിച്ചിരിക്കുന്നത്. അപ്പർ ലിവിങ് പിങ്ക് ഹൈലൈറ്റർ നിറം നൽകി വേർതിരിച്ചു. ഇവിടെ ടിവി പാനൽ നൽകി.

താഴത്തെ നിലയിൽ ഒന്നും മുകൾനിലയിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. ലളിതമാണ് കിടപ്പുമുറികൾ. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി വോൾ ടു സീലിങ് വാഡ്രോബുകൾ നൽകിയിട്ടുണ്ട്. ഒരു മുറിയുടെ ഹെഡ്ബോർഡിൽ പാനൽ നൽകി ടിവി യൂണിറ്റും നൽകി. 

മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. വീടിന്റെ വെള്ളനിറത്തിനെ ഹൈലൈറ്റ് ചെയ്യുംവിധം വാം ടോൺ ലൈറ്റുകൾ നൽകിയിരിക്കുന്നു.

രാത്രിയിൽ വിളക്കുകൾ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. കൊളോണിയൽ ശൈലി നൽകുന്ന പുറംകാഴ്ചയുടെ പുതുമയ്‌ക്കൊപ്പം ലളിതമായ സൗകര്യങ്ങൾ കൂടി ചേരുന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location- Mammiyoor, Thrissur

Area- 3000

Plot- 11.75 cents

Owner- Jose

Designer- Anil Anto

Designers Group, Thrissur

Mob- 9847286237